Quantcast

യോഗിയുടെ രണ്ടാമൂഴം; സത്യപ്രതിജ്ഞക്ക് സാക്ഷികളായി ബോളിവുഡ് താരങ്ങള്‍, 'കശ്മീര്‍ ഫയല്‍സ്' ടീം പ്രത്യേക അതിഥികള്‍

കശ്മീര്‍ ഫയല്‍സില്‍ പ്രധാന വേഷത്തിലെത്തിയ അനുപം ഖേര്‍, സംവിധായകന്‍ വിവേക് അഗ്നിഹോത്രി എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്

MediaOne Logo

ijas

  • Updated:

    2022-03-25 12:39:32.0

Published:

25 March 2022 12:33 PM GMT

യോഗിയുടെ രണ്ടാമൂഴം; സത്യപ്രതിജ്ഞക്ക് സാക്ഷികളായി ബോളിവുഡ് താരങ്ങള്‍, കശ്മീര്‍ ഫയല്‍സ് ടീം പ്രത്യേക അതിഥികള്‍
X

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരമേറ്റ യോഗി ആദിത്യനാഥിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഭാഗമായി ബോളിവുഡ് താരങ്ങളും. അക്ഷയ് കുമാർ, കങ്കണ റണൗത്ത്, ബോണി കപ്പൂര്‍ എന്നിവരാണ് ബോളിവുഡില്‍ നിന്നും ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍. കശ്മീര്‍ ഫയല്‍സ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും യോഗിയുടെ സത്യപ്രതിജ്ഞക്ക് സാക്ഷികളായി. കശ്മീര്‍ ഫയല്‍സില്‍ പ്രധാന വേഷത്തിലെത്തിയ അനുപം ഖേര്‍, സംവിധായകന്‍ വിവേക് അഗ്നിഹോത്രി എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. ആയിരത്തിലേറെ ക്ഷണിക്കപ്പെട്ട അതിഥികൾ ആണ് സത്യപ്രതിജ്ഞ ചടങ്ങിന്‍റെ ഭാഗമായത്.

വ്യവസായ പ്രമുഖരും ചടങ്ങിന് സാക്ഷികളായി. ടാറ്റ ഗ്രൂപ്പ് തലവന്‍ എന്‍ ചന്ദ്രശേഖരന്‍, റിലയന്‍സ് ഗ്രൂപ്പ് തലവന്‍ മുകേഷ് അംബാനി, ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉടമ കുമാര്‍ മംഗളം ബിര്‍ള, അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി, മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര, ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസുഫലി, ഗോയങ്ക ഗ്രൂപ്പ് ഉടമ സഞ്ജീവ് ഗോയങ്കെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആര്‍.എസ്.എസിന്‍റെ പ്രധാന നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു. ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അതിഥികളായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗി ആദിത്യനാഥ് ഇന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഗവർണർ ആനന്ദിബെൻ പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ലഖ്നൗവിലെ അടല്‍ ബിഹാരി വാജ്പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അമ്പത്തി രണ്ട് മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്തു. ബ്രിജേഷ് പാഠക്, കേശവ് മൗര്യ എന്നിവർ ചടങ്ങില്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു.

ആദിത്യനാഥ് സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന കേശവ് മൗര്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറാത്തു മണ്ഡലത്തില്‍ നിന്നും പരാജയപ്പെട്ടിരുന്നു. 7,337 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ഥി പല്ലവി പട്ടേലാണ് കേശവ് മൗര്യയെ തോല്‍പ്പിച്ചത്. ഉപമുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും ആറ് മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പിലൂടെ കേശവ് മൗര്യ തെരഞ്ഞെടുക്കപ്പെടണം. പുതുമുഖങ്ങൾക്ക് കൂടുതൽ പരിഗണന നൽകുന്നതാണ് രണ്ടാം യോഗി മന്ത്രിസഭ.

കഴിഞ്ഞ ദിവസം അമിത് ഷാ പങ്കെടുത്ത എം.എൽ.എമാരുടെ യോഗമാണ് എതിരില്ലാതെ യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്. ഇതിനു പിന്നാലെ ഗവർണറെ കണ്ട യോഗി ആദിത്യ നാഥ്‌ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. 403 അംഗ നിയമ സഭയിൽ 273 സീറ്റുകളിലും വിജയിച്ച ബിജെപിക്ക് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട്.

Yogi Adityanath takes oath as CM of Uttar Pradesh for second term, Several Bollywood stars were also in attendance

TAGS :

Next Story