Quantcast

മതിൽ പൊളിക്കുന്നതിൽ പ്രതിഷേധിച്ചു; ബംഗാളിൽ മുതിർന്ന സിപിഎം നേതാവിനെ തെരുവിലിട്ട് തല്ലി തൃണമൂല്‍ നേതാക്കള്‍

അനിൽ ദാസ് പ്രതിഷേധിച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരായ വനിതകളുടെ നേതൃത്വത്തിൽ കൈ​യ്യേറ്റം ചെയ്തതെന്നാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2025-07-06 09:32:09.0

Published:

6 July 2025 1:46 PM IST

മതിൽ പൊളിക്കുന്നതിൽ പ്രതിഷേധിച്ചു; ബംഗാളിൽ മുതിർന്ന സിപിഎം നേതാവിനെ തെരുവിലിട്ട് തല്ലി തൃണമൂല്‍ നേതാക്കള്‍
X

വെസ്റ്റ് ബംഗാൾ: വെസ്റ്റ് ബംഗാളിലെ പശ്ചിം മേദിനിപൂർ ജില്ലയിൽ ഒരു വൃദ്ധയുടെ വീടിന്റെ മതിൽ പൊളിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് 66 വയസ്സുള്ള മുതിർന്ന സിപിഎം നേതാവിനെ തൃണമൂൽ കോൺഗ്രസ് വനിതാ നേതാവും കൂട്ടാളികളും ചേർന്ന് മർദിച്ചു. 'We Left, Kharagpur' എന്ന സംഘടന നടത്തുന്ന അനിൽ ദാസിനെയാണ് തിങ്കളാഴ്ച രാവിലെ ബബിത കോളിയും അവരുടെ രണ്ട് വനിതാ കൂട്ടാളികളും ചേർന്ന് മർദിച്ചത്. എന്നാൽ സംഭവത്തെ ടിഎംസി ജില്ലാ നേതൃത്വം അപലപിക്കുകയും അക്രമികളെ പിന്തുണക്കില്ലെന്നും അറിയിച്ചു.

ഖരഗ്പൂരിലെ ഖരിദ പ്രദേശത്തെ വൃദ്ധയുടെ മതിൽ അനധികൃതമായി പൊളിച്ചുമാറ്റുന്നതിനെതിരെ അനിൽ ദാസ് തിങ്കളാഴ്ച രാവിലെ പ്രതിഷേധിച്ചപ്പോഴാണ് സംഭവം നടന്നതെന്നും ബബിത കോളിയും കൂട്ടാളികളും ചേർന്നാണ് മതിൽ പൊളിച്ചുമാറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്. 'തെരുവിൽ വെച്ച് എന്നെ മർദിച്ചു. പിന്നീട് സ്വയം രക്ഷക്കായി ഒരു കടയിൽ കയറിയപ്പോൾ അവിടെ വെച്ചും മർദിച്ചു. എങ്ങനെയോ ഓടി രക്ഷപ്പെട്ടു.' ബബിത കോളിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അനിൽ ദാസ് പറഞ്ഞതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ അനിൽ ദാസ് ബബിത കോളിക്കെതിരെ ഖരഗ്പൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ബബിത കോളിയും കൂട്ടാളികളും ചേർന്ന് വീടിന്റെ മതിലുകൾ തകർത്തതായി ആരോപിക്കപ്പെടുന്ന വൃദ്ധയായ ദുർഗ സാഹുവും അവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന്റെ ഒരു വീഡിയോയും വൈറലായിട്ടുണ്ട്.

മൂന്ന് സ്ത്രീകൾ ഒരു വൃദ്ധനെ കൈകളും ചെരിപ്പും ഉപയോഗിച്ച് അടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും വഴിയാത്രക്കാർ നോക്കിനിൽക്കെ റോഡിലേക്ക് തള്ളിയിടുകയും ചെയ്യുന്നതായി ഇതിൽ കാണാം. സംഭവത്തെ അപലപിച്ച മുൻ ഖരഗ്പൂർ എംഎൽഎയും ടിഎംസി നേതാവുമായ പ്രദീപ് സർക്കാർ, കോളിക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 'അനിൽ ദാസിനെ തെരുവിൽ ക്രൂരമായി മർദിച്ചതിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. ബബിത കോളി ഉൾപ്പെടെ സംഭവത്തിൽ ഉൾപ്പെട്ടവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ഞങ്ങളുടെ പാർട്ടി അവർക്കൊപ്പം നിൽക്കില്ല.' പ്രദീപ് സർക്കാർ പറഞ്ഞു.

TAGS :

Next Story