'തോക്കു ചൂണ്ടി 'ജയ് മാതാ ദി' വിളിക്കാൻ നിർബന്ധിച്ചു'; ജയ്പൂർ-മുംബൈ ട്രെയിൻ കൊലപാതകക്കേസിൽ മുൻ ആർപിഎഫ് ഉദ്യോഗസ്ഥനെതിരെ മൊഴിയുമായി യുവതി
2023 ജൂലൈ 31 ന് ജയ്പൂർ- മുംബൈ ട്രെയിനിൽ വെച്ച് തന്റെ സീനിയർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ടിക്കാറാം മീണയെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുകയാണ് മുൻ ആർപിഎഫ് ഉദ്യോഗസ്ഥനായ ചേതൻ സിംഗ് ചൗധരി

മുംബൈ: 2023-ൽ ജയ്പൂർ-മുംബൈ പാസഞ്ചർ ട്രെയിനിൽ നടന്ന നാല് കൊലപാതകങ്ങൾക്ക് വിചാരണ നേരിടുന്ന ആർപിഎഫ് കോൺസ്റ്റബിൾ ചേതൻസിംഗ് ചൗധരിക്കെതിരെ മൊഴിയുമായി യുവതി. ചേതൻ സിംഗ് തന്നെ 'ജയ് മാതാ ദി' വിളിക്കാൻ നിർബന്ധിച്ചുവെന്ന് പർദ ധാരിയായ സ്ത്രീ തിങ്കളാഴ്ച സെഷൻസ് കോടതിയിൽ മൊഴികൊടുത്തു.
ദിൻദോഷി സെഷൻസ് കോടതിയിൽ സാക്ഷിയായി മൊഴി നൽകിയ സ്ത്രീ താൻ പർദ ധരിച്ചത് കൊണ്ടാണ് പ്രതി തന്റെ അടുത്തേക്ക് വന്ന് 'ജയ് മാതാ ദി' എന്ന് പറയാൻ പ്രേരിപ്പിച്ചതെന്നും പറഞ്ഞു. താണെ ജയിലിൽ കഴിയുന്ന ചേതൻ സിംഗിനെ വിഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്.
2023 ജൂലൈ 31 ന് ജയ്പൂർ- മുംബൈ ട്രെയിനിൽ വെച്ച് തന്റെ സീനിയർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ടിക്കാറാം മീണയെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുകയാണ് ചേതൻ സിംഗ് ചൗധരി. സംഭവം നടന്ന ദിവസം തന്റെ രണ്ട് കുട്ടികളുമായി രത്‌ലാമിൽ നിന്ന് മുംബൈയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന് യുവതി കോടതിയെ അറിയിച്ചു.
പുലർച്ചെ 5.30 ഓടെ ഉറക്കമുണർന്നപ്പോൾ പൊലീസ് യൂണിഫോമിൽ ഒരു തോക്കുമായി ഒരാൾ തന്റെ നേരെ നടക്കുന്നത് കണ്ടതായും അയാൾ തന്റെ നേരെ തോക്ക് ചൂണ്ടി 'ഇസ് ദേശ് മേം രഹ്ന ഹേ തോ 'ജയ് മാതാ ദി' ബോലോ (ഈ രാജ്യത്ത് ജീവിക്കണമെങ്കിൽ 'ജയ് മാതാ ദി' എന്ന് പറയുക) എന്ന് പറഞ്ഞതായും യുവതി കോടതിയിൽ പറഞ്ഞു. താൻ അത് ആവർത്തിച്ചുവെന്നും എന്നാൽ അത് ഉച്ചത്തിൽ പറയാൻ അയാൾ പറഞ്ഞുവെന്നും അല്ലാത്തപക്ഷം വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.
അയാളുടെ തോക്ക് പിടിച്ച് മുകളിലേക്ക് ഉയർത്തി ആരാണെന്ന് ചോദിച്ചെങ്കിലും തോക്കിൽ തൊടരുതെന്ന് പറഞ്ഞ് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. താൻ ഭയന്നുപോയെന്നും തോക്ക് വിട്ടുകൊടുത്തുവെന്നും അതിനുശേഷം അയാൾ പോയി എന്നും യാത്രക്കാരി കോടതിയിൽ പറഞ്ഞു. ട്രെയിൻ നിർത്തി ബോറിവാലിയിൽ ഇറങ്ങിയപ്പോഴാണ് മറ്റൊരു കോച്ചിൽ മൃതദേഹങ്ങൾ കിടക്കുന്നതായി അറിഞ്ഞതെന്ന് സ്ത്രീ കോടതിയെ അറിയിച്ചു.
ഭയം കാരണമാണ് സംഭവത്തെക്കുറിച്ച് ഉടൻ വെളിപ്പെടുത്താതിരുന്നതെന്ന് ചേതൻ സിംഗ് ചൗധരിയുടെ അഭിഭാഷകൻ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയായി യുവതി കോടതിയെ അറിയിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ ശത്രുത വളർത്തിയതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ചേതൻ സിംഗ് ചൗധരിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Adjust Story Font
16

