'XXX vs യൂണിയൻ ഓഫ് ഇന്ത്യ'; സുപ്രിം കോടതി ഹരജിയിൽ ഐഡന്റിറ്റി മറച്ചുവെച്ച് ജസ്റ്റിസ് യശ്വന്ത് വർമ്മ
ഹരജിക്കാരുടെ ഐഡന്റിറ്റി മറയ്ക്കാൻ 'XXX' ഉപയോഗിക്കുന്നത് അസാധാരണമല്ലെങ്കിലും ലൈംഗികാതിക്രമത്തിനോ ബലാത്സംഗത്തിനോ ഇരയായവരാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന കേസുകളിലും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് തടയാൻ ഇത് ഉപയോഗിക്കുന്നു

ന്യൂഡൽഹി: വീട്ടിൽ നിന്ന് പണശേഖരം കണ്ടെത്തിയ കേസിൽ അന്വേഷണ സമിതിയുടെ കണ്ടെത്തലുകളെ ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വർമ്മ തന്നെ നീക്കം ചെയ്യാൻ ശിപാർശ ചെയ്ത് സുപ്രിം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഐഡന്റിറ്റി മറച്ചുവെച്ചു. തിങ്കളാഴ്ചത്തെ സുപ്രിം കോടതി കോസ് ലിസ്റ്റിൽ കേസിനെ 'XXX vs ദി യൂണിയൻ ഓഫ് ഇന്ത്യ' എന്നാണ് പരാമർശിക്കുന്നത്. ഇവിടെ XXX എന്നത് ജസ്റ്റിസ് വർമ്മയെ പരാമർശിക്കുന്നു. അദ്ദേഹം തന്റെ ഹരജിയിൽ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതിരിക്കാൻ സുപ്രിം കോടതിയോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹരജിക്കാരുടെ ഐഡന്റിറ്റി മറയ്ക്കാൻ 'XXX' ഉപയോഗിക്കുന്നത് അസാധാരണമല്ലെങ്കിലും ലൈംഗികാതിക്രമത്തിനോ ബലാത്സംഗത്തിനോ ഇരയായവരാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന കേസുകളിലും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് തടയാൻ ഇത് ഉപയോഗിക്കുന്നു. വീട്ടിൽ നിന്ന് പണശേഖരം കണ്ടെത്തിയതിനെത്തുടർന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റപ്പെട്ട ജസ്റ്റിസ് വർമ്മ തന്റെ അപേക്ഷ അനുവദിച്ചില്ലെങ്കിൽ നികത്താനാവാത്ത നഷ്ടവും പരിക്കും തനിക്ക് നേരിടേണ്ടിവരുമെന്ന് ഹരജിയിൽ പറയുന്നു.
ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി എന്ന നിലയിൽ ആഭ്യന്തര അന്വേഷണം രഹസ്യ സ്വഭാവമുള്ളതായിരിക്കണമെന്നും അദേഹം വാദിച്ചു. പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നടപടികൾ നേരിടുന്ന യശ്വന്ത് വർമ്മ ഈ ഘട്ടത്തിൽ പൊതുസമൂഹത്തിൽ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നത് തന്റെ അന്തസ്സിനെയും പ്രശസ്തിയെയും ബാധിക്കുമെന്ന് പറഞ്ഞു. പ്രത്യേകിച്ച് തനിക്കെതിരായ ആരോപണങ്ങൾ ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തപ്പോൾ. ആഭ്യന്തര അന്വേഷണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ മുമ്പ് മാധ്യമങ്ങൾ ചോർത്തിയതിനാൽ തനിക്കെതിരെ വളച്ചൊടിച്ച റിപ്പോർട്ടുകൾ വന്നിട്ടുണ്ടെന്നും ജസ്റ്റിസ് വർമ്മ പറഞ്ഞു.
മാർച്ച് 14 ന് ജസ്റ്റിസ് വർമ്മയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തീപിടുത്തമുണ്ടായപ്പോൾ അവിടെ നിന്നാണ് പണം കണ്ടെത്തിയത്. അന്ന് ജസ്റ്റിസ് വർമ്മ അദ്ദേഹത്തിന്റെ വസതിയിൽ ഉണ്ടായിരുന്നില്ല. ജഡ്ജിക്കെതിരായ ആരോപണങ്ങളിൽ 'മതിയായ കഴമ്പ്' ഉണ്ടെന്ന് സുപ്രിം കോടതി രൂപീകരിച്ച ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തി. പണം കണ്ടെത്തിയ മുറിയുടെ മേൽ ജസ്റ്റിസ് വർമ്മക്കും കുടുംബാംഗങ്ങൾക്കും സജീവ നിയന്ത്രണമുണ്ടെന്നും കണ്ടെത്തി. ആഭ്യന്തര അന്വേഷണ റിപ്പോർട്ടും അന്നത്തെ ചീഫ് ജസ്റ്റിസിന്റെ തന്നെ നീക്കം ചെയ്യാനുള്ള ശിപാർശയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 18 ന് ജസ്റ്റിസ് വർമ്മ സുപ്രിം കോടതിയെ സമീപിച്ചു. നടപടിക്രമങ്ങളിൽ പിഴവുകളുണ്ടെന്നും ഔപചാരിക പരാതിയില്ലാതെ അനുമാനപരമായ ചോദ്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും അദേഹം തന്റെ ഹരജിയിൽ പറഞ്ഞു.
Adjust Story Font
16

