'ഫോം നേരിട്ട് സ്വീകരിച്ചിട്ടില്ല, ബംഗാളിലെ വോട്ടർമാരെല്ലാം പൂരിപ്പിക്കുന്നത് വരെ എസ്ഐആർ പൂരിപ്പിക്കില്ല': മമത ബാനർജി
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ച് ഫോം ലഭിച്ചതായി തൃണമൂൽ പാർട്ടി മുഖപത്രമായ ജാഗോ ബംഗ്ലയും മറ്റ് ചില പ്രസിദ്ധീകരണങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിശദീകരണവുമായി മമത തന്നെ രംഗത്തെത്തിയത്

മമത ബാനർജി Photo-PTI
കൊല്‍ക്കത്ത: ബംഗാളിലെ എല്ലാ വോട്ടർമാരും എസ്‌ഐആര്‍ ഫോം പൂരിപ്പിക്കുന്നത് വരെ താന്‍ അത് പൂരിപ്പിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ബൂത്ത് ലെവല്‍ ഓഫീസറില്‍ (ബിഎല്‍ഒ) നിന്ന് നേരിട്ട് എസ്‌ഐആര്‍ ഫോം സ്വീകരിച്ചിട്ടില്ലെന്നും മമത വ്യക്തമാക്കി.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ച് ഫോം ലഭിച്ചതായി തൃണമൂൽ പാർട്ടി മുഖപത്രമായ ജാഗോ ബംഗ്ലയും മറ്റ് ചില പ്രസിദ്ധീകരണങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് വിശദീകരണവുമായി മമത തന്നെ രംഗത്തെത്തിയത്.
‘‘ഇന്നലെ ഉത്തരവാദിത്തപ്പെട്ട ബിഎൽഒ തന്റെ ജോലി ചെയ്യാൻ ഞങ്ങളുടെ സ്കൂളിൽ വന്നു. അതിനിടയിൽ, അവർ എന്റെ താമസ സ്ഥലത്തെ ഓഫീസിൽ എത്തി. താമസസ്ഥലത്തെ ചില വോട്ടർമാരെ തിരിച്ചറിഞ്ഞ് ഫോം നൽകി. ബംഗാളിലെ എല്ലാവരും ഫോം പൂരിപ്പിക്കുന്നില്ലെങ്കിൽ, എനിക്കും ഒരു ഫോമും പൂരിപ്പിക്കാൻ കഴിയില്ല, പൂരിപ്പിക്കുകയുമില്ല. വിവിധ മാധ്യമങ്ങളും പത്രങ്ങളും ഞാൻ വീട്ടിൽ നിന്ന് പുറത്തുവന്ന് ബിഎൽഒയുടെ കൈയിൽ പിടിച്ചുവെന്നും ഫോം വാങ്ങിച്ചുവെന്നും റിപ്പോർട്ട് ചെയ്തു. ഈ വാർത്ത പൂർണ്ണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്’’ – മമതാ ബാനർജി വ്യക്തമാക്കി.
തുടക്കം മുതലെ വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്കരണത്തിനെതിരെ(എസ്‌ഐആര്‍) തൃണമൂൽ കോൺഗ്രസ് രംഗത്തുണ്ട്. എസ്‌ഐആറിനെതിരെ ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്‍ക്കത്തയില്‍ മമതയുടെ നേതൃത്വത്തില്‍ മെഗാ റാലി സംഘടിപ്പിച്ചിരുന്നത്. അതേസമയം സംസ്ഥാനത്തെ എസ്‌ഐആറിന്റെ പുരോഗതി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്നും യോഗ്യതയില്ലാത്തവരെ ഉൾപ്പെടുത്തില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Adjust Story Font
16

