ബ്ലാസ്‌റ്റേഴ്‌സാണ് എല്ലാം; മനസ്സു തുറന്ന് സഹൽ

"ഫൈനലിൽ തോറ്റതിന്റെ നിരാശ ഇപ്പോഴും വിട്ടുപോയിട്ടില്ല"

MediaOne Logo

Web Desk

  • Updated:

    2022-04-10 06:20:19.0

Published:

10 April 2022 6:20 AM GMT

ബ്ലാസ്‌റ്റേഴ്‌സാണ് എല്ലാം; മനസ്സു തുറന്ന് സഹൽ
X

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ ഇതിലും മികച്ച രീതിയിൽ കളിക്കാനാകുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ്. അതിനായുള്ള കഠിനാധ്വാനം തുടരുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കായിക മാധ്യമമായ ദ ബ്രിജിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സഹല്‍. വിദേശത്ത് പരിശീലനത്തിന് പോകുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോടും താരം പ്രതികരിച്ചു.

'ഇതുവരെയുള്ള സീസണുകളിൽ കഴിഞ്ഞതായിരുന്നു ഏറ്റവും മികച്ചത്. നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. കോച്ചും സഹതാരങ്ങളും ഫ്രീയായി കളിക്കാൻ സഹായിച്ചു. അതുകൊണ്ടാണ് നന്നായി കളിക്കാനായത്. അടുത്ത സീസണിൽ ഇതിലും മികച്ച രീതിയിൽ കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. മാറ്റങ്ങളൊന്നുമില്ല. കഠിനാധ്വാനം തുടരുന്നു' - താരം പറഞ്ഞു.

ഫൈനലിൽ തോറ്റതിന്റെ നിരാശ ഇപ്പോഴും വിട്ടുപോയിട്ടില്ലെന്ന് സഹൽ കൂട്ടിച്ചേർത്തു. ബബ്ൾ ജീവിതം ബുദ്ധിമുട്ടേറിയതായിരുന്നു. എന്നാൽ ചെറിയ കളികൾ കളിച്ച് ഞങ്ങൾ ആ ജീവിതം രസകരമാക്കി. ഫൈനലിൽ തോൽക്കുന്നത് ഏതു കളിക്കാരനും ഹൃദയഭേദകമാണ്. അതിൽ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുന്നു- മിഡ്ഫീൽഡർ പറഞ്ഞു.

ഇംഗ്ലീഷ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ബ്ലാക്‌ബേൺ റോവേഴ്‌സിൽ പരിശീലനത്തിന് പോകുന്നുവെന്ന അഭ്യൂഹങ്ങളോട് സഹൽ പ്രതികരിച്ചതിങ്ങനെ; 'കേരള ബ്ലാസ്റ്റേഴ്‌സാണ് എനിക്കെല്ലാം. സന്തോഷ് ട്രോഫിയിൽ നിന്ന് അവരാണ് എന്നെ കണ്ടെത്തിയത്. വലിയ കളിക്കാരനാക്കുന്നതിൽ ക്ലബ് ഏറെ സഹായിച്ചു. വിദേശത്ത് 2-3 ആഴ്ച പരിശീലനം കിട്ടുന്നത് ഗുണകരമാണ്. എന്നാൽ ഇപ്പോഴും ഞാനൊരു ബ്ലാസ്‌റ്റേഴ്‌സ് കളിക്കാരനാണ്.'

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മികച്ച കളിയാണ് സഹൽ പുറത്തെടുത്തിരുന്നത്. 21 കളികളിൽനിന്ന് ആറു ഗോളുകൾ നേടിയ താരം ഒരു അസിസ്റ്റും നൽകി. 2017-18 സീസണിലാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യം ബൂട്ടണിഞ്ഞത്. ആ സീസണിൽ ടൂർണമെന്റിലെ എമർജിങ് പ്ലേയറായി. കഴിഞ്ഞ സീസണിൽ പരിക്കു മൂലം താരത്തിന് അവസാന രണ്ടു കളികൾ നഷ്ടമായി. 2025 വരെ ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള താരത്തിന് പതിവു പോലെ മറ്റു ഐഎസ്എൽ ക്ലബുകളിൽ നിന്നും ഓഫറുകളുണ്ട്.

TAGS :

Next Story