Quantcast

എന്‍.ഡി.എ സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞുവോ? 

വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടില്ലെന്ന നിഗമനം മുന്നണികള്‍ക്ക് ആശങ്കയാകുന്നു.

MediaOne Logo

Web Desk

  • Published:

    6 April 2021 4:03 PM GMT

എന്‍.ഡി.എ സ്ഥാനാര്‍ഥികളില്ലാത്ത മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞുവോ? 
X

കേരള സംസ്ഥാനത്തിന്‍റെ അമരത്ത് ഇനിയാരെത്തണമെന്ന ജനഹിതം വോട്ടായി രേഖപ്പെടുത്തിക്കഴിഞ്ഞു. ആവേശകരമായ വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ 73.4 ശതമാനം പോളിങ് നടന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 77.9 ശതമാനവുമായി കോഴിക്കോടാണ്‌ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ്, 68.09 ശതമാനം.

ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം എന്നിവിടങ്ങളില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതോടെ ബി.ജെ.പി വോട്ടുകള്‍ എങ്ങോട്ടുപോകുമെന്ന ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ സജീവമായിരുന്നു. ബി.ജെ.പി വോട്ടുകൾ ആർക്കെന്നതു സംബന്ധിച്ച് എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം ആരോപണവുമായി രംഗത്തുവരികയും ചെയ്തിരുന്നു.

വോട്ടെടുപ്പ് സമയം അവസാനിക്കുമ്പോള്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ 68.40 ആണ് പോളിങ് ശതമാനം. തലശ്ശേരിയില്‍ 73.49 ശതമാനവും, ദേവികുളത്ത് 67.16 ശതമാനവും പോളിങ് രേഖപ്പെടുത്തി. ഈ മണ്ഡലങ്ങളിലെ പോളിങ് ശതമാനം കുറഞ്ഞത് ബി.ജെ.പി വോട്ടുകള്‍ പോള്‍ ചെയ്യപ്പെടാത്തതിനാലാണെന്ന നിഗമനങ്ങളാണ് ഇതോടെ ഉണ്ടാകുന്നത്. ഇത് മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

സ്ഥാനാര്‍ഥിയില്ലാത്ത സാഹചര്യത്തില്‍ മനഃസാക്ഷി വോട്ടുചെയ്യാനായിരുന്നു തലശ്ശേരിയില്‍ ബി.ജെ.പി നേതൃത്വത്തിന്‍റെ ആഹ്വാനം. സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീര്‍ പിന്തുണ നിരസിച്ചതോടെയായിരുന്നു മനഃസാക്ഷി വോട്ടെന്ന ആശയം ബി.ജെ.പി പ്രചരിപ്പിച്ചത്. നസീറിനെ കൂടാതെ എല്‍.ഡി.എഫ്, യു.ഡിഎഫ്, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളും രണ്ട് സ്വതന്ത്രരുമാണ് തലശ്ശേരിയില്‍ മത്സര രംഗത്തുണ്ടായിരുന്നത്.

ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയെയാണ് ബി.ജെ.പി പിന്തുണച്ചത്. എന്നാൽ ബി.ജെ.പി വോട്ടുകൾ പൂർണ്ണമായും പോൾ ചെയ്തിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബി.ജെ.പിക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ ഇത്തവണ വോട്ടിങ് ശതമാനം കുറഞ്ഞിട്ടുണ്ട്. അതേസമയം, ബി.ജെ.പി വോട്ടുകൾ പൂർണ്ണമായും പോൾ ചെയ്യപ്പെടാത്തത് എല്‍.ഡി.എഫ് ക്യാമ്പിന് ആശ്വാസമായേക്കും.

2016ലെ തെരഞ്ഞെടുപ്പില്‍ ദേവികുളത്ത് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായി മത്സരിച്ച് മൂന്നാം സ്ഥാനത്തെത്തിയ ആര്‍. ധനലക്ഷ്മിയെ എന്‍.ഡി.എ പിന്തുണയ്ക്കാന്‍ തീരുമാനിച്ചെങ്കിലും പത്രിക തള്ളുകയായിരുന്നു. ബി.ജെ.പിയുടെയും അണ്ണാ ഡി.എം.കെയുടെയും പരമ്പരാഗത വോട്ടുകൾ എങ്ങോട്ടുപോയെന്നത് ദേവികുളത്തെയും ആകാംക്ഷയുടെ വക്കില്‍ നിര്‍ത്തുന്നു.

TAGS :

Next Story