സൊമാറ്റോയിലെ ഫുഡിന് ഇനി ചിലവേറും; ക്യാഷ് ഓണ്‍ ഡെലിവറിയില്‍ അധിക ചാര്‍ജ് ഏര്‍പ്പെടുത്തി കമ്പനി
ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ വില, എത്തിക്കേണ്ട സ്ഥലം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും വില നിശ്ചയിക്കുക

പ്രമുഖ ഫുഡ് ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനമായ സൊമാറ്റോയില്‍ ക്യാഷ് ഓണ്‍ ഡെലിവറി പേയ്‌മെന്റിനൊപ്പം അധികനിരക്ക് ഏര്‍പ്പെടുത്തി കമ്പനി. ഓര്‍ഡര്‍ ബില്ലിന് പുറമെ 'പേ ഓണ്‍ ഡെലിവറി ഫീ' എന്ന പേരിലാണ് പുതിയ ചാര്‍ജ് ഈടാക്കിയിരിക്കുന്നത്. ക്യാഷ് ഓണ്‍ ഡെലിവറി പേയ്‌മെന്റ് നിരക്ക് തെരഞ്ഞെടുക്കുന്നവരിൽ നിന്ന് മാത്രമായിരിക്കും ഈ അധികനിരക്ക് ഈടാക്കുക.
ഏകദേശം അഞ്ച് രൂപയാണ് ഈയിനത്തില്‍ ഈടാക്കുകയെന്നാണ് വിവരം. അതേസമയം, ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വലിപ്പമനുസിച്ച് ഈ ചാര്‍ജില്‍ മാറ്റമുണ്ടായേക്കും. ഭക്ഷണസാധനങ്ങളുടെ വില, എത്തിക്കേണ്ട സ്ഥലം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും വില നിശ്ചയിക്കുക.
രാജ്യത്തെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ വ്യത്യസ്ത ഫീസ് ഘടനകളും വരുമാനമാതൃകകളും പരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സൊമാറ്റോയുടെ ക്യാഷ് ഓണ്‍ ഡെലിവറിയോടൊപ്പമുള്ള അമിത ചാര്‍ജ് വരുന്നത്. ഓണ്‍ലൈനില്‍ പണമടക്കുന്നവര്‍ക്ക് ഈ ചാര്‍ജ് ബാധകമല്ല.
സൊമാറ്റോയുടെ പ്രധാന എതിരാളികളായ സ്വിഗ്ഗി ഇതേവരെയും സമാനമായ ഫീ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഉപഭോക്താക്കളെ നിരാശരാക്കാതെ, കൂടെ നിര്‍ത്താനായി ഈ അവസരത്തെ അവര്‍ ഉപയോഗിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ, സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം ഫീ 12.5 രൂപയില്‍ നിന്ന് 14.9 രൂപയാക്കി കമ്പനി ഉയര്‍ത്തിയിരുന്നു. ഇത് കൂടാതെയാണ് ഏറ്റവുമൊടുവിലെ പുതിയ ഫീയും നിശ്ചയിച്ചിരിക്കുന്നത്.
Adjust Story Font
16

