ഭര്‍ത്താവ് കാണാതെ വീട്ടമ്മ ഒളിപ്പിച്ചു വച്ച 500ന്‍റെയും 1000ത്തിന്‍റെയും നോട്ടുകൾ 9 വര്‍ഷത്തിന് ശേഷം കണ്ടെത്തി; പിന്നീട് സംഭവിച്ചത്!
നിരോധിച്ച നോട്ടുകൾ കണ്ട് സങ്കടപ്പെട്ടിരിക്കുന്ന വീട്ടമ്മയുടെ വീഡിയോ മകളാണ് പകര്‍ത്തിയത്

- Published:
26 Feb 2026 8:53 AM IST

ഡൽഹി: വീട്ടുചെലവ് കഴിഞ്ഞ് ബാക്കിവരുന്ന ചില്ലറകൾ അടുക്കളയിലുള്ള അരിപ്പാത്രങ്ങളിലും റാക്കിലുമൊക്കെ സൂക്ഷിക്കുന്നത് ഇന്ത്യയിലെ വീട്ടമ്മമാരുടെ ഒരു പതിവാണ്. ചിലപ്പോൾ എവിടെയാണ് വച്ചിരിക്കുന്നത് പോലും അവര്‍ മറന്നുപോകും. വര്‍ഷങ്ങൾക്ക് ശേഷമായിരിക്കും അവ കണ്ണിൽ പെടുന്നത്. ഇങ്ങനെ മറന്നുവച്ച നോട്ടുകൾ കണ്ടെത്തിയിട്ട് ഒരു പ്രയോജനമില്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
ഇൻസ്റ്റഗ്രാമിൽ (@ayushidixit___) എന്ന ഉപയോക്താവ് പങ്കുവെച്ച വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭര്‍ത്താവ് കാണാതെ ഒളിപ്പിച്ചുവച്ച 500ന്‍റെയും 1000ത്തിന്‍റെയും നോട്ടുകൾ 9 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ വീട്ടമ്മയുടെ അവസ്ഥയാണ് വീഡിയോയിലുള്ളത്. 2016ൽ നിരോധിച്ച നോട്ടുകളാണ് വീട്ടമ്മ സൂക്ഷിച്ചുവച്ചിരുന്നത്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുൻപ് സൂക്ഷിച്ചുവച്ച നോട്ടുകളായിരുന്നു ഇവ. അക്കാലത്തെ മറ്റു പലരെയും പോലെ, അസാധുവായ നോട്ടുകൾ ബാങ്കുകളിൽ മാറ്റി നൽകാനോ നിക്ഷേപിക്കാനോ പൗരന്മാർക്ക് പരിമിതമായ സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, സമയപരിധിക്കുള്ളിൽ എല്ലാവർക്കും അത് ചെയ്യാൻ കഴിഞ്ഞില്ല.
നിരോധിച്ച നോട്ടുകൾ കണ്ട് സങ്കടപ്പെട്ടിരിക്കുന്ന വീട്ടമ്മയുടെ വീഡിയോ മകളാണ് പകര്‍ത്തിയത്. ''ഗൈസ്, എന്റെ അമ്മ കരയുകയാണ്. എന്‍റെ അച്ഛനിൽ നിന്ന് പഴയ 500, 1,000 രൂപ നോട്ടുകൾ ഒളിപ്പിച്ചു വച്ചിരുന്നു. ബാങ്ക് ഈ നോട്ടുകൾ സ്വീകരിക്കുമോ ഇല്ലയോ എന്ന് ചിന്തിച്ച് അവര്‍ കരയുകയാണ്'' മകൾ ചിരിച്ചുകൊണ്ട് വീഡിയോയിൽ പറയുന്നുണ്ട്.
2016 നവംബര്‍ 8നാണ് 500, 1000 രൂപ നോട്ടുകൾ ഒറ്റരാത്രികൊണ്ട് പിൻവലിച്ചപ്പോൾ, എല്ലാവർക്കും പഴയ കറൻസി യഥാസമയം മാറ്റിയെടുക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾക്ക് ശേഷവും, വീട്ടിൽ അലമാരകളിലോ ലോക്കറുകളിലോ മറന്നുപോയ പെട്ടികളിലോ ഒളിപ്പിച്ചുവെച്ച അസാധു നോട്ടുകളുടെ കെട്ടുകൾ ആളുകൾ കണ്ടെത്തുന്നതിനെക്കുറിച്ചുള്ള കഥകൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്.
പഴയ 500, 1000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള എല്ലാ ഔദ്യോഗിക സമയപരിധിയും റിസര്‍വ് ബാങ്ക് വർഷങ്ങൾക്ക് മുമ്പേ അവസാനിപ്പിച്ചു. 2017 മാർച്ചിന് ശേഷം സാധാരണക്കാർക്ക് ഈ നോട്ടുകൾ ബാങ്കുകൾ വഴി മാറാൻ കഴിയില്ല. നിർഭാഗ്യവശാൽ, ഈ നോട്ടുകൾക്ക് ഇന്ന് സാമ്പത്തിക മൂല്യമില്ല.വളരെ വലിയ തുകയാണെങ്കിൽ, പ്രത്യേക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയോ സുപ്രിം കോടതിയെയോ സമീപിക്കാം. എന്നാൽ ഇതിനുള്ള വക്കീൽ ഫീസും നിയമനടപടികളും ആ തുകയേക്കാൾ വലുതാകാൻ സാധ്യതയുണ്ട്. നിയമം അനുവദിക്കുന്ന എണ്ണത്തിൽ താഴെയാണെങ്കിൽ ഇവ ഒരു പഴയകാല ഓർമയായി സൂക്ഷിക്കാം.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റവും അധികം വിമര്‍ശവും പ്രതിഷേധവും വിളിച്ച് വരുത്തിയ തീരുമാനമായിരുന്നു നോട്ട് അസാധുവാക്കല്‍. നോട്ട് നിരോധനത്തിന്‍റെ പിന്നിൽ സുപ്രധാനമായും ഉയർത്തിക്കാട്ടിയിരുന്നത്, സമ്പദ് വസ്ഥയുടെ ക്യാഷ് ഇന്‍റന്‍സിറ്റി അതായത് കാശൊഴുക്ക് കുറയ്ക്കുക എന്നതായിരുന്നു. പല മേഖലകളെയും കൃത്യമായി നികുതി അടയ്‌ക്കേണ്ട വിഭാഗത്തിൽ കൊണ്ടുവരികയും അങ്ങനെ കള്ളപ്പണം തടയുക എന്നതായിരുന്നു ഉദ്ദേശം. എന്നാൽ ഇത് അമ്പേ പാളുകയായിരുന്നു. സമ്പദ് വ്യവസ്ഥയെ അടിമുടി തകർത്ത നടപടിയായിരുന്നു നോട്ട് നിരോധനം.
Adjust Story Font
16
