'ഞങ്ങൾ ഒന്നിച്ചു, ഇതൊരു ട്രയിലര്‍ മാത്രം': രാജ് താക്കറെയുമായുള്ള പുനഃസമാഗമത്തെക്കുറിച്ച് ഉദ്ധവ്
ഒരുമിച്ച് നിൽക്കാൻ വേണ്ടിയാണ് ഞങ്ങൾ ഒന്നിച്ചതെന്ന് ശിവസേന യുബിടി വിഭാഗം മേധാവി ഉദ്ധവ് താക്കറെ പറഞ്ഞു

മുംബൈ: നീണ്ട 20 വര്‍ഷത്തിന് ശേഷം താക്കറെ സഹോദരൻമാര്‍ ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടത് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയൊരു ചുവടുവെപ്പായിട്ടാണ് കാണുന്നത്. ഒരുമിച്ച് നിൽക്കാൻ വേണ്ടിയാണ് ഞങ്ങൾ ഒന്നിച്ചതെന്ന് ശിവസേന യുബിടി വിഭാഗം മേധാവി ഉദ്ധവ് താക്കറെ പറഞ്ഞു.
"ഒരുമിച്ചു നിൽക്കാൻ ഞങ്ങൾ ഒന്നിച്ചു... മറാത്തിയെ സംരക്ഷിക്കാൻ ഞങ്ങൾ ഒന്നിച്ചു.ഞങ്ങൾ ഒന്നിച്ചു വരുന്നത് വെറുമൊരു ട്രെയിലർ മാത്രമാണെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഇത് ഒരു തുടക്കം മാത്രമാണ് " വിജയാഘോഷത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു. "ഞാനും രാജ് താക്കറെയും മുംബൈ മുനിസിപ്പൽ ബോഡിയിലും മഹാരാഷ്ട്രയിലും അധികാരം പിടിച്ചെടുക്കും." മുംബൈയിലെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ച് പരാമർശിക്കവേ, താക്കറെ ആത്മവിശ്വാസത്തോടെ കൂട്ടിച്ചേര്‍ത്തു.
"എന്‍റെ മഹാരാഷ്ട്ര ഏതൊരു രാഷ്ട്രീയത്തെക്കാളും പോരാട്ടത്തെക്കാളും വലുതാണെന്ന് ഞാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഇന്ന്, 20 വർഷങ്ങൾക്ക് ശേഷം, ഉദ്ധവും ഞാനും ഒന്നിച്ചു. ബാലാസാഹേബിന് ചെയ്യാൻ കഴിയാത്തത്, ദേവേന്ദ്ര ഫഡ്‌നാവിസ് ചെയ്തു... ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കൊണ്ടുവന്നു'' എന്നായിരുന്നു എംഎൻഎസ് തലവൻ രാജ് താക്കറെയുടെ പ്രതികരണം. മഹാരാഷ്ട്ര സർക്കാർ പ്രൈമറി സ്കൂളുകളിൽ നിന്ന് ഹിന്ദി ഭാഷാ നയം പിൻവലിച്ചതിനെത്തുടർന്ന് നടത്തുന്ന മെഗാ വിജയ സമ്മേളനത്തിലാണ് ഇരുവരും തോളോട് തോൾ ചേര്‍ന്നത്.
മറാത്തി ഐക്യത്തിന്‍റെ വിജയം ആഘോഷിക്കുന്നതിനായി ഇരു പാർട്ടികളും വോർലിയിലെ എൻഎസ്‌സിഐ ഡോമിലാണ് റാലി സംഘടിപ്പിച്ചത്. മഹാരാഷ്ട്രയുടെ മാറിവരുന്ന രാഷ്ട്രീയ ഭൂപ്രകൃതിയിൽ ഒരു പ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തിയ പരിപാടിയിൽ ആയിരക്കണക്കിന് മറാത്തി പ്രേമികൾ, എഴുത്തുകാർ, കവികൾ, ഇരു പാർട്ടികളുടെയും അനുയായികൾ എന്നിവരും പങ്കെടുത്തു.
Adjust Story Font
16

