യൂത്ത് ലീഗ് ദേശീയ സമ്മേളനം 2027 നവംബർ 5, 6 തീയതികളിൽ ഉത്തർപ്രദേശിൽ
കശ്മീർ മുതൽ കന്യാകുമാരി വരെ, രാജ്യവ്യാപക യാത്രയുമായി യൂത്ത് ലീഗ്

ന്യൂഡൽഹി: മുസ്ലിം യൂത്ത് ലീഗിന്റെ പ്രഥമ സമ്പൂർണ ദേശീയ സമ്മേളനം 2027 നവംബർ 5, 6 തീയതികളിൽ ഉത്തർപ്രദേശിലെ മീററ്റിൽ നടക്കും. ദേശീയ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരത്തോളം യുവാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദും ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദേശീയ സമ്മേളനത്തിന് മുന്നോടിയായി 2026 ഡിസംബർ 30നകം സംസ്ഥാന സമ്മേളനങ്ങൾ പൂർത്തിയാക്കും. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കശ്മീർ മുതൽ കന്യാകുമാരി വരെ 'യുവ ഭാരത് യാത്ര' സംഘടിപ്പിക്കും. 2027 മാർച്ച്, ഏപ്രിൽ മാസങ്ങളിലായാണ് യാത്ര നടക്കുക. ആദ്യഘട്ടത്തിൽ കശ്മീരിൽ നിന്ന് ആരംഭിക്കുന്ന യാത്ര ബിഹാറിലെ കിഷൻഗഞ്ചിൽ സമാപിക്കും. രണ്ടാംഘട്ട യാത്ര മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്ന് ആരംഭിച്ച് കന്യാകുമാരിയിൽ അവസാനിക്കും.
ആൾക്കൂട്ട ആക്രമണങ്ങൾക്കും വിദ്വേഷ കുറ്റകൃത്യങ്ങൾക്കുമെതിരെ പ്രത്യേക നിയമമായ 'അഹിംസ ആക്ട്' നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 10ന് മനുഷ്യാവകാശ ദിനത്തിൽ ഡൽഹിയിൽ സംഗമം സംഘടിപ്പിക്കാനും ദേശീയ കമ്മിറ്റി തീരുമാനിച്ചു. വംശീയ, പശു ഭീകരതയുടെ പേരിലുള്ള ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ട നാൽപതോളം പേരുടെ കുടുംബാംഗങ്ങൾ, നിയമവിദഗ്ധർ, ജനപ്രതിനിധികൾ, ആക്ടിവിസ്റ്റുകൾ എന്നിവരെ സംഗമത്തിൽ പങ്കെടുപ്പിക്കും. ഇവരിൽനിന്ന് നിർദേശങ്ങൾ സ്വീകരിച്ച് 'അഹിംസ ആക്ടി'ന്റെ കരട് തയ്യാറാക്കുമെന്നും നേതാക്കൾ അറിയിച്ചു.യൂത്ത് ലീഗ് ദേശീയ ട്രഷറർ അൻസാരി മദാർ, ദേശീയ സെക്രട്ടറി സി.കെ. ഷാക്കിർ എന്നിവരും ഡൽഹി ഖാഇദേ മില്ലത്ത് സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Adjust Story Font
16

