12 വര്‍ഷത്തിനിടെ മോദി സര്‍ക്കാരിനേറ്റ ആദ്യ തിരിച്ചടി, ഇത് പ്രതിപക്ഷത്തിന്‍റെ വിജയം
ഭരണഘടനാ ഭേദഗതി പാസാകാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് ബിൽ പരാജയപ്പെട്ടത്

ഡൽഹി: വനിതാ സംവരണ ബില്ലിനെച്ചൊല്ലിയുള്ള നാടകീയമായ ചർച്ചകൾക്കൊടുവിൽ പാര്‍ലമെന്‍റിൽ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി. ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതിനുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ 2026 ലോക്‌സഭയിൽ പരാജയപ്പെട്ടു.വെള്ളിയാഴ്ച വൈകുന്നേരം നടന്ന വോട്ടെടുപ്പിൽ 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. ഭരണഘടനാ ഭേദഗതി പാസാകാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് ബിൽ പരാജയപ്പെട്ടത്. ബിൽ പരാജയപ്പെട്ടത് പ്രതിപക്ഷത്തിന്‍റെ വലിയ വിജയമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.
മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കഴിഞ്ഞ 12 വർഷത്തിനിടെ ലോക്സഭയിലേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. 2014-ൽ അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായാണ് മോദി സർക്കാർ അവതരിപ്പിച്ച ഒരു ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്‍റിൽ പരാജയപ്പെടുന്നത്. വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയവേ, പ്രതിപക്ഷം ഒഴികഴിവുകൾ നിരത്തി ബിൽ തടയാൻ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങൾ നടപ്പിലാക്കുന്നതിന് തടസം നിൽക്കുന്നത് പ്രതിപക്ഷത്തിന്‍റെ ഇരട്ടത്താപ്പാണെന്നും ആരോപിച്ചിരുന്നു.
"ഈ നിയമനിർമാണവുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും തെറ്റിദ്ധാരണകളും വസ്തുതകളും യുക്തിയും നിരത്തി സർക്കാർ പരിഹരിച്ചിട്ടുണ്ട്. വിവരങ്ങളിലെ എല്ലാ വിടവുകളും നികത്തിയിട്ടുണ്ട്. ഏകദേശം നാല് പതിറ്റാണ്ടുകളായി നിയമനിർമാണ സഭകളിലെ വനിതാ സംവരണമെന്ന വിഷയം അനാവശ്യമായി വൈകുകയാണ്. രാജ്യത്തെ പകുതിയോളം വരുന്ന ജനസംഖ്യയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നതിൽ അർഹമായ പങ്കാളിത്തം ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു." എന്നാണ് വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര എക്സ് ഹാൻഡിലിൽ പങ്കുവച്ചത്.
സംസ്ഥാനങ്ങൾക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 35 സീറ്റുകൾക്കും അനുവദിക്കുന്നതായിരുന്നു പുതിയ ബിൽ. സംവരണത്തിന്റെ മറവിൽ മണ്ഡല പുനർനിർണയം നടത്താനായിരുന്നു കേന്ദ്രനീക്കം. മണ്ഡല പുനർനിർണയത്തിലെ വ്യവസ്ഥകൾ വ്യക്തമാക്കാതെ ബില്ലിനെ പിന്തുണയ്ക്കില്ലെന്നായിരുന്നു തുടക്കം മുതലെ പ്രതിപക്ഷത്തിന്‍റെ നിലപാട്.
Adjust Story Font
16

