Quantcast

ട്രെയിനിൽ ലോവർ ബെർത്ത് ലഭിക്കാൻ എന്തുചെയ്യണം? വൈറലായി ടിടിഇയുടെ വീഡിയോ

ട്രെയിൻ നമ്പർ 2424 ദിബ്രുഗഡ് രാജധാനിയിലെ നാല് മുതിർന്ന പൗരന്മാർക്ക് ലോവർ ബർത്ത് ലഭിക്കാതെ മിഡിൽ ബെർത്തുകളും അപ്പർ ബെർത്തുകളും ലഭിച്ചതിനെ തുടർന്നുണ്ടായ സംശയങ്ങൾക്കാണ് ടിടിഇ വീഡിയോയിലൂടെ മറുപടി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2025-11-13 09:27:14.0

Published:

13 Nov 2025 2:49 PM IST

ട്രെയിനിൽ ലോവർ ബെർത്ത് ലഭിക്കാൻ എന്തുചെയ്യണം? വൈറലായി ടിടിഇയുടെ വീഡിയോ
X

Photo | Special Arrangement

ന്യൂഡൽഹി: സീനിയർ സിറ്റിസൺ ക്വാട്ടയിൽ ടിക്കറ്റെടുത്തിട്ടും ലോവർ ബർത്ത് ലഭിക്കാത്തതിൻ്റെ കാരണം വിശദീകരിച്ച് റെയിൽവേയിലെ ട്രെയിൻ ടിക്കറ്റ് എക്സാമിനർ (ടിടിഇ) പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ട്രെയിൻ നമ്പർ 2424 ദിബ്രുഗഡ് രാജധാനിയിലെ നാല് മുതിർന്ന പൗരന്മാർക്ക് ലോവർ ബർത്ത് ലഭിക്കാതെ മിഡിൽ ബെർത്തുകളും അപ്പർ ബെർത്തുകളും ലഭിച്ചതിനെ തുടർന്നുണ്ടായ സംശയങ്ങൾക്കാണ് ടിടിഇ വീഡിയോയിലൂടെ മറുപടി നൽകിയത്.

സീനിയർ സിറ്റിസൺ ക്വാട്ട ആനുകൂല്യങ്ങൾ പൂർണ്ണമായി ലഭിക്കാൻ ഒരു ടിക്കറ്റിൽ പരമാവധി രണ്ട് യാത്രക്കാരേ ഉണ്ടാകാവൂ എന്ന് അദ്ദേഹം പറയുന്നു. ഇ​ങ്ങനെ ചെയ്യുമ്പോൾ ലോവർ ബെർത്ത് അനുവദിക്കുമ്പോൾ മുൻഗണന ലഭിക്കും. രണ്ടിലധികം പേർ ഒരേ ടിക്കറ്റിൽ ബുക്ക് ചെയ്താൽ ക്വാട്ടാ ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ടിടിഇ വീഡിയോയിൽ വിശദീകരിച്ചു.

ബുക്ക് ചെയ്തപ്പോൾ ഇത്തരത്തിൽ ലോവർ ബെർത്ത് കിട്ടാത്തവർക്ക് ലഭ്യത കണക്കിലെടുത്ത് അത് അനുവദിക്കാൻ ടിക്കറ്റ് പരിശോധകർക്കും അധികാരമുണ്ട്. ലോവർ ബെർത്ത് നിർബന്ധമായും ആവശ്യമുള്ളവർ അത് അനുവദിച്ചാൽ മാത്രം ബുക്കിങ് നടത്തുകയെന്ന് ഒപ്ഷൻ നൽകണമെന്ന് ടിടിഇ പറയുന്നു. ഇങ്ങനെ ബുക്ക് ​ചെയ്യുമ്പോൾ ലോവർ ബെർത്ത് അനുവദിച്ചാൽ മാത്രമാണ് ടിക്കറ്റ് ബുക്ക് ആവുക.

ഇന്ത്യൻ റെയിൽവേയുടെ പുതിയ മാനദണ്ഡ പ്രകാരം മുതിർന്ന പൗരന്മാർക്കും, 45 വയസിന് മുകളിലുള്ള സ്ത്രീകൾക്കും, ഗർഭിണികൾക്കും ലോവർ ബെർത്തുകൾക്ക് മുൻഗണന നൽകും. ബുക്കിങ് സമയത്ത് അത്തരം യാത്രക്കാർക്ക് ലോവർ ബെർത്തുകൾ ലഭിച്ചില്ലെങ്കിൽ പിന്നീട് യാത്രയ്ക്കിടെ ഒഴിവുള്ള ലോവർ ബെർത്തുകൾ അവർക്ക് മാറ്റി നൽകാൻ ട്രെയിനിലെ ടിക്കറ്റ് പരിശോധനാ ജീവനക്കാർക്ക് അധികാരമുണ്ട്. ലോവർ ബെർത്ത് പ്രത്യേകമായി ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 'ലോവർ ബെർത്ത് ലഭ്യമാണെങ്കിൽ മാത്രം ബുക്ക് ചെയ്യുക' എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം.

സ്ലീപ്പർ ക്ലാസിലെ ഓരോ കോച്ചിലും ആറ് ലോവർ ബെർത്തുകളും എസി 3-ടയർ, 2- ടയർ കോച്ചുകളിൽ നാല് ബെർത്തുകളും ഈ രൂപത്തിൽ സംവരണം ചെയ്തിട്ടുണ്ട്. റിസർവ് ചെയ്ത കോച്ചുകളിൽ യാത്രക്കാർക്ക് രാത്രി 10നും രാവിലെ ആറിനും ഇടയിൽ അവരുടെ ബെർത്തുകളിൽ ഉറങ്ങാം. ബാക്കിയുള്ള ദിവസങ്ങളിൽ ഇരിക്കാൻ ഉപയോഗിക്കാവുന്ന തരത്തിലാണ് ബെർത്തുകൾ ക്രമീകരിച്ചിരിക്കുന്നത്. റിസർവേഷൻ എഗൈൻസ്റ്റ് ക്യാൻസലേഷൻ (RAC) പ്രകാരം ബുക്ക് ചെയ്ത സൈഡ് ലോവർ ബെർത്തുകളിൽ RAC യാത്രക്കാരനും സൈഡ് അപ്പർ ബെർത്തിലുള്ളയാളും പകൽ സമയത്ത് താഴത്തെ സീറ്റ് പങ്കിടണം.

TAGS :

Next Story