യുപിയിൽ പീഡനശ്രമം ചെറുത്ത 40കാരിയെ തല്ലിക്കാെന്ന് 14കാരൻ
17 വയസുള്ള ഭിന്നശേഷിക്കാരനായ മകനുള്ള യുവതി കൂലിപ്പണിക്ക് പോയാണ് കുടുംബത്തെ പോറ്റിയിരുന്നത്.

ലഖ്നൗ: ഉത്തർപ്രദേശിൽ പീഡനശ്രമം ചെറുത്ത യുവതിയെ തല്ലിക്കൊന്ന് പ്രായപൂർത്തിയാവാത്ത ആൺകുട്ടി. ഹാമിർപൂരിൽ ഈ മാസം നാലിനായിരുന്നു സംഭവം. 40കാരിയായ യുവതിയാണ് 14കാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പാടത്ത് പുല്ലുവെട്ടിക്കൊണ്ട് നിൽക്കുകയായിരുന്ന യുവതി. ഈ സമയം പിറകിലൂടെയെത്തി ഒമ്പതാം ക്ലാസുകാരൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതി ചെറുത്തപ്പോൾ കുട്ടി ഇവരുടെ കൈയിലുണ്ടായിരുന്ന അരിവാളെടുത്തും മരക്കമ്പുകളുൾപ്പെടെ ഉപയോഗിച്ചും ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെയാണ് പിന്നീട് ഗ്രാമീണർ കാണുന്നത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും ഇവിടെനിന്ന് ചണ്ഡീഗഢിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ നില വഷളാവുകയും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ആക്രമണ സ്ഥലത്തുനിന്നും അരിവാളും മരക്കമ്പുകളും മുറിഞ്ഞ സ്കെയിലും പേനയുടെ കഷണങ്ങളും പൊലീസ് കണ്ടെടുത്തു.
തുടർന്ന്, പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കുട്ടി കുറ്റം സമ്മതിക്കുകയും ചെയ്തു. പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
17 വയസുള്ള ഭിന്നശേഷിക്കാരനായ മകനുള്ള യുവതി കൂലിപ്പണിക്ക് പോയാണ് കുടുംബത്തെ പോറ്റിയിരുന്നത്. കേസിൽ പ്രായപൂർത്തിയാവാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഹാമിർപൂർ പൊലീസ് സൂപ്രണ്ട് രാജേഷ് ഉപാധ്യായ് പറഞ്ഞു. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Adjust Story Font
16

