Quantcast

സഹോദരിയെ പ്രണയിച്ച് വഞ്ചിച്ചതിന്റെ പ്രതികാരം; യുപിയിൽ ഭർതൃ സഹോദരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി

രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ മഞ്ജു അടുക്കളയിലെത്തി കത്തിയെടുത്ത് ഉമേഷിന്റെ മുറിയിലേക്ക് പോവുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    20 Oct 2025 4:19 PM IST

Woman cuts off brother-in-laws private parts for Cheating her sister after affair in UP
X

Photo| Special Arrangement

ലഖ്നൗ: തന്റെ സഹോദരിയുമായി പ്രണയത്തിലാവുകയും പിന്നീട് അതിൽനിന്ന് പിന്മാറി മറ്റൊരു യുവതിയുമായി അടുപ്പത്തിലാവുകയും ചെയ്ത ഭർതൃസഹോദരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി. യുപിയിലെ പ്രയാ​ഗ് രാജിലെ മൗഐമയിലാണ് സംഭവം. മാൽഖൻപൂർ സ്വദേശിയായ 20കാരൻ ഉമേഷാണ് ക്രൂരതയ്ക്ക് ഇരയായത്. ഇയാളുടെ സഹോദര ഭാര്യ മഞ്ജുവാണ് ആക്രമിച്ചത്.

ഒക്ടോബർ 16നാണ് നാടിനെ നടുക്കിയ സംഭവം. രാത്രി വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന ഉമേഷിന്റെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് ചോരയിൽ കുളിച്ചുനിൽക്കുന്ന യുവാവിനെ കണ്ടത്. ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട നിലയിൽ വേദന കൊണ്ട് പുളയുന്ന ഉമേഷിനെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും അ‍ജ്ഞാത ആക്രമണം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തു.

ആരാണ് ഇത്തരമൊരു ആക്രമണം നടത്തിയതെന്നോ എന്തിനാണെന്നോ അറിയാത്തതിനാൽ വിശദമായി അന്വേഷിക്കാൻ തന്നെ പൊലീസ് തീരുമാനിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ചില കുടുംബ- പ്രണയബന്ധ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമായത്. ഉമേഷിന്റെ ജ്യേഷ്ഠനായ ഉദയ്‌യുടെ ഭാര്യയായ മഞ്ജുവിന്റെ ഇളയ സഹോദരിയുമായി ഉമേഷ് പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ ഇരു കുടുംബക്കാരും ഈ ബന്ധത്തെ എതിർത്തു.

ഒടുവിൽ, ഉമേഷ് മറ്റൊരു പെൺകുട്ടിയോട് താത്പര്യം പ്രകടിപ്പിച്ച് ഈ ബന്ധത്തിൽ നിന്ന് പിന്മാറി. ഇത് മഞ്ജുവിന്റെ സഹോദരിയയെ മാനസികമായി ഏറെ തളർത്തി. അവൾ വിഷാദത്തിലേക്ക് പോവുകയും ഒറ്റയ്ക്ക് വീട്ടിൽ അടച്ചുപൂട്ടി ഇരിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. ഇതോടെ, സഹോദരിയുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരനായ ഉമേഷിനോട് മഞ്ജുവിന് ദേഷ്യവും വെറുപ്പുമായി. ഇതാണ് അവരെ ഇത്തരമൊരു അക്രമാസക്തമായ പ്രതികാര നടപടിയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ഒക്ടോബർ 16ന് രാത്രി എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ മഞ്ജു അടുക്കളയിലെത്തി കത്തിയെടുത്ത് ഉമേഷിന്റെ മുറിയിലേക്ക് പോവുകയായിരുന്നു. കിടക്കയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഉമേഷിനെ നിരവധി തവണ കുത്തുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു. ഉമേഷ് സഹായത്തിനായി നിലവിളിച്ചതോടെ വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മഞ്ജു രക്ഷപെട്ടു. ആശുപത്രിയിൽ ഹാജരാക്കിയ ഉമേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

കേസിൽ തുടക്കത്തിൽ സൂചനകളൊന്നും ലഭിക്കാതിരുന്ന പൊലീസ്, കുടുംബ സാഹചര്യങ്ങൾ പരിശോധിക്കുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തതോടെ മഞ്ജുവിലേക്ക് സംശയം നീങ്ങി. ചോദ്യം ചെയ്യലിൽ, മഞ്ജുവിന്റെ മൊഴികളിലെ പൊരുത്തക്കേടുകൾ ഈ സംശയം ശക്തമാക്കി. ചോദ്യം ചെയ്യലിന് പിന്നാലെ മഞ്ജു ഒളിവിൽ പോവുകയായിരുന്നു.

'മഞ്ജുവാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇളയ സഹോദരിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ഉമേഷിന്റെ തീരുമാനത്തിൽ അവൾ രോഷാകുലയായിരുന്നു'- എസിപി വിവേക് ​​കുമാർ യാദവ് പറഞ്ഞു. ഒളിവിൽ പോയ മഞ്ജുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഉമേഷിന്റെ നില ഇപ്പോൾ തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു‌. യുവാവ് അപകടനില തരണം ചെയ്തെങ്കിലും പൂർണമായി സുഖം പ്രാപിക്കാൻ ഏഴോ എട്ടോ മാസം വരെ വേണ്ടിവരുമെന്ന് ഡോക്ടർ ഗിരീഷ് മിശ്ര അറിയിച്ചു.

TAGS :

Next Story