ഓടുന്ന ട്രെയിനിലെ എസി കോച്ചിൽ ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് മാഗിയുണ്ടാക്കി യുവതി; വിഡിയോ വൈറല്‍, കര്‍ശന നടപടിയെന്ന് റെയിൽവെ
റീലിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് മറ്റ് യാത്രക്കാരുടെ ജീവന്‍പോലും അപകടത്തിലാക്കുമെന്ന് വിമര്‍ശനം

മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ചിനുള്ളിൽ യാത്രക്കാരി മാഗി പാകം ചെയ്യുന്നതിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. ഇലക്ട്രിക് കെറ്റിലിലാണ് യാത്രക്കാരി മാഗിയുണ്ടാക്കുന്നത്. വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ മുന്നറിയിപ്പുമായി റെയിൽവെ രംഗത്തെത്തി.
കോച്ചിന്റെ പവർ സോക്കറ്റിൽ പ്ലഗ് ചെയ്ത ഇലക്ട്രിക് കെറ്റിലിൽ സ്ത്രീ മാഗി തയ്യാറാക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. മൊബൈൽ ചാർജ് ചെയ്യുന്നതിന് വേണ്ടി മാത്രമുള്ളതാണ് ഈ സോക്കറ്റുകൾ. ഇതിൽ കെറ്റിൽ ഉപയോഗിച്ചാണ് യാത്രക്കാരി ഭക്ഷണം പാകം ചെയ്തത്.ഇതിന്റെ വിഡിയോ ആദ്യം എക്‌സിലാണ് പ്രചരിച്ചത്. ഈ വിഡിയോ ഷെയർ ചെയ്തുകൊണ്ടാണ് സെൻട്രൽ റെയിൽവെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംഭവത്തിൽ യാത്രക്കാരിയടക്കമുള്ളവർക്കെതിരെ നടപടിയെടുക്കുമെന്ന് റെയിൽവെ അറിയിച്ചു.
'വിഡിയോ പ്രചരിച്ച ചാനലിനും ബന്ധപ്പെട്ട വ്യക്തിക്കുമെതിരെ നടപടി ആരംഭിച്ചിട്ടുണ്ട്.ട്രെയിനുകൾക്കുള്ളിൽ ഇലക്ട്രോണിക് കെറ്റിൽ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇത് സുരക്ഷിതമല്ലെന്ന് മാത്രമല്ല, നിയമവിരുദ്ധവും ശിക്ഷാർഹവുമായ കുറ്റമാണ്. ഇത്തരം പ്രവൃത്തികൾ തീപിടിത്തത്തിന് കാരണമാകുകയും മറ്റ് യാത്രക്കാർക്ക് കൂടി അപകടം വിളിച്ചുവരുത്തുമെന്നും റെയിൽവെ മുന്നറിയിപ്പ് നൽകുന്നു. കെറ്റിൽ ഇത്തരത്തിൽ പ്രവർത്തിച്ചാൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിനും ട്രെയിനിലെ എസിയുടെയും മറ്റ് ഇലക്ട്രോണിക് പോർട്ടുകളുടെയും തകരാറിനും ഇത് കാരണമായേക്കാം. ഇത്തരം അപകടകരമായ പെരുമാറ്റങ്ങളിൽ നിന്ന് യാത്രക്കാർ വിട്ടുനിൽക്കണമെന്നും ഇത്തരം എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കണമെന്നും റെയിൽവെ അറിയിച്ചു.
സംഭവം സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായിട്ടുണ്ട്. ഗുരുതരമായ തെറ്റാണ് സംഭവിച്ചിരിക്കുന്നതെന്നും വിഡിയോ കണ്ടന്റിനായി ഇത്തരത്തിലുള്ള അപകടരമായ കാര്യങ്ങൾ ചെയ്യരുതെന്നും ആളുകൾ കമന്റ് ചെയ്തു. യാത്രക്കാരി മാഗി പാകം ചെയ്യുമ്പോൾ കോച്ച് അറ്റൻഡ് എന്താണ് ചെയ്‌തെന്നും അവർ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നില്ലേയെന്നും ചിലർ ചോദിക്കുന്നു.
അതേസമയം, ഇത്തരം കാര്യങ്ങളിൽ റെയിൽവെ കർശന നടപടി സ്വീകരിക്കണമെന്നും വെറുതെ ഉപദേശം നൽകിയത് കൊണ്ട് കാര്യമില്ലെന്നും ആളുകൾ പറയുന്നു. ഈ സംഭവത്തിൽ റെയിൽവെ എന്ത് നടപടിയെടുത്തെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും ചിലർ പറഞ്ഞു. ഇത്തരം അപകടകമായ റീലുകൾ ചെയ്യുന്നത് അങ്ങേയറ്റം ശല്യമായി മാറിയിരിക്കുന്നെന്നും നല്ലൊരു തുക പിഴയായി ഈടാക്കിയാൽ ഇവർ മേലിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.
Adjust Story Font
16

