Quantcast

ഒന്‍പത് പേരുടെ ജീവനെടുത്ത പീലാണ്ടി ചട്ടം പഠിച്ച് പുറത്തിറങ്ങി

MediaOne Logo

Sithara

  • Published:

    18 Jun 2018 6:48 AM GMT

ഒന്‍പത് പേരുടെ ജീവനെടുത്ത പീലാണ്ടി ചട്ടം പഠിച്ച് പുറത്തിറങ്ങി
X

ഒന്‍പത് പേരുടെ ജീവനെടുത്ത പീലാണ്ടി ചട്ടം പഠിച്ച് പുറത്തിറങ്ങി

ഒരു വര്‍ഷം മുന്‍പ് വരെ പാലക്കാട് അട്ടപ്പാടി വനമേഖലയില്‍ ജനങ്ങളെ വിറപ്പിച്ച പീലാണ്ടിയെന്ന കരിവീരന്‍ കോടനാട് ആനക്കളരിയില്‍ ചട്ടം പഠിച്ച് പുറത്തിറങ്ങി

ഒരു വര്‍ഷം മുന്‍പ് വരെ പാലക്കാട് അട്ടപ്പാടി വനമേഖലയില്‍ ജനങ്ങളെ വിറപ്പിച്ച പീലാണ്ടിയെന്ന കരിവീരന്‍ കോടനാട് ആനക്കളരിയില്‍ ചട്ടം പഠിച്ച് പുറത്തിറങ്ങി. ഒന്‍പത് പേരുടെ ജീവന്‍ അപഹരിച്ച പീലാണ്ടി പക്ഷെ ചട്ടം പഠിച്ചിറങ്ങുമ്പോള്‍ പേരുമാറ്റി കോടനാട് ചന്ദ്രശേഖരനായി.

അട്ടപ്പാടിയിലെ കാടുകളെ കിടുകിടാ വിറപ്പിച്ചാണ് പീലാണ്ടിയെന്ന കരിവീരന്‍ വാര്‍ത്താപ്രാധാന്യം നേടിയത്. വനമേഖലയിലും നാട്ടിന്‍പുറത്തും ഇറങ്ങി ഒന്‍പത് പേരുടെ ജീവനാണ് ഇവന്‍ കവര്‍ന്നത്. വനപാലകര്‍ എത്ര ശ്രമിച്ചിട്ടും നാട്ടിലിറങ്ങുന്നതും ആളെകൊല്ലുന്നതും തടയാന്‍ കഴിയാതായതോടെ ആനയെ പിടിക്കാന്‍ വനപാലകര്‍ തീരുമാനിച്ചു. തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തില്‍ അട്ടപ്പാടിയില്‍ നിന്നും പിടികൂടിയ പീലാണ്ടിയെ 14ന് കോടനാട് ആനക്കളരിയില്‍ മര്യാദ പഠിപ്പിക്കാന്‍ എത്തിച്ചു.

പൂര്‍ണമായും ബന്ധിച്ച ആനക്കൂട്ടിലായിരുന്നു പീലാണ്ടിയെ പാര്‍പ്പിച്ചത്. ഒരിക്കല്‍ വന്ന കൃഷിയിടത്തില്‍ പിന്നീടൊരിക്കലും പീലാണ്ടി ഇറങ്ങാറില്ലായിരുന്നുവെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ആദ്യമായി കൊന്നത് ആദിവാസിക്കുടിലിലെ പീലാണ്ടിയെന്ന ആളെയായതിനാലാണ് പീലാണ്ടി എന്ന പേര് ഇവന് കിട്ടിയത്. പ്രത്യേക പരിശീലനം ലഭിച്ച പാപ്പാന്‍മാരുടെ നേതൃത്വത്തില്‍ ചട്ടം പഠിച്ച് കൂട്ടില്‍ നിന്നും പുറത്തിറക്കിയ പീലാണ്ടിയെന്ന കോടനാട് ചന്ദ്രശേഖരന്‍ പക്ഷെ ഒരു പ്രകോപനവും ഉണ്ടാക്കിയില്ല.

TAGS :

Next Story