ഭർതൃപീഡനം; മഹാരാഷ്ട്ര മന്ത്രിയുടെ പിഎയുടെ ഭാര്യ ആത്മഹത്യ ചെയ്തു
മുംബൈ കെഇഎം ആശുപത്രിയിലെ ദന്തഡോക്ടറായിരുന്നു ഗൗരിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Photo| Special Arrangement
മുംബൈ: ഭർതൃപീഡനത്തെ തുടർന്ന് മഹാരാഷ്ട്ര മന്ത്രിയുടെ പിഎയുടെ ഭാര്യ ആത്മഹത്യ ചെയ്തു. മൃഗസംരക്ഷണ- പരിസ്ഥിതി മന്ത്രി പങ്കജ് മുണ്ഡെയുടെ പേഴ്സനൽ അസിസ്റ്റന്റ് ആനന്ദ് ഗാർജെയുടെ ഭാര്യ ഗൗരി പൽവെയാണ് ജീവനൊടുക്കിയത്.
സെൻട്രൽ മുംബൈയിലെ വോർലി പ്രദേശത്തെ വീട്ടിൽ ശനിയാഴ്ച വൈകീട്ടാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരിയിലായിരുന്നു ഗൗരിയുടെയും ആനന്ദിന്റേയും വിവാഹം.
മുംബൈ കെഇഎം ആശുപത്രിയിലെ ദന്തഡോക്ടറായിരുന്നു ഗൗരിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആനന്ദ് ഭാര്യയെ ക്രൂരമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും കുടുംബം ആരോപിച്ചതായി പൊലീസ് പറഞ്ഞു. മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
പ്രാഥമിക വിവരങ്ങൾ പ്രകാരം കുടുംബതർക്കങ്ങളെ തുടർന്നാണ് ആത്മഹത്യയെന്ന് സംശയിക്കുന്നതായും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Adjust Story Font
16

