സോഷ്യൽമീഡിയയിൽ വീട്ടുവിശേഷവും സ്വർണവും കാണിച്ച് റീലുകൾ ഇട്ടു; ഒടുവിൽ 'ഫോളോവേഴ്സ്' എത്തി എല്ലാം അടിച്ചുമാറ്റി!
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പണവും ആഭരണങ്ങളും പ്രദർശിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മോഷണം നടന്നത്

- Published:
10 Jun 2026 1:23 PM IST

ഭോപ്പാൽ: വീട്ടിലെ ആഡംബരങ്ങൾ കാണിച്ച് 'ഹോം ടൂര്‍' എന്ന പേരിൽ സോഷ്യൽമീഡിയയിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് കഴിഞ്ഞ കുറച്ചു കാലങ്ങളായുള്ള ട്രൻഡാണ്. വീട്ടിലെ ഓരോ മുറിയും പരിചയപ്പെടുത്തിക്കൊണ്ടുള്ള റീലുകൾക്ക് നിരവധി കാഴ്ചക്കാരുമുണ്ടാകും. എന്നാൽ ഇത്തരം വീഡിയോകൾ മോഷ്ടാക്കളെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയാണെന്ന് പലരും മനസിലാക്കുന്നില്ല. മധ്യപ്രദേശിലെ ശിവപുരി സ്വദേശിയായ രചന ഗുർജാർ യൂട്യൂബിൽ പങ്കുവച്ച ഹോം ടൂറിന് പിന്നാലെ അവരുടെ ആജീവനാന്ത സമ്പാദ്യമാണ് മോഷ്ടാക്കൾ കവര്‍ന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പണവും ആഭരണങ്ങളും പ്രദർശിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മോഷണം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശിവപുരിയിലെ മോഹ്‌നി ഗ്രാമത്തിലാണ് രചന താമസിക്കുന്നത്. രചന ഗുർജാർ തന്‍റെ യൂട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാമിലും ആഭരണങ്ങളും പണവും ആഡംബര ജീവിതവും കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോകളും റീലുകളും സ്ഥിരമായി പങ്കുവെച്ചിരുന്നു. ഈ വീഡിയോകൾ കണ്ട് വീടിന്‍റെ ഘടന മനസ്സിലാക്കിയാണ് മോഷ്ടാക്കൾ പ്ലാൻ ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്. വീടിന്‍റെ എൻട്രൻസ് മുതൽ പുറത്തുകടക്കുന്നത് വരെ കവർച്ചക്കാർ എല്ലാം കൃത്യമായി ആസൂത്രണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
രാത്രി രചനയും കുടുംബവും ഉറങ്ങിക്കിടക്കുമ്പോൾ വീടിന്‍റെ മതിൽ വഴി ഏണി വെച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്. സിസിടിവി ക്യാമറകൾ വടികൊണ്ട് മുകളിലേക്ക് തിരിച്ചു വെച്ച ശേഷമാണ് ഇവർ അലമാരകൾ തകർത്തത്. രചനയെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. പണത്തോടൊപ്പം സ്വര്‍ണം, വെള്ളി ആഭരണങ്ങളും മോഷ്ടിച്ചു. മോഷ്ടിച്ച വസ്തുക്കളുടെ ആകെ മൂല്യം 8 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വരുമെന്ന് കണക്കാക്കപ്പെടുന്നു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജീവ് മൂൾ പറഞ്ഞു.വീഡിയോകൾ നിരീക്ഷിച്ച ശേഷം പ്രതികൾ വീട് പ്രത്യേകമായി ലക്ഷ്യം വച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Adjust Story Font
16
