മോദി യോഗിയിൽ നിന്ന് പഠിക്കണമെന്ന് പറഞ്ഞ പണ്ഡിതൻ; ആരാണ് 'ഐ ലവ് മുഹമ്മദ്' ക്യാമ്പയ്‌നിന്റെ പേരിൽ അറസ്റ്റിലായ തൗഖീർ റാസ ഖാൻ?
ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ മേധാവിയായ മൗലാന തൗഖീർ റാസ ഖാനെ ക്യാമ്പയിനിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ എട്ടോളം വരുന്ന പ്രോപ്പർട്ടികൾ പൊളിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു

തൗഖീർ റാസ ഖാൻ | Photo: Jansatta
ബറേലി: ഉത്തർപ്രദേശിലെ കാൺപൂരിൽ നബിദിന ആഘോഷത്തിനിടെ 'ഐ ലവ് മുഹമ്മദ്' ബാനറുകൾ സ്ഥാപിച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രതിഷേധങ്ങൾക്കും എഫ്ഐആറുകൾക്കും അറസ്റ്റുകൾക്കും കാരണമായിരുന്നു. 2025 സെപ്റ്റംബർ 4ന് കാൺപൂരിലെ റാവത്പൂർ പ്രദേശത്ത് ഒരു മുസ്‌ലിം സംഘടനാ പരമ്പരാഗത നബിദിന ഘോഷയാത്രയ്ക്കിടെ 'ഐ ലവ് മുഹമ്മദ്' എന്ന ബാനർ പ്രദർശിപ്പിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് 21 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,324 മുസ്‌ലിംകൾ പ്രതികളാകുകയും ചെയ്‌തതായി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എപിസിആർ) അറിയിച്ചു. ഇതിൽ 38 പേർ അറസ്റ്റിലായിട്ടുണ്ട്.
ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ (ഐഎംസി) മേധാവി മൗലാന തൗഖീർ റാസ ഖാനെ ക്യാമ്പയിനിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ എട്ടോളം വരുന്ന പ്രോപ്പർട്ടികൾ പൊളിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. തൗഖീർ റാസ ഖാൻ വെറുമൊരു പണ്ഡിതൻ മാത്രമല്ല, ഒരു രാഷ്ട്രീയ വ്യക്തി കൂടിയാണ്. ബറേൽവി വിഭാഗത്തിലെ പ്രശസ്തമായ ആലാ ഹസ്രത്ത് കുടുംബത്തിലെ അംഗമായ അദ്ദേഹം ആ വിഭാഗത്തിന്റെ സ്ഥാപകനായ അഹമ്മദ് റാസ ഖാന്റെ പിൻഗാമിയാണ്. 2001ൽ തൗഖീർ റാസ ഒരു പ്രാദേശിക പാർട്ടിയായ ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ സ്ഥാപിച്ചു.
2009ൽ റാസയുടെ പാർട്ടി കോൺഗ്രസിന് പിന്തുണ നൽകി. എന്നാൽ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ 'വോട്ട്-കട്ടുവ പാർട്ടി' എന്ന് ആക്ഷേപിച്ച് എസ്പി-ബിഎസ്പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ 2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും കോൺഗ്രസിനെ പിന്തുണച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി തൗഖീർ റാസ ഖാൻ രാഷ്ട്രീയത്തിൽ സജീവമാണ്. ബറേലിയിലും സമീപ ജില്ലകളിലും അദ്ദേഹത്തിന് സ്വാധീനമുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഹസ്രത്ത് റെഹാൻ ഖാൻ ഒരിക്കൽ കോൺഗ്രസ് എംഎൽസി ആയിരുന്നു.
തൗഖീർ റാസ ഖാന്റെ മുൻകാല പ്രസ്താവനകൾ പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഒരു അവസരത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സംസ്ഥാനത്ത് സാമൂഹിക ഐക്യം നിലനിർത്തിയതിന് അദ്ദേഹം പ്രശംസിച്ചു. 2022ൽ തൊപ്പി ധരിച്ച് പള്ളികളിൽ കയറി പ്രശ്നമുണ്ടാകാൻ ശ്രമിച്ച ഹിന്ദു യുവാക്കൾക്കെതിരെ യോഗി സർക്കാർ ഉടനടി നടപടിയെടുത്തിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗിയിൽ നിന്ന് 'രാജധർമ്മം' പഠിക്കണമെന്ന് പോലും അദ്ദേഹം അഭിപ്രായപ്പെട്ടു.
Adjust Story Font
16

