Quantcast

ഇന്ത്യയിലെ മുസ്‍ലിം ജനസംഖ്യ എന്നെങ്കിലും ഹിന്ദുക്കളെ മറികടക്കുമോ? കണക്കുകള്‍ മുന്നിലുള്ളപ്പോള്‍ വ്യാജ പ്രചാരണം എന്തിന്

ഔദ്യോഗിക ജനസംഖ്യാ കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ ഹിന്ദുത്വവാദികളുടെ പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യക്തമാകും

MediaOne Logo
Will India’s Muslim population surpass Hindus?
X

ഇന്ത്യയിലെ മുസ്‍ലിം ജനസംഖ്യ അതിവേഗം വര്‍ധിക്കുകയാണെന്ന് സംഘപരിവാര്‍ പലപ്പോഴായി ഉയര്‍ത്തുന്ന പ്രചാരണമാണ്‌. ഇതിന് മറുപടിയെന്നോണം, ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കണമെന്നും ഓരോ ഹിന്ദു കുടുംബത്തിനും കുറഞ്ഞത് മൂന്ന് കുഞ്ഞുങ്ങളെങ്കിലും വേണമെന്നും ആഹ്വാനം ചെയ്തത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതാണ്. ഇന്ത്യയിലെ മുസ്‍ലിം ജനസംഖ്യ അതിവേഗം വളരുകയാണെന്ന സങ്കല്‍പ്പം തന്നെ ഉണ്ടാക്കിയെടുക്കാന്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഹിന്ദുത്വവാദികളുടെ ഇത്തരം പ്രചാരണത്തെ ഏറ്റവുമൊടുവില്‍ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരാണ്. രാജ്യത്തെ 80 ശതമാനം വരുന്ന ഹിന്ദുക്കള്‍ 14 ശതമാനം വരുന്ന മുസ്‍ലിംകളെ ഭയന്ന് ജീവിക്കേണ്ടി വരുമെന്ന ആഖ്യാനമാണ് സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. സമൂഹമാധ്യമങ്ങളില്‍ കാണുന്ന ചില വിഭാഗീയ ചര്‍ച്ചകളില്‍ പറയുന്നത്, ഇന്ത്യയിലെ മുസ്‍ലിം ജനസംഖ്യ സമീപഭാവിയില്‍ ഹിന്ദു ജനസംഖ്യയെ മറികടക്കുമെന്നാണ്. എന്താണ് ഇത്തരമൊരു പ്രചാരണത്തിന്‌റെ അടിസ്ഥാനം?

കേന്ദ്ര സര്‍ക്കാറിന്‌റെ ഔദ്യോഗിക ജനസംഖ്യാ കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ ഹിന്ദുത്വവാദികളുടെ പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യക്തമാകുമെന്ന് നാഷണല്‍ ഹെറാള്‍ഡില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ മുസ്‍ലിം ജനസംഖ്യ ആകെ ജനസംഖ്യയുടെ 14.2 ശതമാനമാണ്. അതിനു ശേഷം സെന്‍സസ് നടന്നിട്ടില്ലെങ്കിലും 2025ല്‍ മുസ്‍ലിം ജനസംഖ്യ 14.6 ശതമാനത്തിനും 15 ശതമാനത്തിനും ഇടയിലായി വളര്‍ന്നിട്ടുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ഹിന്ദുക്കളുടെ ജനസംഖ്യ 79 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ്. മുസ്‍ലിം ജനസംഖ്യാ ശതമാനം വര്‍ധിക്കുകയാണെന്ന പ്രചാരണത്തിന് ഒരു കണക്കുകളുടെയും അടിസ്ഥാനമില്ല. ഇനി ജനനനിരക്ക് എടുത്തു പരിശോധിച്ചാലും ഈ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് കാണാം. എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും ജനനനിരക്കില്‍ കുറവ് വരികയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2019-20ലെ ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം മുസ്‍ലിംകള്‍ക്കിടയിലെ ജനനനിരക്ക് 2.36 ശതമാനമാണ്. ഹിന്ദുക്കള്‍ക്കിടയില്‍ ഇത് 1.94 ശതമാനമാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മുസ്‍ലിം, ഹിന്ദു വിഭാഗങ്ങളിലെ ജനനനിരക്കിലുണ്ടായിരുന്ന വ്യത്യാസത്തില്‍ 60 ശതമാനത്തിന്‌റെ കുറവ് വന്നിട്ടുണ്ട്‌. ഇതിനര്‍ഥം ഇരുവിഭാഗത്തിലെയും ജനനനിരക്ക് കൂടുതല്‍ സ്ഥിരതയിലേക്ക് വരുന്നുവെന്നാണെന്ന് നാഷണല്‍ ഹെറാള്‍ഡിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസ്‍ലിം ജനസംഖ്യയിലെ നേരിയ വളര്‍ച്ചയ്ക്ക് പ്രത്യുല്‍പ്പാദന നിരക്കുമായി ബന്ധമില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മുസ്‍ലിംകള്‍ക്കിടയിലെ കൂടുതല്‍ യുവാക്കള്‍ പ്രത്യുല്‍പ്പാദന കാലഘട്ടത്തിലെത്തുന്നതിന്‌റെ ഫലമായുള്ള താല്‍ക്കാലിക പ്രതിഭാസമാണിത്. ഈ സമയം കഴിയുന്നതോടെ ഈ ട്രെന്‍ഡ് സ്വാഭാവികമായി തന്നെ ഇല്ലാതാകും. നേരിയ വളര്‍ച്ചയുണ്ടെങ്കില്‍ പോലും മുസ്‍ലിം ജനസംഖ്യ ആകെ ജനസംഖ്യയുടെ പരമാവധി 17-18 ശതമാനം മാത്രമേ എത്തുകയുള്ളൂ. അപ്പോഴും ഹിന്ദു ജനസംഖ്യക്ക് ഏറെ പിന്നിലായിരിക്കും.

ഹിന്ദു പ്രത്യുല്‍പ്പാദന നിരക്ക് നിലവില്‍ 'റിപ്ലേസിങ് ലെവലി'ന് താഴെയാണ്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ എന്നതാണ് റിപ്ലേസിങ് ലെവല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. മുസ്‍ലിം പ്രത്യുല്‍പ്പാദന നിരക്കും ഈ ലെവലിലേക്ക് വരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന വിദ്യാഭ്യാസം, നഗരവത്കരണം, വരുമാന നിലവാരം എന്നിവ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ ജനസംഖ്യാധിഷ്ഠിത മതഘടന പതിറ്റാണ്ടുകളോളം നിലവിലെ സ്ഥിതിയില്‍ തുടരുമെന്നാണ് നിഗമനം.

എന്തുകൊണ്ട് മുസ്‍ലിം ജനസംഖ്യ ഹിന്ദുക്കളെ മറികടക്കുമെന്ന പ്രചാരണം?

മുസ്‍ലിം ജനസംഖ്യ ഹിന്ദു ജനസംഖ്യയെ മറികടക്കുമെന്ന പ്രചാരണത്തിന് പിന്നില്‍ മൂന്ന് കാരണങ്ങളുണ്ടെന്നാണ് നാഷണല്‍ ഹെറാള്‍ഡിന്‌റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

1. മുന്‍കാല പ്രവണതകളെ ഭാവി പ്രവചനങ്ങളായി തെറ്റായി വ്യാഖ്യാനിക്കുന്ന രീതി.

2. ജനനിരക്കിലെ വ്യത്യാസത്തെ ഊതിപ്പെരുപ്പിച്ചു കാണിക്കല്‍.

3. വിഭാഗീയത വളര്‍ത്താനായുള്ള വ്യാജ പ്രചാരണം.

ലഭ്യമായ എല്ലാ ഡാറ്റകളും പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് ഇന്ത്യയില്‍ മുസ്‍ലിം ജനസംഖ്യ ഹിന്ദു ജനസംഖ്യയെ മറികടക്കാനുള്ള ഒരു സാധ്യതയും ഇല്ലെന്നാണെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്‍ലിം ജനസംഖ്യയ്ക്ക് നേരിയ തോതിലുള്ള വളര്‍ച്ചയുണ്ടെങ്കിലും അത് ഹിന്ദു ജനസംഖ്യയെ മറികടക്കാന്‍ ഉതകുന്നതല്ല. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം വിഭാഗീയ നേട്ടങ്ങള്‍ ലക്ഷ്യമിട്ടുള്ളതു മാത്രം.

TAGS :

Next Story