ശിവസേന ഉദ്ധവ് വിഭാഗത്തിൽ നിന്ന് കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന് ശ്രീകാന്ത് ഷിൻഡെ എംപി
ഇനി ഉദ്ധവ് ക്യാമ്പ് വിടാൻ ഒരുങ്ങുന്നവരിൽ എംപിമാരും എംഎൽഎമാരും ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ശ്രീകാന്ത് ഷിൻഡെ വ്യക്തത വരുത്തിയിട്ടില്ല

- Published:
25 Jun 2026 10:01 PM IST

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ (യുബിടി) നിന്ന് കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന മുന്നറിയിപ്പുമായി ഷിന്‍ഡെ ശിവസേന എം.പി ശ്രീകാന്ത് ഷിൻഡെ. ഉദ്ധവ് താക്കറെയ്ക്ക് പാർട്ടിയുടെ അടിത്തറ നഷ്ടപ്പെട്ടെന്നും സ്വന്തം പ്രസ്ഥാനത്തെ ഒന്നിപ്പിച്ചു നിർത്താൻ അദ്ദേഹം പാടുപെടുകയാണെന്നും ശ്രീകാന്ത് ഷിൻഡെ ആരോപിച്ചു.
ശിവസേന (യു.ബി.ടി) ടിക്കറ്റിൽ ജയിച്ച ഒൻപത് എം.പിമാരിൽ ആറുപേരും ഇതിനകം തന്നെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്ന വാർത്തകൾ പുറത്തുവരുന്നത്.
ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഏകനാഥ് ഷിൻഡെയുടെ മകനായ ശ്രീകാന്ത് ഷിൻഡെ ഈ അവകാശവാദം ഉന്നയിച്ചത്. സ്വന്തം എംഎൽഎമാർക്കും എംപിമാർക്കും പോലും ഉദ്ധവ് താക്കറെയെ നേരിട്ട് ചെന്ന് കാണാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും, ഇതാണ് ജനപ്രതിനിധികൾക്കും പാർട്ടി പ്രവർത്തകർക്കും ഇടയിൽ വലിയ അതൃപ്തിക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ പാർട്ടി വിട്ടവരിൽ ഭൂരിഭാഗവും യഥാർത്ഥ ശിവസേനയുടെ സ്ഥാപക നേതാക്കളാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. എന്നാൽ ഇനി ഉദ്ധവ് ക്യാമ്പ് വിടാൻ ഒരുങ്ങുന്നവരിൽ എംപിമാരും എംഎൽഎമാരും ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല.
അതേസമയം, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി) വിഭാഗത്തിലെ 8 എം.പിമാരിൽ 5 പേർ അജിത് പവാർ പക്ഷത്തേക്ക് മാറാൻ തയ്യാറെടുക്കുകയാണെന്ന എൻ.സി.പി എം.എൽ.എ ധർമ്മറാവു അത്രാമിന്റെ അവകാശവാദം ശരദ് പവാറും വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ പൂർണ്ണമായി തള്ളി. തങ്ങളുടെ പാർട്ടിയിൽ നിന്ന് ഒരു എം.പി പോലും എതിർപക്ഷത്തേക്ക് പോകില്ലെന്ന് സുപ്രിയ വ്യക്തമാക്കി.
Adjust Story Font
16
