Quantcast

കണ്ണിന് പരിക്കേറ്റത് 300ലേറെ പേർക്ക്; എന്താണ് മധ്യപ്രദേശിൽ ദീപാവലി ആഘോഷം ദുരന്തമാക്കിയ കാർബൈഡ് ഗൺ? വില്ലനായതെങ്ങനെ?

കുരങ്ങുകളെയും പക്ഷികളേയും ഭയപ്പെടുത്താൻ കർഷകർ ഉപയോഗിക്കുന്ന തോക്കുകളാണ് ആഘോഷത്തിനായി ഉപയോ​ഗിച്ചതും പരിക്കിന് കാരണമായതും.

MediaOne Logo

Web Desk

  • Updated:

    2025-10-24 15:11:10.0

Published:

24 Oct 2025 8:40 PM IST

what are carbide guns diwali celebrations leave 300 injured in MP
X

ഭോപ്പാൽ: ആഘോഷ നിമിഷങ്ങൾ ദുരന്തമായി മാറുന്ന കാഴ്ച പുതിയതല്ല. അത്തരമൊരു ദുരന്ത സാഹചര്യത്തിനാണ് ഈ ദീപാവലി ദിനത്തിൽ മധ്യപ്രദേശ് സാക്ഷിയായത്. ആഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ച കാർബൈഡ് ഗൺ ആണ് അവിടെ വില്ലനായത്. നിരവധി കുട്ടികൾക്കാണ് കാഴ്ച നഷ്ടമായത്. കുട്ടികളടക്കം 300ലേറെ പേരാണ് കണ്ണിന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 30 പേരുടെ നില ​ഗു​രുതരമാണെന്നും കാഴ്ച നഷ്ടമപ്പെടാനുള്ള സാധ്യത കൂടുതലാണെന്നുമാണ് റിപ്പോർട്ടുകൾ. കുരങ്ങുകളെയും പക്ഷികളേയും ഭയപ്പെടുത്താൻ കർഷകർ ഉപയോഗിക്കുന്ന കാർബൈഡ് തോക്കുകളാണ് ആഘോഷത്തിനായി ഉപയോ​ഗിച്ചതും പരിക്കിന് കാരണമായതും.

ആസിഡ്, ആൽക്കലിപരമായ പരിക്കുകളാണ് കണ്ണിനേറ്റിരിക്കുന്നതെന്ന് ഭോപ്പാൽ എയിംസിലെ ഡോക്ടർമാർ പറഞ്ഞു. ഇതിൽ ആൽക്കലി പരിക്കുകൾ വളരെ അപകടകരമാണ്. ചിലപ്പോൾ കാഴ്ച നഷ്ടമാവാനും സാധ്യതയുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഭോപ്പാലിലും അയൽ ജില്ലകളിലുമായാണ് മിക്ക കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗ്വാളിയോർ, ജബൽപൂർ എന്നിവിടങ്ങളിൽ നിന്ന് ഏകദേശം 50 പേരാണ് ചികിത്സയിലുള്ളത്.

ഭോപ്പാലിലെ എയിംസിൽ 13 പേരും ഗാന്ധി മെഡിക്കൽ കോളജിൽ 12 പേരും ചികിത്സയിലുണ്ടെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. മനീഷ് ശർമ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഡൽഹി എയിംസിലേക്ക് അയച്ചു. മറ്റു ചിലരെ ഡിസ്ചാർജ് ചെയ്തു. ഭോപ്പാലിൽ ഏകദേശം 150 രോഗികളാണ് ചികിത്സ തേടിയതെന്നും ഇവരിൽ‌ 15 പേർക്ക് ശസ്ത്രക്രിയ നടത്തിയതായും അദ്ദേഹം പറഞ്ഞു.

"വിവരം അറിഞ്ഞയുടൻ അവലോകന യോഗം വിളിച്ചു. ഭോപ്പാലിൽ ഗുരുതരമായി പരിക്കേറ്റ ഏഴ് കുട്ടികളെ ഹമീദിയ ആശുപത്രിയിലും ചിലരെ ഗ്വാളിയോറിലെയും വിദിഷയിലേയും ആശുപത്രികളിലും പ്രവേശിപ്പിച്ചു. കുട്ടികളെ പരിചരിക്കാനും എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാനുമായി മെഡിക്കൽ സംഘം രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കും- ഉപ മുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു. അതേസമയം, തോക്ക് വിറ്റ ആറ് പേരെ വിദിഷ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാർബൈഡ് തോക്കുകളിലെ അപകടം...

കാർബൈഡ് തോക്കുകളിൽ കാത്സ്യം കാർബൈഡ്, വെടിമരുന്ന് തുടങ്ങിയവയുടെ മിശ്രിതം ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാത്സ്യം കാർബൈഡിൽ വെള്ളം ചേർക്കുമ്പോൾ അസറ്റിലീൻ വാതകം ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ കത്തിക്കുന്നതിലൂടെ ശക്തമായ സ്ഫോടനം ഉണ്ടാകാനും ദോഷകരമായ വാതകങ്ങൾ പുറന്തള്ളപ്പെടാനും കാരണമാകുന്നു. സ്ഫോടനം മൂലം പുറത്തുവരുന്ന ലോഹക്കഷ്ണങ്ങളും കാർബൈഡ് വെപ്പറും കണ്ണിൻ്റെ റെറ്റിനയെ കരിച്ചുകളയുമെന്ന് ഡോ‌ക്ടർമാർ പറയുന്നു.

'പിവിസി മങ്കി റിപ്പല്ലർ ഗൺ' എന്ന പേരിൽ ഓൺലൈനിൽ വിപണനം ചെയ്യപ്പെടുന്ന കാർബൈഡ് തോക്കുകൾ പരമ്പരാഗത പടക്കങ്ങൾ‌ക്കു പകരമായി ഉയർന്നുവന്നതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ലോഹത്തിലോ പിവിസി പൈപ്പ് കോൺഫിഗറേഷനുകളിലോ ആണ് ഇവ ലഭ്യമാവുക.‌‌‌ പൈപ്പുകൾ ഉപയോഗിച്ച് കുട്ടികൾ ‌കാർബൈഡ് തോക്ക് നിർമിക്കുന്നതായും അവയിൽ വെടിമരുന്ന്, തീപ്പെട്ടിമരുന്ന്, കാത്സ്യം കാർബൈഡ് എന്നിവ നിറച്ച് കത്തിച്ച് പടക്കത്തിന് പകരമായി വ്യാപകമായി ഉപയോ​ഗിക്കുന്നതായും റിപ്പോർട്ടുണ്ട്.

ദീപാവലിക്ക് രണ്ടാഴ്ച മുമ്പ് തന്നെ അധികൃതർ പ്രശ്നം തിരിച്ചറിഞ്ഞ് ഇവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സർക്കാർ ഇതിന്റെ വിൽപ്പനയും ഉപയോഗവും നിരോധിച്ചിരുന്നു. 150 മുതൽ 200 രൂപ വരെ വിലയുള്ള ഈ ഉപകരണങ്ങൾ പൊതു വിപണിയിൽ വിനോദ ഇനങ്ങളായാണ് വിപണനം ചെയ്തത്. അതേസമയം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഇവയുടെ വില 500 മുതൽ 2,000 രൂപ വരെയായിരുന്നു. നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ കാർബൈഡ് ​ഗൺ വിൽപന തുടരുകയായിരുന്നു.

TAGS :

Next Story