സ്ത്രീ കരഞ്ഞതുകൊണ്ട് മാത്രം സ്ത്രീധന പീഡനമാണെന്ന് പറയാനാവില്ല: ഡല്‍ഹി ഹൈക്കോടതി
ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയുടേതാണ് നിരീക്ഷണം

ന്യൂഡൽഹി: സ്ത്രീ കരഞ്ഞതു കൊണ്ട് മാത്രം സ്ത്രീധന പീഡനമാണെന്ന് പറയാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ക്രൂരത, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളില്‍ നിന്ന് ഭര്‍ത്താവിനേയും കുടുംബത്തേയും ഒഴിവാക്കുന്നതിനെതിരായി യുവതിയുടെ കുടുംബം സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയുടെ നിരീക്ഷണം.
2010ല്‍ വിവാഹിതയായ സ്ത്രീ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും സ്ത്രീധന പീഡനം നേരിട്ടുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. രണ്ട് പെണ്‍മക്കളുടെ അമ്മയായ സ്ത്രീ 2014 മാര്‍ച്ച് 31ന് മരിക്കുകയും ചെയ്തു. വിവാഹത്തിനായി ഏകദേശം നാല് ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് സ്ത്രീയുടെ കുടുംബം പറയുന്നത്. പിന്നീട് ഭര്‍ത്താവും അമ്മായിയച്ഛനും മോട്ടോര്‍ സൈക്കിള്‍, പണം, സ്വര്‍ണ ബ്രേസ് ലെറ്റ് എന്നിവ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.
ഹോളി ദിനത്തില്‍ തന്റെ സഹോദരിയെ വിളിച്ചപ്പോള്‍ കരയുകയായിരുന്നുവെന്ന് മരിച്ച സ്ത്രീയുടെ സഹോദരിയുടെ രഹസ്യ മൊഴി നൽകിയിരുന്നു. എന്നാല്‍ കരഞ്ഞതുകൊണ്ടു മാത്രം സ്ത്രീധന പീഡനത്തിന് കേസെടുക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ന്യുമോണിയ മൂലമാണ് മരണം സംഭവിച്ചതെന്ന് പറഞ്ഞുകൊണ്ട് കുറ്റം ആരോപിക്കപ്പെട്ട ഭര്‍ത്താവിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണ കാരണം ന്യുമോണിയ ആണെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സ്ത്രീയുടെ മരണം ഭര്‍ത്താവിന്റെ ക്രൂരതയോ ഗാര്‍ഹിക പീഡനവുമാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇല്ലെന്നും കോടതി പറഞ്ഞു. പ്രതിക്ക് പണം നല്‍കിയതിന് തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.
Adjust Story Font
16

