Quantcast

ലഖിംപൂർ കേസ് സി.ബി.ഐക്ക് വിട്ടിട്ടെന്ത് കാര്യം? പ്രതികൾ ആരെന്നറിയില്ലേ: സുപ്രീംകോടതി

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയായ കേസ് കേന്ദ്രസർക്കാറിന് കീഴിലുള്ള സി.ബി.ഐ അന്വേഷിച്ചിട്ടെന്താണ് കാര്യമെന്ന് വ്യംഗ്യമായി ചോദിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Updated:

    2021-10-08 10:20:39.0

Published:

8 Oct 2021 10:14 AM GMT

ലഖിംപൂർ കേസ് സി.ബി.ഐക്ക് വിട്ടിട്ടെന്ത് കാര്യം? പ്രതികൾ ആരെന്നറിയില്ലേ: സുപ്രീംകോടതി
X

ലഖിംപൂർ കേസ് സി.ബി.ഐക്ക് വിട്ടിട്ടെന്ത് കാര്യം? പ്രതികൾ ആരെന്നറിയില്ലേയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. കേന്ദ്രമന്ത്രിയുടെ മകൻ പ്രതിഷേധത്തിലേക്ക് വാഹനമിടിച്ചു കയറ്റി നാലു കർഷകരടക്കം ഒമ്പതുപേർ കൊല്ലപ്പെട്ട സംഭവത്തിൽ സി.ബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ പരാമർശം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയായ കേസ് കേന്ദ്രസർക്കാറിന് കീഴിലുള്ള സി.ബി.ഐ അന്വേഷിച്ചിട്ടെന്താണ് കാര്യമെന്ന് വ്യംഗ്യമായി ചോദിക്കുകയായിരുന്നു അദ്ദേഹം.

സി.ബി.ഐ അന്വേഷണം പരിഹാരമല്ലെന്നും കാരണം നിങ്ങൾക്കറിയില്ലേയെന്നും ഇതിൽ ഉൾപ്പെട്ടവരെ അറിയില്ലേയെന്നും ചോദിച്ച ചീഫ് ജസ്റ്റിസ് മറ്റു സംവിധാനങ്ങൾ കേസ് അന്വേഷിക്കട്ടെയെന്ന് പറഞ്ഞു.

കേസ് സി.ബി.ഐക്ക് കൈമാറാൻ യു.പി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് സാൽവേ ഇല്ലെന്ന് മറുപടി നൽകി. കോടതി കേസന്വേഷണത്തിൽ തൃപ്തരല്ലെങ്കിൽ സി.ബി.ഐക്ക് കൈമാറാനും സാൽവേ ആവശ്യപ്പെട്ടു. എന്നാൽ ഗൗരവതരമായ കേസിൽ സംസ്ഥാനം വേണ്ട നടപടികളെടുക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു, സി.ബി.ഐയുടെ കാര്യത്തിൽ ഒന്നും പറയുന്നില്ലെന്നും പറഞ്ഞു.

ലഖിംപൂർ കർഷകകൊലയിൽ സ്വമേധയാ എടുത്ത കേസിൽ യുപി സർക്കാറിനെ സുപ്രിം കോടതി രൂക്ഷമായി വിമർശിച്ചു. കൊലക്കുറ്റം ചുമത്തിയ മറ്റ് പ്രതികളോടും ഇത്ര ലാഘവത്തോടെയാണോ പെരുമാറുന്നതെന്ന് കോടതി ചോദിച്ചു. ആശിഷ് മിശ്രയക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗൗരവത്തോടെയാണ് കേസിനെ കാണുന്നതെന്ന് അറിയിച്ച യു.പി സർക്കാറിനോട് പ്രവൃത്തിയിലും അത് കാണിക്കണമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ആശിഷ് മിശ്ര നാളെ ഹാജരാകുമെന്ന് യു.പി സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് മിശ്ര പറഞ്ഞു. കർഷകകൊലയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപാകെ ഹാജരാക്കാൻ ആശിഷ് കൂടുതൽ സമയം ചോദിച്ചെന്നും നാളെ 11 മണി ഹാജരാകാമെന്ന് ആശിഷിന്റെ അഭിഭാഷകൻ അന്വേഷണ സംഘത്തിനെ അറിയിച്ചെന്നും ഹരീഷ് മിശ്ര പറഞ്ഞു.

ആശിഷ് മിശ്രക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഹാജരായില്ലെങ്കിൽ നിയമപരമായ നടപടിയെടുക്കുമെന്ന് യു.പി സർക്കാർ കോടതിയിൽ അറിയിച്ചു. വെടിവെച്ചുവെന്ന് ആരോപണം ഉണ്ട്. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ അത് തെളിഞ്ഞിട്ടില്ല. ഗൗരവമുള്ള കേസ് ആണെന്നിതെന്നും യു.പി സർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഗൗരവമുള്ള കേസ് കൈകാര്യം ചെയ്യുന്നത് പോലെ അല്ല ഈ കേസ് യു.പി സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് കോടതി വിമർശിച്ചു. കേസുമായി ബന്ധപ്പെട്ട് യുപി സർക്കാർ സ്വീകരിച്ച നടപടികളിൽ കോടതിയ്ക്ക് തൃപ്തി ഇല്ല. ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യണം. അതാണ് സർക്കാറിൽ നിന്നും പൊലീസിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.

TAGS :

Next Story