വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കുരുക്കായി; ജോലിക്കാരിയുടെ മോഷണം കൈയോടെ പൊക്കി വീട്ടുടമ
തെളിവുകള്‍ സഹിതം ചോദ്യം ചെയ്തപ്പോള്‍ 26കാരി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു

- Published:
15 Jan 2026 10:18 AM IST

ബംഗളൂരു: മോഷണക്കേസില്‍ വീട്ടുജോലിക്കാരിയെ കുടുക്കിയത് വാട്ട്സ്ആപ്പ് സ്റ്റാറ്റസ്.ബംഗളൂരുവിലാണ് ജോലിക്ക് നിന്ന് വീട്ടിലെ സ്വര്‍ണാഭാരണങ്ങള്‍ ഉള്‍പ്പെടെ മോഷ്ടിച്ച് കടന്നു കളഞ്ഞ വീട്ടുജോലിക്കാരിയെ പൊലീസ് കൈയോടെ പൊക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
2025 ഡിസംബർ എട്ടിന് സ്വകാര്യ കമ്പനി ജീവനക്കാരനായ രോഹിതിന്റെ സർജാപൂർ റോഡിലെ അപ്പാർട്ട്മെന്റിൽ നിന്ന് താലിമാല ഉൾപ്പെടെ ഏകദേശം 42 ഗ്രാം ഭാരമുള്ള സ്വർണ്ണാഭരണങ്ങൾ, ഒരു ജോഡി ഇമിറ്റേഷൻ കമ്മലുകൾ, ഒരു മൈക്കൽ കോർസ് റിസ്റ്റ് വാച്ച് എന്നിവ കാണാതായിരുന്നു. വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതിന് പിന്നാലെ ദൊഡ്ഡക്കണ്ണഹള്ളി സ്വദേശിയായ സൗമ്യയെ (26) കുടുംബം ചോദ്യം ചെയ്തു.എന്നാല്‍ തനിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞ് സൗമ്യ രക്ഷപ്പെട്ടു. മാത്രവുമല്ല,പിന്നാലെ ഇവര്‍ ജോലിക്ക് വരുന്നതും നിര്‍ത്തി. ഈ സാഹചര്യത്തില്‍ പൊലീസില്‍ പരാതി നല്‍കാനും കുടുംബം മുതിര്‍ന്നില്ല.
കഴിഞ്ഞമാസം അവസാനം സൗമ്യയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വീട്ടുടമസ്ഥനായ രോഹിത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. വീട്ടിൽ നിന്ന് കാണാതായതിന് സമാനമായ മൈക്കൽ കോർസ് റിസ്റ്റ് വാച്ച് ധരിച്ചിരിക്കുന്ന ചിത്രമായിരുന്നു അവര്‍ സ്റ്റാറ്റസായി വെച്ചിരുന്നത്.സംശയം തോന്നിയ രോഹിത് അതിന്‍റെ സ്ക്രീന്‍ ഷോട്ട് എടുത്തുവെക്കുയും ചെയ്തു.
തുടർന്ന് രോഹിത് ബെല്ലന്തൂർ പൊലീസിനെ സമീപിക്കുകയും സ്‌ക്രീൻഷോട്ടുകൾ തെളിവായി സമർപ്പിച്ച് പരാതി നൽകുകയും ചെയ്തു.പരാതിക്ക് പിന്നാലെ പൊലീസ് സൗമ്യയെ ചോദ്യം ചെയ്തു.ആദ്യം നിഷേധിച്ചെങ്കിലും മോഷണം നടത്തിയതായി സമ്മതിച്ചു.പിന്നീട് വീട്ടുജോലിക്കാരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.സൗമ്യയുടെ വീട്ടില്‍നിന്ന് ഏകദേശം 4.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും 20,000 രൂപ വിലമതിക്കുന്ന ബ്രാൻഡഡ് റിസ്റ്റ് വാച്ചും ഉദ്യോഗസ്ഥർ കണ്ടെടുത്തു.സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16
