മെക്സിക്കോ- അമേരിക്കന്‍ അതിര്‍ത്തിയിലെ അഭയാര്‍ത്ഥി ദുരിതം; ഏഴ് വയസുകാരി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

മെക്സിക്കോ- അമേരിക്കന്‍ അതിര്‍ത്തിയിലെ അഭയാര്‍ത്ഥികളുടെ ദുരിതം തുടരുന്നു. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഏഴ് വയസുകാരി പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അമേരിക്കയിലേക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് അഭയാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധവും ശക്തമായി.
ഡിസംബര്‍ ആറിന് ന്യൂ മെക്സിക്കോയില്‍ നിന്നാണ് മരിച്ച ഗ്വാട്ടിമാലിയന്‍ പെണ്‍കുട്ടിയെയും അച്ഛനെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ ഏജന്റുമാരെ സമീപിക്കുന്നതിനിടെ 163 പേരുള്‍പ്പെടുന്ന സംഘത്തോടൊപ്പമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കടുത്ത പനിയും ഡീ ഹൈഡ്രേഷനും അനുഭവപ്പെട്ട പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ കടുത്ത ദുരിതത്തില്‍ കഴിയുമ്പോഴും നിലപാട് മയപ്പെടുത്താന്‍ യു.എസ് ഭരണകൂടം തയ്യാറായിട്ടില്ല. കനത്ത സുരക്ഷക്കിടയിലും അതിര്‍ത്തി കടക്കാനുള്ള അഭയാര്‍ത്ഥികളുടെ ശ്രമങ്ങളും ശക്തമാണ്. എന്നാല്‍ വിലക്ക് ലംഘിച്ച് കടക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളും കുട്ടികളെയും അമേരിക്കന്‍ ഭരണകൂടം തടയുകയാണ്.
Adjust Story Font
16

