മൂന്ന് സഹോദരിമാരുടെ എഐ നിർമിത നഗ്നചിത്രങ്ങൾ കാട്ടി ബ്ലാക്ക്മെയിലിങ്; 19കാരൻ ജീവനൊടുക്കി
ഭീഷണിയെ തുടർന്ന് രാഹുൽ വലിയ മാനസിക സംഘർഷത്തിലായിരുന്നെന്ന് പിതാവ് പറഞ്ഞു.

Photo| NDTV
ഛണ്ഡീഗഢ്: മൂന്ന് സഹോദരിമാരുടെ എഐ നിർമിത നഗ്നചിത്രങ്ങൾ കാട്ടിയുള്ള ബ്ലാക്ക്മെയിലിങ്ങിനെ തുടർന്ന് 19കാരൻ ജീവനൊടുക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. വ്യാജ ചിത്രങ്ങളും വീഡിയോകളും കാട്ടി ചിലർ പണം ആവശ്യപ്പെട്ടതിന് പിന്നാലെ രാഹുൽ ഭാരതി എന്ന രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്.
രണ്ടാഴ്ച മുമ്പ് ചിലർ രാഹുലിന്റെ ഫോൺ ഹാക്ക് ചെയ്ത് എഐ വഴി സഹോദരിമാരുടെ നഗ്നചിത്രങ്ങളും ചിത്രങ്ങളും വീഡിയോകളും ഉണ്ടാക്കുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പണമാവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടർന്ന് രാഹുൽ വലിയ മാനസിക സംഘർഷത്തിലായിരുന്നെന്ന് പിതാവ് മനോജ് ഭാരതി പറഞ്ഞു. ആവശ്യത്തിന് ഭക്ഷണം കഴിക്കുക പോലും ചെയ്യാതെ മകൻ മുറിയിൽ ഒറ്റയ്ക്കിരിക്കാൻ തുടങ്ങിയതായും പിതാവ് വ്യക്തമാക്കി.
സാഹിൽ എന്നയാളാണ് രാഹുലിനെ എഐ നിർമിത വ്യാജ നഗ്നചിത്രങ്ങൾ വാട്ട്സ്ആപ്പിൽ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയതെന്നും ഇയാൾ 20,000 രൂപ ആവശ്യപ്പെട്ടതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും തമ്മിൽ നിരവധി തവണ വാട്ട്സ്ആപ്പ് ഓഡിയോ, വീഡിയോ കോളുകൾ ഉണ്ടായിട്ടുള്ളതായും സാഹിൽ തന്റെ ലൊക്കേഷൻ അയച്ചുകൊടുത്ത് രാഹുലിനോട് അവിടേക്ക് വരാൻ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു.
പണം നൽകിയില്ലെങ്കിൽ ഈ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നും സാഹിൽ ഭീഷണിപ്പെടുത്തി. രാഹുലിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതായും അതിന് സഹായിക്കുന്ന ചില വഴികളെക്കുറിച്ച് ഇയാൾ വിവരിച്ചതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെ മുറിയിൽ അവശനിലയിൽ കണ്ടെത്തിയ രാഹുലിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
നീരജ് ഭാരതി എന്ന മറ്റൊരാൾക്കും ഈ കേസിൽ പങ്കുണ്ടെന്ന് രാഹുലിന്റെ കുടുംബം പറയുന്നു. ആറ് മാസം മുമ്പ് താനുമായി വഴക്കുണ്ടായ ബന്ധുവിനും ഈ കേസിൽ പങ്കുണ്ടെന്ന് രാഹുലിന്റെ അമ്മ മീനാ ദേവി ആരോപിച്ചു. അയാളും ഒരു പെൺകുട്ടിയും ചേർന്നാണ് പദ്ധതി തയാറാക്കിയതെന്നും അവർ പറയുന്നു.
സംഭവത്തിൽ രാഹുലിന്റെ കുടുംബത്തിന്റെ പരാതിയിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. 'പിതാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രാഹുലിന്റെ മൊബൈൽ ഫോൺ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കും'- അന്വേഷണ ഉദ്യോഗസ്ഥനായ സുനിൽ കുമാർ പറഞ്ഞു.
'ഗരുതര സൈബർ കുറ്റകൃത്യമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും എഐ സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്താണ് ഇത് നടന്നതെന്നും ഓൾഡ് പൊലീസ്റ്റ് സ്റ്റേഷൻ ഇൻ-ചാർജ് വിഷ്ണു കുമാർ വ്യക്തമാക്കി.
Adjust Story Font
16

