പർദ ധരിച്ചെത്തി തുണിക്കടയുടമയായ ഭർത്താവിനെ കുത്തിക്കൊല്ലാൻ ശ്രമം; യുവതി അറസ്റ്റിൽ
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

മംഗളൂരു: കർണാടക ബണ്ട്വാളിൽ പർദ ധരിച്ച് തുണിക്കടയിൽ കയറി ഉടമയായ ഭർത്താവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കെ.ടി ജ്യോതി എന്ന 42കാരിയെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഭർത്താവ് കൃഷ്ണകുമാർ സോമയാജിക്ക് തലയ്ക്കും നെഞ്ചിനും കൈയ്ക്കും പരിക്കേറ്റു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം. സോമയാജി ടെക്സ്റ്റൈൽസ് ഉടമയായ കൃഷ്ണകുമാർ ക്യാഷ് കൗണ്ടറിൽ ഇരിക്കുകയായിരുന്നു. ജ്യോതി ബുർഖ ധരിച്ച് ഉപഭോക്താവ് എന്ന വ്യാജേനയെത്തി. ഹിന്ദിയിൽ സംസാരിച്ച ഇവർ നവജാത ശിശുവിനുള്ള തുണിയുണ്ടോ എന്ന് ചോദിച്ചു. കടയിലെ ജീവനക്കാരി നമിത തുണി മുറിക്കാൻ മുകളിലേക്ക് പോയപ്പോഴായിരുന്നു ആക്രമണം.
ജ്യോതിയുടെ കുത്തേറ്റ കൃഷ്ണകുമാർ കടയിൽ നിന്ന് പുറത്തേക്കോടി. നിലവിളി കേട്ട് താഴേക്ക് വന്ന ജീവനക്കാരി കൃഷ്ണകുമാറിനെ ഓട്ടോറിക്ഷയിൽ ബിസി റോഡിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ജീവനക്കാരിയുടെ പരാതിയിൽ ബണ്ട്വാൾ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2010ലായിരുന്നു ജ്യോതിയും കൃഷ്ണകുമാറുമായുള്ള രണ്ടാം വിവാഹം. ആദ്യ വിവാഹത്തിൽ ജ്യോതിക്ക് ഒരു മകനുണ്ടായിരുന്നു. കഴിഞ്ഞ വർഷം സൂറത്ത്കലിനടുത്ത് അസ്വാഭാവിക സാഹചര്യത്തിൽ മകൻ മരിച്ചു. ഇതേത്തുടർന്നുള്ള വഴക്കാണ് ആക്രമണ കാരണമെന്നാണ് നിഗമനം.
Adjust Story Font
16

