Quantcast

ആർജെഡിയിലേക്ക് മടങ്ങുന്നതിനെക്കാൾ നല്ലത് മരിക്കുന്നതാണ്, അധികാരത്തോട് ആർത്തിയില്ല: തേജ് പ്രതാപ് യാദവ്

2015ൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ച മഹുവയിൽ നിന്നാണ് തേജ് പ്രതാപ് ഇത്തവണ മത്സരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    24 Oct 2025 10:34 PM IST

ആർജെഡിയിലേക്ക് മടങ്ങുന്നതിനെക്കാൾ നല്ലത് മരിക്കുന്നതാണ്, അധികാരത്തോട് ആർത്തിയില്ല: തേജ് പ്രതാപ് യാദവ്
X

Tej Yadav | Photo | PTI

പട്‌ന: ആർജെഡിയിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ലെന്ന് വ്യക്തമാക്കി മുൻ ബിഹാർ മന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവ്. ആർജെഡിയിലേക്ക് മടങ്ങുന്നതിനെക്കാൾ നല്ലത് മരണമാണെന്ന് അദ്ദേഹം പറഞ്ഞു. അധികാരത്തോട് ആർത്തിയില്ല. അധികാരത്തെക്കാൾ ആദർശത്തിനും ആത്മാഭിമാനത്തിനുമാണ് താൻ പ്രധാന്യം നൽകുന്നതെന്നും തേജ് പ്രതാപ് പറഞ്ഞു.

ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനായ തേജ് പ്രതാപിനെ ഏതാനും മാസങ്ങൾക്ക് മുമ്പാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെ അദ്ദേഹം ജനശക്തി ജനതാദൾ (ജെജെഡി) എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു. 2015ൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിച്ച മഹുവയിൽ നിന്നാണ് തേജ് പ്രതാപ് ഇത്തവണ മത്സരിക്കുന്നത്.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് വളരെ മുമ്പ് തന്നെ മഹുവ മണ്ഡലവുമായി തനിക്ക് ബന്ധമുണ്ടെന്ന് തേജ് പ്രതാപ് പറഞ്ഞു. തന്നെ എംഎൽഎ ആയി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അവരുടെ ആവശ്യങ്ങളോട് താൻ നല്ല രീതിയിൽ പ്രതികരിച്ചുവെന്നുമാണ് ഇവിടത്തെ ജനങ്ങൾ പറഞ്ഞത്. ആർജെഡി നേതാവും തന്റെ സഹോദരനുമായ തേജസ്വി യാദവിന്റെ വിശ്വസ്തനായ മുകേഷ് റൗഷൻ ആണ് ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാർഥി. അദ്ദേഹത്തെ താനൊരു വെല്ലുവിളിയായി കണക്കാക്കുന്നില്ലെന്നും തേജ് പ്രതാപ് പറഞ്ഞു.

തന്റെ മാതാപിതാക്കളുമായി കുറച്ചുകാലമായി ബന്ധമില്ല. എങ്കിലും അവരുടെ അനുഗ്രഹം തനിക്കുണ്ടെന്നും തേജ് പ്രതാപ് പറഞ്ഞു. ബിജെപി- ആർഎസ്എസ് കൂട്ടുകെട്ടിന്റെ ദുഷ്ട രാഷ്ട്രീയം ജനങ്ങൾ അംഗീകരിക്കില്ല. സ്വന്തം പാർട്ടിയുടെ ബാനറിലാണ് താൻ മത്സരിക്കുന്നത്. മഹുവയിലെ ജനങ്ങൾ തന്റെ കുടുംബാംഗങ്ങളെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story