സുബീൻ ഗാർഗിന്റെ മരണം: അസം ഡിഎസ്പി അറസ്റ്റിൽ
സുബീൻ ഗാർഗിന്റെ ബന്ധുവാണ് അറസ്റ്റിലായ സന്ദിപൻ ഗാർഗ്

Zubeen Garg | Photo | Special Arrangement
ഗുവാഹതി: വിഖ്യാത അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ബന്ധുവും അസം പൊലീസിൽ ഡിഎസ്പിയുമായ സന്ദിപൻ ഗാർഗ് അറസ്റ്റിൽ. സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന അഞ്ചാമത്തെയാളാണ് സന്ദിപൻ ഗാർഗ്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ സന്ദിപൻ ഗാർഗിനെ ഏഴ് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. 14 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എസ്‌ഐടി ആവശ്യപ്പെട്ടിരുന്നത്.
നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന് സിംഗപ്പൂരിൽ എത്തിയപ്പോൾ സെപ്റ്റംബർ 19നാണ് സുബീൻ ഗാർഗ് മരിച്ചത്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മുഖ്യ സംഘാടകൻ ശ്യാംകാനും മഹന്ത, ഗായകന്റെ മാനേജർ സിദ്ധാർഥ് ശർമ, ബാന്റ് അംഗങ്ങളായ ശേഖർ ജ്യോതി ഗോസ്വാമി, അമൃത് പ്രഭ മഹന്ത എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സ്‌കൂബ ഡൈവിങ്ങിനിടെയാണ് ഗായകൻ മരിച്ചതെന്നാണ് ആദ്യം പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ കടലിൽ നീന്തുന്നതിനിടെയാണ് സുബീൻ ഗാർഗ് മരിച്ചതെന്നായിരുന്നു പിന്നീട് വന്ന വിവരം. ഇതോടെയാണ് ഗായകന്റെ മരണം ആസൂത്രിതമായ കൊലപാതകമെന്ന ആരോപണം ഉയർന്നത്.
അഞ്ച് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് സന്ദിപൻ ഗാർഗിനെ അറസ്റ്റ് ചെയ്തത്. വരുംദിവസങ്ങളിൽ സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടാവുമെന്ന് അസം സിഐഡി വിഭാഗം ഡിജിപി മുന്ന ഗുപ്ത പറഞ്ഞു.
Adjust Story Font
16

