Quantcast

പെട്രോൾ, ഡീസൽ വില വർധന; ട്രെയിനിലെ ഭക്ഷണത്തിന് വില കൂടുമോ?

വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഗര്‍വാൾ ഐആർസിടിസി കാറ്ററിങ് സർവീസസ് ഡയറക്ടർക്ക് കത്തയിച്ചിട്ടുണ്ട്

MediaOne Logo
പെട്രോൾ, ഡീസൽ വില വർധന; ട്രെയിനിലെ ഭക്ഷണത്തിന് വില കൂടുമോ?
X

ഡൽഹി: പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സമസ്ത മേഖലകളെയും ബാധിച്ചിരിക്കുകയാണ്. പാചകവാതക ക്ഷാമത്തിനും വിലവര്‍ധനവിനും പിന്നാലെ പെട്രോൾ, ഡീസൽ വിലകൾ വര്‍ധിച്ചതും ഇരുട്ടടിയായിരിക്കുകയാണ്. പാചകവാതകം കിട്ടാനില്ലാത്ത സാഹചര്യത്തിൽ ഹോട്ടൽ ഭക്ഷണത്തിന്‍റെ വില കൂടിയിരുന്നു. എന്നാൽ ട്രെയിനിൽ വിളമ്പുന്ന ഭക്ഷണവിലയിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഇപ്പോൾ ഇന്ത്യൻ റെയിൽവേയിൽ കാറ്ററിംഗ് സേവനങ്ങൾ നൽകുന്ന കരാറുകാർ വില പരിഷ്കരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുകയാണ്.

ട്രെയിനുകളിൽ ഭക്ഷണവും കാറ്ററിംഗ് സേവനങ്ങളും നൽകുന്ന കരാറുകാരുടെ സംഘടനയാണ് ഇന്ത്യൻ റെയിൽവേ മൊബൈൽ കാറ്ററേഴ്‌സ് അസോസിയേഷൻ (IRMCA). ആര്‍കെ ബിസിനസ് ഗ്രൂപ്പിന്‍റെ ഉടമയായ ശരൺ ബിഹാരി അഗർവാളാണ് അസോസിയേഷന്റെ തലപ്പത്ത്.ക്ലസ്റ്റർ-എ ട്രെയിനുകളിൽ ഏകദേശം 70 ശതമാനത്തിലും ഈ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളാണ് പാൻട്രി സേവനങ്ങൾ കൈകാര്യം ചെയ്യുന്നത്, ഇതിൽ രാജധാനി, ശതാബ്ദി, വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള പ്രീമിയം, പ്രധാനപ്പെട്ട ട്രെയിനുകൾ ഉൾപ്പെടുന്നു.

വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഗര്‍വാൾ ഐആർസിടിസി കാറ്ററിങ് സർവീസസ് ഡയറക്ടർക്ക് കത്തയിച്ചിട്ടുണ്ട്. 2019-ലാണ് ഐആർസിടിസി അവസാനമായി പാൻട്രി കാറുകളിലെ ഭക്ഷണ പാനീയങ്ങളുടെ വില നിശ്ചയിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഈ സാധനങ്ങളുടെ വിപണി വിലയിൽ 250 ശതമാനം വരെ വർധനവുണ്ടായതായി കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമെ പാൻട്രി കാറുകളിലെ ജീവനക്കാരുടെ ശമ്പളത്തിലും വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. അതിനാൽ, ഭക്ഷണപാനീയങ്ങളുടെ വില അതിനനുസരിച്ച് പരിഷ്കരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭക്ഷണത്തിന്‍റെയും സേവനങ്ങളുടെയും ഗുണനിലവാരം നിലനിർത്താൻ ഇത് ആവശ്യമാണെന്ന് അവർ പറയുന്നു.

ഇന്ത്യൻ റെയിൽവേയിൽ ഭക്ഷ്യ സേവനങ്ങൾ പ്രീപെയ്ഡ് - പോസ്റ്റ്പെയ്ഡ് ആയി രണ്ട് വിഭാഗങ്ങളിലായാണ് നൽകുന്നത്. രാജധാനി, ശതാബ്ദി, വന്ദേ ഭാരത് എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്രക്കാർ ഭക്ഷണത്തിന് മുൻകൂറായി പണം നൽകേണ്ടതുണ്ട്. പ്രീമിയം ട്രെയിനുകളിൽ നൽകുന്ന ഭക്ഷണ സാധനങ്ങൾ പ്രീപെയ്ഡ് ആയി തരം തിരിച്ചിരിക്കുന്നു.മറ്റ് ട്രെയിനുകളിൽ, യാത്രക്കാർ സാധനങ്ങൾ വാങ്ങിയതിനുശേഷം പണം നൽകേണ്ടിവരും.രണ്ട് വിഭാഗത്തിലുള്ള ഭക്ഷ്യ-പാനീയ ഇനങ്ങളുടെയും വില ഉടൻ വർധിപ്പിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെടുന്നു.

TAGS :

Next Story