Quantcast

എന്താവും ബദ്‌റുദ്ദീൻ അജ്മലിന്റെ ഭാവി? അസമിൽ എഐയുഡിഎഫിന് ജീവന്മരണപ്പോരാട്ടം

അജ്മലിന്റെ സ്വാധീന മേഖലകളിൽ കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുന്നത് എഐയുഡിഎഫിന് കനത്ത ഭീഷണിയാണ് ഉയർത്തുന്നത്

MediaOne Logo
എന്താവും ബദ്‌റുദ്ദീൻ അജ്മലിന്റെ ഭാവി? അസമിൽ എഐയുഡിഎഫിന് ജീവന്മരണപ്പോരാട്ടം
X

മൗലാന ബദ്‌റുദ്ദീൻ അജ്മല്‍  Photo- PTI

ഗുവാഹത്തി: നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് അസമിലെ ഏറ്റവും വലിയ ന്യൂനപക്ഷ മുഖമായ മൗലാന ബദ്‌റുദ്ദീൻ അജ്മലും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. ഹോജായ് ജില്ലയിലെ ബിനാകണ്ടി മണ്ഡലത്തിൽ നിന്നാണ് ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്( എഐയുഡിഎഫ്) അധ്യക്ഷനായ അജ്മൽ ജനവിധി തേടുന്നത്. അസമിലെ ന്യൂനപക്ഷ മേഖലകളില്‍ കൊണ്ടുപിടിച്ച പ്രചാരണമാണ് അജ്മലും പാര്‍ട്ടിയും നടത്തുന്നത്. 30 സീറ്റുകളിലാണ് ഇത്തവണ മത്സരിക്കുന്നത്.

അസമിലെ സുഗന്ധവ്യഞ്ജന വിപണിയിലെ അതികായനായ അജ്മൽ, പ്രാദേശികമായി 'അജ്മൽ സേട്ട്' എന്നാണ് അറിയപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന് പുറമെ, അദ്ദേഹം നടത്തുന്ന ഹാജി അബ്ദുൾ മജീദ് മെമ്മോറിയൽ ആശുപത്രിയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോജായിലെ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഫലം തെരഞ്ഞെടുപ്പുകളില്‍ അനുഭവിക്കുകയും ചെയ്തിരുന്നു.

ഏകദേശം രണ്ട് പതിറ്റാണ്ടോളം ബംഗാളി മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ എഐയുഡിഎഫ് നിർണ്ണായക ശക്തിയായിരുന്നു. 2006ലെ തെരഞ്ഞെടുപ്പിൽ 10 സീറ്റുകളും, 2011ൽ 18ഉം, 2016ൽ 13ഉം, 2021ൽ 16 സീറ്റുകളും പാർട്ടി നേടി. എന്നാൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാതെ പോയതോടെ പാർട്ടിയുടെ തകർച്ച തന്നെ ആരംഭിച്ചു. അജ്മല്‍ തന്നെ തോല്‍ക്കുകയും ചെയ്തു. ദുബ്രി ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് റക്കിബുൾ ഹുസൈനാണ് അജ്മലിനെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയത്.

ഇതോടെ ന്യൂനപക്ഷ മേഖലകളിൽ കോണ്‍ഗ്രസ് ശ്രദ്ധിക്കാന്‍ തുടങ്ങി. അച്ചടക്ക നടപടിയെത്തുടർന്ന് പാർട്ടി വിട്ട മൻകാച്ചർ എംഎൽഎ അമിനുൽ ഇസ്‌ലാം അടുത്തിടെ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു. ഒരു കാലത്ത് പാര്‍ട്ടിയുടെ രണ്ടാം നിര നേതാവായിരുന്നു അമിനുൽ ഇസ്‌ലാം. തിരിച്ചടികൾക്കിടയിലും വലിയ ആത്മവിശ്വാസത്തിലാണ് ബദ്‌റുദ്ദീൻ അജ്മൽ. 25 സീറ്റുകൾ വരെ നേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനും എഐയുഡിഎഫിനും ഇടയില്‍ ഭിന്നിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എഐയുഡിഎഫിനെ മുന്നണിയിലെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഏപ്രില്‍ 9നാണ് അസമിലെ വോട്ടെടുപ്പ്.

TAGS :

Next Story