Quantcast

'എന്റെ ശരീരം ഇപ്പോഴും വിറയ്ക്കുന്നു'; ട്രാഫിക്കിൽ കുടുങ്ങി വൈകിയെത്തിയ യുവതി വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

ലണ്ടനിലേക്കുള്ള യാത്രക്കാരുടെ പട്ടികയില്‍ ഭൂമി ചൗഹാന്റെ പേരുമുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    13 Jun 2025 12:30 PM IST

എന്റെ ശരീരം ഇപ്പോഴും വിറയ്ക്കുന്നു; ട്രാഫിക്കിൽ കുടുങ്ങി വൈകിയെത്തിയ യുവതി വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
X

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്. ട്രാഫിക് ജാമില്‍കുടുങ്ങി വിമാനം നഷ്ടമായപ്പോള്‍ ഭൂമി ചൗഹാന് തിരികെ ലഭിച്ചത് സ്വന്തം ജീവനും ജീവിതവുമാണ്.

ലണ്ടനിലേക്കുള്ള യാത്രക്കാരുടെ പട്ടികയില്‍ ഭൂമിയുടെ പേരുമുണ്ടായിരുന്നു. എന്നാൽ ട്രാഫിക്കിൽ കുടുങ്ങി പത്ത് മിനിറ്റ് വൈകിയെത്തിയതിനെ തുടർന്ന് ഭൂമിയ്ക്ക് വിമാനത്തിൽ കയറാൻ സാധിച്ചില്ല. ഫ്ളെെറ്റില്‍ കയറാനായി അധികൃതരോട് സംസാരിച്ച് നോക്കിയിരുന്നെങ്കിലും, നേരം വെെകിയതും സുരക്ഷ കാരണങ്ങളും പറഞ്ഞ് എമിഗ്രേഷന്‍ അധികൃതര്‍ വിസമ്മതിച്ചു.

എന്നാൽ ലണ്ടനിലേക്ക് പറക്കാന്‍ കഴിയല്ലെന്ന നിരാശയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വന്ന ഭൂമി കേട്ടത് വന്‍ സ്ഫോടനശബ്ദം. 'എന്റെ ശരീരം വിറയ്ക്കുകയാണ്. എനിക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല. സംഭവിച്ചതെല്ലാം കേട്ടതിന് ശേഷം എന്റെ മനസ്സ് ഇപ്പോൾ പൂർണ്ണമായും ശൂന്യമാണ്' എന്ന് ഭൂമി ചൗഹാൻ പറഞ്ഞു.

ലണ്ടനില്‍ ഭർത്താവിനൊപ്പം സ്ഥിരതാമസമാക്കിയ ഭൂമി രണ്ട് വര്‍ഷത്തിന് ശേഷം അവധി ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തിയതായിരുന്നു. വിമാനത്തിൽ കയറാൻ സാധിക്കാതെ ഉച്ചയ്ക്ക് ഒന്നരയോടെ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയത് മാത്രമാണ് ഭൂമിയുടെ ഓര്‍മയിലുള്ളത്.

ഇന്നലെ ഉച്ചയോടെയായിരുന്നു 242 പേരുമായി പറന്നുയർന്ന എയർ ഇന്ത്യ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകർന്ന് വീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും മരിച്ചു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ മാത്രമാണ് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

TAGS :

Next Story