പശു സ്വയംപ്രഖ്യാപിത രാഷ്ട്രമാതാ, ദേശീയ മൃഗമായി പ്രഖ്യാപിക്കണ്ട; മുസ്‌ലിം സംഘടനകൾക്കെതിരെ യോഗി ആദിത്യനാഥ്
മുസ്‌ലിം സംഘടനകളുടെ ആവശ്യം ഇരട്ടത്താപ്പാണെന്നും യോഗി ആദിത്യനാഥ്

ലഖ്‌നൗ: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന മുസ്‌ലിം സംഘടനകളുടെ ആവശ്യത്തെ എതിർത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനോടകം തന്നെ പശു രാഷ്ട്രമാതാവാണെന്നും ദേശീയ മൃഗമായി പ്രഖ്യാപിക്കേണ്ട ആവശ്യകതയില്ലെന്നും ആദിത്യനാഥ് പറഞ്ഞു. തിങ്കളാഴ്ച ബിജ്‌നോറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് യുപി മുഖ്യമന്ത്രി മുസ്‌ലിം പുരോഹിതരുടെ ആവശ്യത്തെ എതിർത്തത്.
പശു സ്വയംപ്രഖ്യാപിത രാഷ്ട്രമാതാവാണ്. അതുകൊണ്ട് തന്നെ പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. മുസ്‌ലിം സംഘടനകളുടെ ഈ ആവശ്യം ഇരട്ടത്താപ്പാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
'ചില മൗലവിമാരും മൗലാനമാരും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടു. എന്നാൽ പശു ഞങ്ങളുടെ അമ്മയാണ്. ആ അമ്മയുമായി കാലങ്ങളുടെ ബന്ധമുണ്ട്. അതിനാൽ, അമ്മയും മക്കളും തമ്മിലുള്ള ബന്ധം ഔപചാരികമായി പ്രഖ്യാപിക്കേണ്ടതില്ല,' യോഗി ആദിത്യനാഥ് പ്രസ്താവിച്ചു.
ഇത്തരം ആവശ്യം ഉന്നയിക്കുന്നവരിൽ പലരും പശുക്കളെ കശാപ്പ് ചെയ്യുന്നതിനെ പിന്തുണക്കുന്നവരാണ്. അവരിൽ ചിലരാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതും. പശുക്കളെ കശാപ്പ് ചെയ്യുന്നവർക്കെതിരെ സർക്കാർ കടുത്ത നടപടി സ്വീകരിക്കും. സർക്കാർ നടപടി ഭാവിയിൽ പശുവിനെ കശാപ്പ് ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയായിരിക്കുമെന്നും ബിജെപി മുഖ്യമന്ത്രി പറഞ്ഞു.
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചാൽ, ബീഫിന്റെ പേരിൽ രാജ്യത്തുടനീളം നടക്കുന്ന അക്രമസംഭവങ്ങളിൽ കുറവുണ്ടാകുമെന്നായിരുന്നു മുസ്‌ലിം സംഘടനകളുടെ നിരീക്ഷണം. ഗോവധനിരോധനം നടപ്പിലാക്കണമെന്നും മുസ്‌ലിം പണ്ഡിതർ ആവശ്യപ്പെട്ടിരുന്നു.
അടുത്തിടെ പശുവിനെ കശാപ്പ് ചെയ്യുന്നത് ഈദിന്റെയോ ഇസ്‌ലാമിന്റെയോ ഭാഗമല്ലെന്ന് കൽക്കട്ട ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗോവധനിരോധനം ആവശ്യപ്പെട്ട് ഏതാനും മുസ്‌ലിം സംഘടനകൾ രംഗത്തെത്തിയത്.
Adjust Story Font
16

