എന്തുകൊണ്ട് എല്‍പിജി? പെട്രോളിനും ഡീസലിനും ക്ഷാമം വരുമോ?
യുദ്ധം ഇങ്ങനെ നീണ്ടുപോകുകയാണെങ്കില്‍ എല്‍പിജി ക്ഷാമം പോലെ പെട്രോളിനും ഡീസലിനും ക്ഷാമം നേരിടുമോയെന്നാണ് പലര്‍ക്കുമുള്ള സംശയം. സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള പ്രചാരണവും ചിലര്‍ നടത്തുന്നുണ്ട്.

- Updated:
2026-03-15 06:24:21.0

പശ്ചിമേഷ്യയില്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ രൂക്ഷമായ പാചകവാതക ക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നത്. എല്‍പിജി സിലിണ്ടറുകള്‍ കിട്ടാനില്ലാതെ ഹോട്ടലുകള്‍ ഉള്‍പ്പെടെ അടച്ചിടേണ്ട സാഹചര്യത്തിലെത്തി. പലരും മെനു വെട്ടിച്ചുരുക്കി. വീടുകളെയും പാചകവാതക ക്ഷാമം കാര്യമായി ബാധിച്ചിരിക്കുന്നു. ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും നഗരമേഖലകളില്‍ 25 ദിവസമായും ഉയര്‍ത്തിയിരിക്കുകയാണ്.
ഇതോടൊപ്പം മറ്റൊരു ആശങ്കയും ജനങ്ങള്‍ക്കിടയിലുണ്ട്. യുദ്ധം ഇങ്ങനെ നീണ്ടുപോകുകയാണെങ്കില്‍ എല്‍പിജി ക്ഷാമം പോലെ പെട്രോളിനും ഡീസലിനും ക്ഷാമം നേരിടുമോയെന്നാണ് പലര്‍ക്കുമുള്ള സംശയം. സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള പ്രചാരണവും ചിലര്‍ നടത്തുന്നുണ്ട്. പലയിടങ്ങളിലും ആളുകള്‍ പമ്പുകളില്‍ കൂട്ടത്തോടെയെത്തി ഇന്ധനം നിറക്കുന്നതിന്റെ റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍, എല്‍പിജി പോലെ പെട്രോള്‍, ഡീസല്‍ ക്ഷാമം രാജ്യത്ത് ഉണ്ടാകുമോ?
പെട്രോളിയം മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം വര്‍ഷം 31 ദശലക്ഷം ടണ്‍ എല്‍പിജിയാണ് ഇന്ത്യയുടെ ആകെ ഉപഭോഗം. ആവശ്യമായതിന്റെ പകുതിയില്‍ താഴെ മാത്രമാണ് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി എല്‍പിജി എത്തുന്നത് പ്രധാനമായും സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. ഇവ ഇന്ത്യയിലെത്താന്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകേണ്ടതുണ്ട്. ഇന്ത്യയിലേക്കുള്ള എല്‍പിജി ഇറക്കുമതിയുടെ 80-90 ശതമാനവും ഹോര്‍മുസ് വഴിയാണ് വരുന്നത്.
അതേസമയം, അസംസ്‌കൃത എണ്ണയുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. അസംസ്‌കൃത എണ്ണ സംസ്‌കരിച്ചാണ് പെട്രോളും ഡീസലും ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നത്. 40ലേറെ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാരായി റഷ്യ ഉയര്‍ന്നുവന്നിട്ടുണ്ട്, തൊട്ടുപിന്നാലെ ഇറാഖും സൗദി അറേബ്യയുമാണ്. റഷ്യയില്‍ നിന്നുള്ള എണ്ണക്ക് ഹോര്‍മുസ് വഴി കടന്നുപോകേണ്ടതില്ല. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞത് ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 70 ശതമാനത്തിനും ഹോര്‍മുസ് വഴി പോകേണ്ടതില്ല എന്നാണ്.
ഇന്ത്യയിലെത്തുന്ന അസംസ്‌കൃത എണ്ണ റിഫൈനറികള്‍ ശുദ്ധീകരിച്ചാണ് പെട്രോളും ഡീസലും ഉള്‍പ്പെടെ വിവിധ ഇന്ധനങ്ങളും ഉല്‍പ്പന്നങ്ങളുമായി മാറ്റുന്നത്. ഇന്ത്യക്ക് ആഭ്യന്തര ഉപഭോഗത്തേക്കാള്‍ കൂടുതല്‍ എണ്ണ ശുദ്ധീകരണ ശേഷിയുമുണ്ട്. അതിനാല്‍ അസംസ്‌കൃത എണ്ണയുടെ വരവ് കുറഞ്ഞാലും വിതരണം ക്രമമാക്കി നിര്‍ത്താനുള്ള ശേഷി റിഫൈനറികള്‍ക്കുണ്ട്. ഇതുകൂടാതെ ഇന്ത്യക്ക് അസംസ്‌കൃത എണ്ണയുടെ നിര്‍ണായക കരുതല്‍ ശേഖരവുമുണ്ട്. വിശാഖപട്ടണം, മംഗളൂരു, പാദൂര്‍ എന്നിവിടങ്ങളിലെ ഭൂഗര്‍ഭ സംഭരണികളിലാണ് ഇവയുള്ളത്. പുറത്തുനിന്നുള്ള വരവ് കുറഞ്ഞാലും നിരവധി ആഴ്ചകള്‍ പിടിച്ചുനില്‍ക്കാനുള്ള ശേഷി ഇത് നല്‍കുന്നു.
അതേസമയം, ഇന്ത്യയില്‍ എല്‍പിജിയുടെ കുറഞ്ഞ ശേഖരം മാത്രമാണ് എണ്ണയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉള്ളത്. എല്‍പിജി വന്‍തോതില്‍ സംഭരിച്ചുവെക്കുന്ന രീതിയിലല്ല രാജ്യത്ത് വിതരണ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മംഗളൂരുവിലും വിശാഖപട്ടണത്തും എല്‍പിജി സംഭരണ കേന്ദ്രങ്ങളുണ്ടെങ്കിലും ഇവയുടെ ആകെ സംഭരണ ശേഷി 1.4 ലക്ഷം ടണ്‍ മാത്രമാണ്. ഇത് ഇന്ത്യയുടെ രണ്ട് ദിവസത്ത ആകെ ഉപയോഗത്തേക്കാള്‍ കുറവാണ്. സംഭരണത്തെക്കാള്‍ തുടര്‍ച്ചയായ വിതരണം ഉറപ്പാക്കുന്ന രീതിയിലാണ് ഇന്ത്യയിലെ എല്‍പിജിയുടെ വിതരണരീതി.
74 ദിവസത്തേക്കുള്ള കരുതല്‍ എണ്ണ ശേഖരമാണ് ഇന്ത്യക്കുള്ളത്. അതേസമയം, എല്‍പിജിയുടെ കരുതല്‍ ശേഖരം വെറും രണ്ട് ദിവസത്തില്‍ താഴെ മാത്രവും. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡിനാണ് (ഐഎസ്പിആര്‍എല്‍) എണ്ണ സംഭരണികളുടെ ചുമതല. യുദ്ധം, കപ്പല്‍ക്ഷാമം, അസാധാരമായ വിലക്കയറ്റം തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമേ ഈ സംഭരണികളില്‍ നിന്ന് എണ്ണ പൊതുവിപണിയിലെത്തിക്കൂ. നിലവില്‍ അത്തരമൊരു ക്ഷാമ സാഹചര്യം എണ്ണക്ക് സംഭവിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ 30 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങിയിരുന്നു. നിലവില്‍, പെട്രോള്‍, ഡീസല്‍ വിതരണത്തില്‍ ഒരു നിയന്ത്രണവും ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
Adjust Story Font
16
