ഇന്ത്യയുടെ രാഷ്ട്ര ഭാഷ ഏതാണ്?; കനിമൊഴിയുടെ മറുപടിക്ക് മാഡ്രിഡിൽ നിറഞ്ഞ കൈയ്യടി
കേന്ദ്രവും തമിഴ്നാടും തമ്മിൽ ഭാഷയെ ചൊല്ലി തർക്കം നടക്കുന്നതിനിടയിലാണ് ഡിഎംകെ നേതാവിന്റെ മറുപടി

മാഡ്രിഡ്: ഓപറേഷൻ സിന്ദൂർ വിശദീകരിക്കാനായി സ്പെയിനിലെത്തിയ ഇന്ത്യൻ സംഘത്തിലെ ഡിഎംകെ എം.പി കനിമൊഴിക്ക് നേരെ സദസ്സിൽ നിന്നൊരു ചോദ്യം ഉയർന്നു. ഇന്ത്യയുടെ ദേശീയ ഭാഷ ഏത്? എന്നായിരുന്നു ചോദ്യം. എന്നാൽ ഇന്ത്യയുടെ ദേശീയ ഭാഷയെക്കുറിച്ചുള്ള ചോദ്യത്തിന് അവര്‍ മറുപടി നൽകിയത് ഇങ്ങനെയാണ്... ഇന്ത്യയുടെ ദേശീയ ഭാഷ 'നാനാത്വത്തിൽ ഏകത്വം' ആണെന്നവർ മറുപടി നൽകി. തങ്ങളുടെ പ്രതിനിധി സംഘം ലോകത്തിന് നൽകാൻ ലക്ഷ്യമിടുന്ന സന്ദേശമാണിതെന്നും അവർ കൂട്ടിച്ചേര്‍ത്തു. സ്പെയിനിലെ ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള ഒരു അംഗം ഉന്നയിച്ച ചോദ്യത്തിനായിരുന്നു അവരുടെ മറുപടി.
ചോദ്യത്തിന് തന്ത്രപരമായ മറുപടി നൽകിയ കനിമൊഴിയെ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.
തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരും കേന്ദ്രവും തമ്മിൽ ഭാഷയെച്ചൊല്ലിയും ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ലെ ത്രിഭാഷാ നയവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ കനിമൊഴിയുടെ മറുപടി ശ്രദ്ധയാകർഷിച്ചു.
'നമ്മുടെ രാജ്യത്തിന് വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്. ഞങ്ങൾ അക്കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു. നിർഭാഗ്യവശാൽ, തീവ്രവാദത്തെയും അനാവശ്യമായ യുദ്ധത്തെയും നമ്മൾ നേരിടേണ്ടതുണ്ട്. നമ്മൾ അത് ശക്തമായി ചെയ്യും. ഇന്ത്യ ഒരു സുരക്ഷിതമായ സ്ഥലമാണ്. രാജ്യം കാശ്മീരൂം സുരക്ഷിതമായി നിലനിർത്തുമെന്നുമായിരുന്നു' തീവ്രവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് കനിമൊഴി നൽകിയ മറുപടി.
അഞ്ച് രാജ്യങ്ങൾ സന്ദർശിച്ച കനിമൊഴിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെ അവസാന രാജ്യമാണ് സ്പെയിൻ. സമാജ്‌വാദി പാർട്ടി എം.പി രാജീവ് കുമാർ റായ്, ബിജെപി എം.പി ബ്രിജേഷ് ചൗട്ട, ആം ആദ്മി എം.പി അശോക് മിട്ടൽ, ആർജെഡി എം.പി പ്രേം ചന്ദ് ഗുപ്ത, മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ മഞ്ജീവ് സിങ് പുരി എന്നിവരാണ് സംഘത്തിലുള്ളത്.
Adjust Story Font
16

