മുകേഷ് അംബാനിയോ? ഗൗതം അദാനിയോ അല്ല; ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വര്‍ണം വാങ്ങിയത് ഇവരാണ്!
നിക്ഷേപം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും ആളുകൾ കൈവശം വയ്ക്കുന്നു

ഡൽഹി: സുരക്ഷിത നിക്ഷേപമാണ് സ്വര്‍ണം. നിക്ഷേപം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും ആളുകൾ കൈവശം വയ്ക്കുന്നു. അനുദിനം ഈ മഞ്ഞലോഹത്തിന്‍റെ വില കുതിച്ചുയരുകയാണ്. വില കുതിക്കുമ്പോഴും സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല.
ആധുനിക കാലത്ത് ഓഹരി വിപണികളെയും രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെയും നിർണയിക്കുന്നതിനുള്ള ഒരു അളവുകോലായും സ്വർണം ഉപയോഗിക്കുന്നു. ഇന്ത്യയിലെ കോടീശ്വരൻമാരെ സംബന്ധിച്ചിടത്തോളം ടൺ കണക്കിന് സ്വര്‍ണമാണ് വാരിക്കൂട്ടുന്നത്. കോടീശ്വരൻമാര്‍ എന്ന് പറയുമ്പോൾ തന്നെ പലരും വിരൽ ചൂണ്ടുന്നത് മുകേഷ് അംബാനിയിലേക്കും ഗൗതം അദാനിയിലേക്കുമായിരിക്കും. അതുമല്ലെങ്കിൽ ടാറ്റാ ഗ്രൂപ്പ് പോലുള്ള വൻകിട കമ്പനികളിലേക്കോ ആയിരിക്കും. എന്നാൽ ഇവരാരുമല്ല റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കൂടുതൽ സ്വര്‍ണം സ്വന്തമാക്കിയത്. 2025 സാമ്പത്തിക വര്‍ഷത്തിൽ ആര്‍ബിഐ 57.5 ടൺ സ്വര്‍ണമാണ് സ്വന്തമാക്കിയത്. ഇതോടെ, 2025 മാർച്ച് 31 ലെ കണക്കനുസരിച്ച് റിസർവ് ബാങ്കിന്‍റെ മൊത്തം സ്വർണ ശേഖരം 879.58 മെട്രിക് ടണ്ണായി വർധിച്ചു. ആർബിഐയുടെ 2024-25 വാർഷിക റിപ്പോർട്ട് അനുസരിച്ച്, 2025 മാർച്ച് 31 വരെ അതിന്‍റെ മൊത്തം സ്വർണ ശേഖരം 7% വർധിച്ച് 879.58 മെട്രിക് ടണ്ണായി, ഒരു വർഷം മുമ്പ് ഇത് 822.10 ടണ്ണായിരുന്നു.
ആര്‍ബിഐ എന്തിനാണ് സ്വര്‍ണം വാങ്ങുന്നത്?
കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം കൂടുതലായി വാങ്ങിക്കൂട്ടുന്നതിന് പിന്നിൽ പല കാരണങ്ങളാണ്. സുരക്ഷിത നിക്ഷേപമാണ് സ്വര്‍ണമെന്നതാണ് അതിലേറ്റവും പ്രധാനം. യുദ്ധമോ മഹാമാരിയോ ഉണ്ടായാല്‍ ഡോളര്‍ ഉള്‍പ്പെടെ കറന്‍സികളുടെ മൂല്യത്തില്‍ ഇടിവ് സംഭവിച്ചേക്കാം. എന്നാല്‍ സ്വര്‍ണത്തിന്റെ കാര്യത്തില്‍ മാത്രം ഇത് ബാധകമല്ല. വില കുറയാമെങ്കിലും ഒരുപരിധിയില്‍ കൂടുതല്‍ മൂല്യം ഇടിയില്ല. അതുകൊണ്ട് തന്നെ രാജ്യങ്ങള്‍ സ്വര്‍ണത്തെ ഒരു നിക്ഷേപമായും കണക്കാക്കുന്നു.
മിക്ക രാജ്യങ്ങളും സ്വര്‍ണം കഴിഞ്ഞാല്‍ തങ്ങളുടെ ശേഖരത്തിന്‍റെ വലിയൊരളവ് ഡോളറിലാണ് ശേഖരിച്ചു വച്ചിരിക്കുന്നത്. യു.എസ് താരിഫ് യുദ്ധത്തിലേക്ക് അമിതമായി കടക്കുന്നത് കൊണ്ട് പല രാജ്യങ്ങളും ഡോളറിനെക്കാള്‍ സ്വര്‍ണത്തിന് പ്രാധാന്യം നല്കുന്നു. ഒരു രാജ്യത്തിന്‍റെ കറന്‍സിയുടെ മൂല്യം ഇടിയുമ്പോള്‍ കേന്ദ്രബാങ്കുകള്‍ തങ്ങളുടെ കൈയിലുള്ള സ്വര്‍ണം കൂടുതലായി വിറ്റഴിക്കാറുണ്ട്. ഇത്തരത്തില്‍ എല്ലാകാലത്തും രാജ്യങ്ങളുടെ വിശ്വസ്ത സമ്പാദ്യം കൂടിയാണ് സ്വര്‍ണം.
Adjust Story Font
16

