Quantcast

കെട്ടിട നിർമാണ ജോലിക്കിടെ അധ്യാപകന്റെ ഫോൺ സന്ദേശം; നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി ശുഭം സബർ

പഠനം പൂർത്തിയാക്കുന്നതോടെ തന്റെ പഞ്ചായത്തിലെ ആദ്യ ഡോക്ടറാവും ഒഡീഷയിലെ ​ഗോത്ര വിഭാ​ഗത്തിൽപ്പെട്ട ശുഭം സബർ

MediaOne Logo

Web Desk

  • Published:

    31 Aug 2025 12:17 PM IST

Working at construction site, 19-year-old tribal gets a call: You’ve cracked NEET
X

ഭുവനേശ്വർ: ജൂൺ 14ന് ബംഗളൂരുവിൽ തിരക്കിട്ട കെട്ടിട നിർമാണ ജോലിക്കിടെയാണ് ഒഡീഷക്കാരനായ ശുഭം സബറിന് അധ്യാപകന്റെ ഫോൺ കോൾ വന്നത്. ജോലി ചെയ്ത് തളർന്നിരുന്ന സബറിന് ആശ്വാസം പകരുന്നതായിരുന്നു ആ ഫോൺ സന്ദേശം. നീറ്റ് യുജി പരീക്ഷയിൽ നീ ഉന്നത വിജയം നേടിയിരിക്കുന്നു എന്നായിരുന്നു അധ്യാപകൻ പറഞ്ഞത്.

''എനിക്ക് കണ്ണുനീർ അടക്കാനായില്ല. ഞാൻ ഒരു ഡോക്ടറാവാൻ പോവുകയാണെന്ന് എന്നെ മാതാപിതാക്കളെ വിളിച്ചു പറഞ്ഞു. ശേഷം എന്റെ ഇതുവരെയുള്ള സമ്പാദ്യം തരണമെന്ന് കോൺട്രാക്ടറോട് ആവശ്യപ്പെട്ടു''- സബർ പറയുന്നു.

19 കാരനായ ശുഭാം സബർ ഗോത്ര വിഭാഗത്തിൽപ്പെട്ട വിദ്യാർഥിയാണ്. ഒഡീഷയിലെ ബെർഹാംപൂരിലെ മെഡിക്കൽ കോളജിൽ ഈ ആഴ്ച സബർ അഡ്മിഷൻ നേടി. ആദ്യ ശ്രമത്തിൽ തന്നെ 18,212-ാം റാങ്ക് നേടിയാണ് എസ്ടി വിഭാഗത്തിൽ പ്രവേശനം നേടിയത്. പഠനം പൂർത്തിയാക്കിയാൽ തന്റെ പഞ്ചായത്തിൽ നിന്നുള്ള ആദ്യ ഡോക്ടറാവും സബർ.

ഒഡീഷയിലെ കുർദ ജില്ലയിൽ നിന്നുള്ള ഒരു ഗ്രാമീണ കർഷകന്റെ മകനാണ് ശുഭാം സബർ. നാല് മക്കളിൽ മൂത്ത ആളാണ് സബർ. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജോലി ചെയ്ത് കഠിന പ്രയത്‌നം നടത്തിയാണ് സബർ പഠിച്ചത്.

''എന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. കുറഞ്ഞ ഭൂമിയിൽ കൃഷി ചെയ്ത് ജീവിക്കുന്ന എന്റെ മാതാപിതാക്കൾ കഠിനാധ്വാനം ചെയ്താണ് ഞങ്ങളെ വളർത്തിയത്. പക്ഷേ പഠനം തുടരാനും ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരണമെന്നും ഞാൻ തീരുമാനിക്കുകയായിരുന്നു''- സബർ പറഞ്ഞു.

പത്താം ക്ലാസിലും പ്ലസ്ടുവിനും മികച്ച മാർക്ക് നേടിയാണ് സബർ ഒടുവിൽ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയത്. പത്താം ക്ലാസിൽ 84 ശതമാനം മാർക്ക് നേടിയാണ് സബർ വിജയിച്ചത്. അധ്യാപകരുടെ നിർദേശപ്രകാരം പ്ലസ് വണ്ണിന് ബിജെബി കോളജിൽ പ്രവേശനം നേടിയ സബർ വിദ്യാർഥികൾക്ക് മാത്‌സ്, കെമിസ്ട്രി ട്യൂഷൻ എടുത്താണ് പഠിക്കാനുള്ള പണം കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷയിൽ 64 ശതമാനം മാർക്ക് നേടിയാണ് വിജയിച്ചത്.

പ്ലസ് ടു പഠനകാലത്താണ് ഡോക്ടറാവണമെന്ന ആഗ്രഹം സബറിന്റെ മനസിൽ മുളപൊട്ടിയത്. നീറ്റ് പരീക്ഷ എഴുതിയതിന് ശേഷം സബർ ജോലിക്കായി ബംഗളൂരുവിലേക്ക് പോയി. മൂന്ന് മാസമാണ് ബംഗളൂരുവിൽ ജോലി ചെയ്തത്. ഇക്കാലയളിവിൽ കരുതിവെച്ച പണമാണ് എംബിബിഎസ് പ്രവേശനത്തിന് ഉപയോഗിച്ചതെന്നും സബർ പറഞ്ഞു.

TAGS :

Next Story