Quantcast

അസമിൽ കോൺഗ്രസിന്റെ നിർണായക നീക്കം; ഹിമന്തയെ വീഴ്ത്തുമോ ഗൗരവ് ഗൊഗോയ്

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ ശക്തനായ നേതാവ് ​ഗൗരവ് ​ഗൊ​ഗോയിയെ ആണ് കോൺ​ഗ്രസ് പുതിയ പിസിസി അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    26 May 2025 9:40 PM IST

അസമിൽ കോൺഗ്രസിന്റെ നിർണായക നീക്കം; ഹിമന്തയെ വീഴ്ത്തുമോ ഗൗരവ് ഗൊഗോയ്
X

ഗുവാഹതി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അസമിൽ ഗൗരവ് ഗൊഗോയിയെ പിസിസി അധ്യക്ഷനാക്കി കോൺഗ്രസിന്റെ നിർണായക നീക്കം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണശാലയായി മാറിക്കൊണ്ടിരിക്കുന്ന അസമിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്ക് തലവേദന ഒരാൾ മാത്രമാണ്. അതാണ് കോൺഗ്രസിന്റെ ലോക്‌സഭാ കക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയ്.

തുടക്കത്തിൽ ഗൗരവിനെ അവഗണിക്കുകയാണ് ഹിമന്ത ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ഹിമന്തയുമായി നേരിട്ട് ഏറ്റുമുട്ടുന്ന നേതാവായി ഗൗരവ് മാറിയിട്ടുണ്ട്. അതിനുള്ള ജനപിന്തുണയും അദ്ദേഹം ആർജിച്ചിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് രാഹുൽ ഗാന്ധി പാർട്ടിയെ നയിക്കാൻ ഗൗരവിനെ ഏൽപ്പിച്ചിരിക്കുന്നത്.

ഗൊഗോയ് കുടുംബത്തിന്റെ മണ്ഡലമായ കാലിയബോറിൽ നിന്ന് രണ്ട് തവണയാണ് ഗൗരവ് ലോക്‌സഭയിലേക്ക് ജയിച്ചത്. മുതിർന്ന നേതാക്കളെ മറികടന്ന് രണ്ട് തവണ പ്രതിപക്ഷ ഉപനേതാവുമായി. മണിപ്പൂർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഗൗരവിന്റെ ഇടപെടലുകൾ ബിജെപിക്ക് തലവേദനയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡല പുനർനിർണയത്തിൽ കാലിയബോർ ഇല്ലാതായി ഇത് മനപ്പൂർവമാണെന്ന് ഗൗരവ് ആരോപിച്ചിരുന്നു. മണ്ഡലത്തിലെ മുസ്‌ലിം വോട്ടുകളായിരുന്നു ഗൊഗോയ് കുടുംബത്തിന്റെ ശക്തി.

അഹോം വിഭാഗത്തിന്റെ ശക്തികേന്ദ്രമായ ജോർഹട്ടിലാണ് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗൗരവ് മത്സരിച്ചത്. എംപിയും അഹോം വംശജനുമായ തപൻ കുമാർ ഗൊഗോയിയെ ആയിരുന്നു ബിജെപി രംഗത്തിറക്കിയത്. ഹിമന്ത തന്നെ മുന്നിൽ നിന്ന് പ്രചാരണം നയിച്ചു. മന്ത്രിസഭായിലെ അംഗങ്ങൾ മുഴുവൻ ജോർഹട്ടിൽ ക്യാമ്പ് ചെയ്ത് ഗൗരവിനെതിരെ പ്രചാരണം നടത്തി. യഥാർഥത്തിൽ ഗൗരവ്-ഹിമന്ത പോരാട്ടമായിരുന്നു അന്ന് ജോർഹട്ടിൽ നടന്നത്. ബിജെപിയുടെ എല്ലാ ആയുധങ്ങളും നിഷ്പ്രഭമാക്കി 1,44,393 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഗൗരവ് ജയിച്ചുകയറിയത്.

മുസ്‌ലിം വോട്ടർമാർക്കിടയിലുണ്ടായ മാറ്റമാണ് കോൺഗ്രസിന്റെ പ്രതീക്ഷയും ബിജെപിയുടെ ആശങ്കയും. പരമ്പരാഗതമായി കോൺഗ്രസിന് ലഭിച്ചിരുന്ന മുസ്‌ലിം വോട്ട് ബദ്‌റുദ്ദീൻ അജ്മലിന്റെ എഐയുഡിഎഫിലേക്ക് വഴിമാറിയതാണ് ബിജെപിക്ക് നേട്ടമായിരുന്നത്. എന്നാൽ അജ്മൽ വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുന്ന കോൺഗ്രസ് ആരോപണം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫലം കണ്ടു. മുസ്‌ലിം വോട്ടുകൾ ഒന്നാകെ കോൺഗ്രസിലേക്ക് തിരിച്ചൊഴുകി. അജ്മൽ സ്ഥിരമായി ജയിച്ചിരുന്ന ദുബ്രി മണ്ഡലത്തിൽ കോൺഗ്രസിന്റെ റകീബുൽ ഹുസൈൻ 10 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

ഈ ട്രെൻഡ് നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിച്ചാൽ ബിജെപിയെ മലർത്തിയടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് ലഭിച്ചത് 75 സീറ്റാണ്. കോൺഗ്രസ് നേതൃത്വം നൽകിയ മഹാജോഡി 50 സീറ്റാണ് നേടിയത്. തീവ്രഹിന്ദുത്വ രാഷ്ട്രീയവും മുസ് ലിം വിരുദ്ധതയുമാണ് ഹിമന്തയുടെ പ്രധാന ആയുധം. ഇതിനെ മറികടക്കാൻ കടുത്ത സംഘ്പരിവാർ വിരുദ്ധ നിലപാടുള്ള ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.

TAGS :

Next Story