'നമ്മുടേത് നമുക്ക് തിരിച്ചുകിട്ടണം'; സംഭൽ മസ്ജിദിൽ അവകാശവാദമുന്നയിച്ച് യോഗി ആദിത്യനാഥ്
സംഭലിലെ 67 തീർഥാടന കേന്ദ്രങ്ങളിൽ 54 എണ്ണം സർക്കാരിന്റെ ശ്രമഫലമായി തിരിച്ചുപിടിച്ചെന്നും യോഗി നിയമസഭയിൽ പറഞ്ഞു.

ലഖ്‌നൗ: സംഭൽ ജുമാ മസ്ജിദിൽ അവകാശവാദമുന്നയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കൾക്ക് അവകാശപ്പെട്ടത് അവർക്ക് ലഭിക്കണമെന്ന് യോഗി പറഞ്ഞു.
നമ്മുടേത് നമുക്ക് ലഭിക്കണം. സത്യം എപ്പോഴും കയ്‌പ്പേറിയതാണ്. സത്യം അംഗീകരിക്കാൻ ഒരാൾക്ക് ധൈര്യമുണ്ടാകണം. തങ്ങൾക്ക് തങ്ങളുടേത് മാത്രമേ വേണ്ടൂ, അതിൽ കൂടുതലൊന്നും വേണ്ടെന്നും യോഗി നിയമസഭയിൽ പറഞ്ഞു.
67 തീർഥാടന കേന്ദ്രങ്ങളിൽ 54ഉം സർക്കാരിന്റെ ശ്രമഫലമായി തിരിച്ചുപിടിച്ചു. സമാജ്‌വാദി പാർട്ടി ഇന്ത്യയുടെ മതവികാരം വച്ച് കളിക്കുകയാണ്. സോഷ്യലിസ്റ്റ് നേതാവായ രാം മനോഹർ ലോഹ്യയുടെ മൂല്യങ്ങളിൽ നിന്ന് സമാജ്‌വാദി പാർട്ടി അകന്നുപോയെന്നും യോഗി കുറ്റപ്പെടുത്തി.
സംഭൽ മസ്ജിദിൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വസംഘടന രംഗത്തെത്തിയിരുന്നു. തുടർന്ന് അവിടെ സർവേ നടത്തുകയും അതിനെതിരെ പ്രതിഷേധിച്ച ആറു മുസ്‌ലിം യുവാക്കളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴും പ്രദേശത്ത് പൊലീസിന്റെ മുസ്‌ലിം വേട്ട തുടരുകയാണ്. സംഘർഷ സമയത്ത് പ്രദേശം വിട്ടുപോയവർ അറസ്റ്റ് ഭയന്ന് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. നിലവിൽ സംഭൽ മസ്ജിദിന്റെ ഉടമസ്ഥാവകാശം അടക്കം ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന വിഷയങ്ങൾ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് മുഖ്യമന്ത്രി തന്നെ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
Adjust Story Font
16

