കുംഭമേളയിൽ ജോലി ലഭിച്ച നാലു ലക്ഷം യുവാക്കൾ വീണ്ടും ജോലിക്കായി 144 വർഷം കാത്തിരിക്കുമോ? യോഗിയോട് അഖിലേഷ് യാദവ്
2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ തോൽവി നേരിടേണ്ടിവരുമെന്നും യാദവ്

ലഖ്‌നൗ: ഉത്തർപ്രദേശ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി തലവന്‍ അഖിലേഷ് യാദവ്.
മഹാ കുംഭമേളയിൽ ഭക്തരെ സഹായിക്കുന്നതിനായി മോട്ടോർ സൈക്കിൾ റൈഡേഴ്‌സ് ആയി ജോലി ചെയ്ത നാല് ലക്ഷം യുവാക്കൾ വീണ്ടും ജോലിക്കായി 144 വർഷം കാത്തിരിക്കുമോ എന്ന് അഖിലേഷ് ചോദിച്ചു.
'' മഹാകുംഭമേളയിൽ ഭക്തരെ യാത്ര ചെയ്യാൻ സഹായിക്കുന്നതിന് മോട്ടോർ സൈക്കിൾ ഓടിച്ചിരുന്ന നാല് ലക്ഷം യുവാക്കൾക്ക് തൊഴിൽ ലഭിച്ചതായി യുപി മുഖ്യമന്ത്രി പറയുന്നു. ഇതിനർത്ഥം 144 വർഷം കാത്തിരിക്കണോ അതേ ജോലി ലഭിക്കാനെന്ന് അഖിലേഷ് ചേദിച്ചു. 144 വർഷത്തിലൊരിക്കൽ നടക്കുന്ന അടുത്ത പൂർണ്ണ മഹാകുംഭത്തെ സൂചിപ്പിച്ചായിരുന്നു അഖിലേഷിന്റെ വിമര്‍ശനം.
സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും അഖിലേഷ് പറഞ്ഞു. മഹോബയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് യുപി സര്‍ക്കാറിനെതിരായ അഖിലേഷിന്റെ വിമര്‍ശനം. മഹാകുംഭിന് ശേഷവും നിരവധി പേരെല കാണാതായിട്ടുണ്ടെന്നും പൊതുസ്ഥലങ്ങളിൽ കാണാതായവരുടെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ടെന്നും അഖിലേഷ് വ്യക്തമാക്കി.
"നിങ്ങൾ പ്രയാഗ്‌രാജ് സന്ദർശിക്കുകയാണെങ്കിൽ, ഇപ്പോഴും പൊലീസ് സ്റ്റേഷനുകൾക്കും ആശുപത്രികൾക്കും പൊതുസ്ഥലങ്ങൾക്കും പുറത്ത് പോസ്റ്ററുകൾ പതിച്ചതായി കാണാം. മഹാ കുംഭമേള അവസാനിച്ചു, പക്ഷേ സർക്കാർ കണക്കുകൾ പ്രകാരം 900ഓളം പേരെ ഇപ്പോഴും കാണാനില്ല'- അഖിലേഷ് വ്യക്തമാക്കി. 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ തോൽവി നേരിടേണ്ടിവരുമെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

