നാളെ പനി വരുമെന്ന് നേരത്തെ അറിയിക്കണമെന്ന്! മാനേജരുടെ വിചിത്രമായ ലീവ് പോളിസിയെ ട്രോളി യുവതി
പുതിയ തൊഴിൽ നയത്തെ പരിഹസിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്

- Published:
23 May 2026 1:13 PM IST

ഭുവനേശ്വര്‍: രോഗം ബാധിച്ച് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം എടുക്കുന്ന ഒന്നാണ് മെഡിക്കൽ ലീവ്. രണ്ടോ മൂന്നോ ദിവസമോ അതിലധികമോ ലീവെടുത്താൽ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക എന്നതാണ് ഭൂരിഭാഗം ഓഫീസുകളിലെയും രീതി. എന്നാൽ അസുഖം വരുമെന്ന് നേരത്തെ പ്രവചിക്കാൻ പറ്റുമോ? പനി വരുന്നതിന് ഒരു ദിവസം മുൻപെ ഓഫീസിൽ അറിയിക്കണമെന്ന കമ്പനിയുടെ പുതിയ അറിയിപ്പ് കണ്ട ജീവനക്കാരിയുടെ ചോദ്യം ഇതായിരുന്നു.
പുതിയ തൊഴിൽ നയത്തെ പരിഹസിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒഡീഷ സ്വദേശിയായ ഡെബ്ലിന എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ കോർപ്പറേറ്റ് മാനേജർമാരുടെ വിചിത്രമായ തീരുമാനങ്ങൾക്കെതിരെ രംഗത്തെത്തിയത്.
പനി ബാധിച്ചതിനെ തുടർന്ന് ഡെബ്ലിന ഓഫീസിൽ നിന്നും രണ്ട് ദിവസത്തെ മെഡിക്കൽ ലീവ് എടുത്തിരുന്നു. എന്നാൽ സുഖം പ്രാപിച്ച് തിരികെ ജോലിയിൽ പ്രവേശിച്ചപ്പോഴാണ് മാനേജർ കൊണ്ടുവന്ന പുതിയ നിയമത്തെക്കുറിച്ച് യുവതി അറിയുന്നത്. "എനിക്ക് സുഖമില്ലാതിരുന്നതിനാൽ ഞാൻ രണ്ട് ദിവസത്തെ ലീവ് എടുത്തിരുന്നു. എന്നാൽ തിരിച്ചെത്തിയപ്പോഴാണ് മാനേജറുടെ പുതിയ നിയമത്തെക്കുറിച്ച് അറിയുന്നത്—ഇനി മുതൽ അസുഖം വന്ന് ലീവ് എടുക്കുകയാണെങ്കിൽ പോലും അതിന്‍റെ തലേദിവസം രാത്രി മാനേജറെ മുൻകൂട്ടി വിവരമറിയിക്കണം" — ഡെബ്ലിന വീഡിയോയിൽ പറയുന്നു.
ഈ വിചിത്ര നിയമത്തിന്‍റെ യുക്തിയെ ചോദ്യം ചെയ്തുകൊണ്ട് "അപ്പോൾ പനി വരാൻ പോകുന്നത് മുൻകൂട്ടി അറിയാൻ നമുക്ക് എന്തെങ്കിലും നോട്ടിഫിക്കേഷൻ വരുമോ?" എന്ന് ഡെബ്ലിന പരിഹസിക്കുന്നു.
"ജീവിതത്തിൽ കാര്യങ്ങൾ ഇത്ര കൃത്യമായി പ്രവചിക്കാൻ എനിക്ക് സാധിക്കുമെങ്കിൽ ഞാൻ ഐപിഎൽ ബെറ്റിംഗിലൂടെ ലക്ഷങ്ങൾ സമ്പാദിക്കില്ലായിരുന്നോ, പിന്നെന്തിനാണ് ഈ ലാലാ കമ്പനിയിൽ വന്ന് പണിയെടുക്കുന്നത്?" എന്ന ഡെബ്ലിനയുടെ ചോദ്യം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. “അപ്പാരന്റ്‌ലി ഫീവർ ഓൾസോ നീഡ്സ് പ്രയോർ അപ്രൂവൽ നൗ” (Apparently fever also needs prior approval now) എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോക്ക് പിന്നാലെ സമാന അനുഭവങ്ങളുണ്ടായ പലരും പ്രതികരിച്ചു. ചില മാനേജർമാർക്ക് സാമാന്യബുദ്ധി പോലുമില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.അടിയന്തര ഘട്ടങ്ങളിൽ എടുക്കുന്ന മെഡിക്കൽ ലീവുകൾ പോലും ഒരാഴ്ച മുൻപ് പ്ലാൻ ചെയ്ത് അറിയിക്കണമെന്ന് ആവശ്യപ്പെടുന്ന മാനേജർമാർ ഉണ്ടെന്ന് മറ്റൊരു ഉപഭോക്താവ് കുറിച്ചു.
Adjust Story Font
16
