'നിരന്തര പരാജയമായ വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാത്തത് എന്തുകൊണ്ട്?'; പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി
'എന്തുകൊണ്ടാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച തുടര്‍ച്ചയായുണ്ടാകുന്നത്? ഈ വിഷയത്തില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി നിശബ്ദത തുടരുന്നു?'

- Published:
17 May 2026 4:54 PM IST

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ ആവര്‍ത്തിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നുവെന്നും മോദി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്നും രാഹുല്‍ പറയുന്നു. നിരന്തരം പരാജയപ്പെടുന്ന വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാത്തത് എന്തുകൊണ്ടെന്നും രാഹുല്‍ ചോദിച്ചു.
'2024ല്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നു. പരീക്ഷ റദ്ദാക്കിയില്ല. മന്ത്രി രാജിവെച്ചില്ല. സിബിഐ അന്വേഷണ സംഘമുണ്ടാക്കി. ഒരു സമിതിയെയും നിയോഗിച്ചു. 2026ല്‍ വീണ്ടും നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇപ്പോഴും മന്ത്രി രാജിവെച്ചില്ല. വീണ്ടും സിബിഐ അന്വേഷണം നടത്തുന്നു. പുതിയൊരു സമിതിയെ വീണ്ടും നിയോഗിച്ചു. ഇക്കാര്യത്തില്‍ രാജ്യത്തിന് പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങളുയര്‍ത്താനുണ്ട്. എന്തുകൊണ്ടാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച തുടര്‍ച്ചയായുണ്ടാകുന്നത്? ഈ വിഷയത്തില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി വീണ്ടും നിശബ്ദത തുടരുന്നു? തുടര്‍ച്ചയായി പരാജയപ്പെടുന്ന വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാന്‍ എന്തുകൊണ്ട് പ്രധാനമന്ത്രി തയ്യാറാകുന്നില്ല' -രാഹുല്‍ ചോദിച്ചു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെ ഉടന്‍ പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. 22 ലക്ഷം നീറ്റ് വിദ്യാര്‍ഥികളാണ് വഞ്ചിക്കപ്പെട്ടത്. വിഷയത്തില്‍ മോദി മൗനം തുടരുകയാണ്. ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കുകയോ അല്ലെങ്കില്‍ അദ്ദേഹം സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുകയോ വേണമെന്ന് രാഹുല്‍ എക്സില്‍ കുറിച്ചു. ആര്‍എസ്എസ്, ബിജെപി സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ത്തെന്നും രാഹുല്‍ ആരോപിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം തുടരുകയാണ്. മുഖ്യസൂത്രധാരില്‍ ഒരാളായ പൂനെ സ്വദേശിയായ അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ബോട്ടണി, സുവോളജി ചോദ്യപേപ്പറുകള്‍ തയാറാക്കുന്നതില്‍ പങ്കുവഹിച്ച അധ്യാപികയാണ് ഇവര്‍. പരീക്ഷാ പേപ്പര്‍ തയ്യാറാക്കുന്ന എന്‍ടിഎയുടെ വിദഗ്ധ സമിതിയിലെ അംഗമാണ്. കേസിലെ പ്രധാന പ്രതികളെന്ന് കരുതപ്പെടുന്ന കെമിസ്ട്രി അധ്യാപകന്‍ പി.വി കുല്‍ക്കര്‍ണി, മനീഷ സഞ്ജയ് വാഗ്മറെ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മനീഷ മന്ധാരയെക്കുറിച്ചുള്ള വിവരങ്ങള്‍ സിബിഐക്ക് ലഭിച്ചത്.
മെയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ഏപ്രില്‍ 27ന് തന്നെ പ്രതികളുടെ കൈകളില്‍ എത്തിയിരുന്നു എന്നാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയില്‍ പറയുന്നത്. പരീക്ഷ കഴിഞ്ഞ് ഏഴ് ദിവസം കഴിഞ്ഞാണ് എന്‍ടിഎ പരാതിപ്പെട്ടത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെട്ട ബിജെപി നേതാവും കുടുംബാംഗങ്ങളും റിമാന്‍ഡിലാണ്. ജയ്പൂരിലെ ജംവാല്‍ രാംഗഡ് സ്വദേശികള്‍ ദിനേശ് ബിവാള്‍, സഹോദരന്‍ മംഗിലാല്‍ ബിവാള്‍, ദിനേശിന്റെ മകന്‍ വികാസ് ബിവാള്‍ എന്നിവരാണ് റിമാന്‍ഡിലുള്ളത്.
Adjust Story Font
16
