എട്ടാം ശമ്പള കമ്മീഷൻ പരിഷ്കരണം: എന്താണ് ശമ്പള വർധനവിനെ നിർണയിക്കുന്ന ഫിറ്റ്മെന്റ് ഫാക്ടർ? എത്രയാകും അടിസ്ഥാന ശമ്പളം?
പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ അടിസ്ഥാന പെൻഷൻ പരിഷ്കരിക്കാൻ ഉപയോഗിക്കുന്ന ഒരു ഗുണിതമാണ് ഫിറ്റ്മെന്റ് ഫാക്ടർ

AI Generated Image
ന്യൂഡൽഹി: 50 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 69 ലക്ഷത്തിലധികം പെൻഷൻകാർക്കും ശമ്പളത്തിലും പെൻഷനിലും ഗണ്യമായ വർധനവുണ്ടാകാൻ സാധ്യതയുള്ള എട്ടാം ശമ്പള കമ്മീഷന്റെ നിബന്ധനകൾ ഈ മാസം ആദ്യം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. എട്ടാം ശമ്പള കമ്മീഷന്റെ ശിപാർശകൾക്കായുള്ള കാത്തിരിപ്പിലാണ് കേന്ദ്രസർക്കാർ ജീവനക്കാർ. 2027 പകുതിയോടെ മാത്രമേ ശിപാർശകൾ നടപ്പിലാക്കാൻ സാധ്യതയുള്ളൂവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ശിപാർശകൾ പ്രാബല്യത്തിൽ വരുന്നതോടെ ശമ്പളത്തിലും പെൻഷനിലും വലിയ വർധനവാണ് ജീവനക്കാരും പെൻഷൻകാരുമെല്ലാം പ്രതീക്ഷിക്കുന്നത്. എന്നാൽ ഫിറ്റ്മെന്റ് ഫാക്ടർ എത്രയാകും എന്നതിന് അനുസരിച്ചായിരിക്കും ശമ്പളത്തിലും പെൻഷനിലും മാറ്റം ഉണ്ടായിരിക്കുക.
എന്താണ് ശമ്പള വർധനവിനെ നിർണയിക്കുന്ന ഫിറ്റ്മെന്റ് ഫാക്ടർ?
പുതുക്കിയ അടിസ്ഥാന ശമ്പളത്തെ നിലവിലെ അടിസ്ഥാന ശമ്പളം കൊണ്ട് ഹരിച്ചാണ് ഫിറ്റ്മെന്റ് ഫാക്ടർ കണക്കാക്കുന്നത്. പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പുതിയ അടിസ്ഥാന ശമ്പളം നിർണയിക്കാൻ ഈ മാനദണ്ഡം ഉപയോഗിക്കുന്നു. പണപ്പെരുപ്പം, ജീവിതച്ചെലവ്, സർക്കാരിന്റെ ധനകാര്യ ശേഷി തുടങ്ങിയ സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ചാണ് ഫിറ്റ്മെന്റ് ഫാക്ടർ നിർണയിക്കുന്നത്. ഉദാഹരണത്തിന് നിലവിലെ അടിസ്ഥാന ശമ്പളം 18,000 രൂപയും പുതുക്കിയ അടിസ്ഥാന ശമ്പളം 51,480 രൂപയും ആണെങ്കിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.86 (₹51,480 ÷ ₹18,000) ആയിരിക്കും.
എത്രയാകും അടിസ്ഥാന ശമ്പളം?
ഫിറ്റ്മെന്‌റ് ഫാക്ടർ എത്രയാകും എന്നതിന് അനുസരിച്ചായിരിക്കും ശമ്പളത്തിലും പെൻഷനിലും മാറ്റം ഉണ്ടായിരിക്കുക. നേരത്തേ ഏഴാം ശമ്പള കമ്മീഷൻ 2.57 ആയിരുന്നു ഫിറ്റ്മെന്റ് ഘടകമായി നിശ്ചയിച്ചിരുന്നത്. അതേസമയം, എട്ടാം ശമ്പള കമ്മീഷൻ 1.92 ഫിറ്റ്മെന്റ് ഘടകമായി നിശ്ചയിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കിൽ ലെവൽ 6 കേന്ദ്ര ജീവനക്കാരുടെ പുതിയ അടിസ്ഥാന ശമ്പളം 67,968 രൂപയായിരിക്കും. (നിലവിലെ അടിസ്ഥാന ശമ്പളം 35,400 രൂപ x 1.92 = 67,968 രൂപ). ഇതിനോടൊപ്പം മറ്റ് അലവൻസുകൾ കൂടി ചേർക്കുമ്പോൾ മികച്ച ശമ്പളം തന്നെ ലഭിക്കുമെന്ന് സാരം. ഫിറ്റ്മെൻ്റ് ഫാക്ടർ1.83 മുതൽ 2.46 വരെയായി നിശ്ചയിക്കാൻ സാധ്യതയുണ്ടെന്നാണ് ആംബിറ്റ് ക്യാപിറ്റൽ റിപ്പോർട്ട്. എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് ശേഷം മാത്രമേ ഫിറ്റ്മെൻ്റ് ഫാക്ടർ അന്തിമമായി സ്ഥിരീകരിക്കുകയുള്ളൂ എന്നതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രവചനങ്ങളിൽ വിശ്വസിക്കുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
Adjust Story Font
16

