Quantcast

കൊല്ലത്ത് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്; മുഖ്യ ഏജന്‍റ് ഹരിത അറസ്റ്റിൽ

പഠനം കഴിഞ്ഞ ശേഷം ലഹരി കച്ചവടത്തിൽ ഇറങ്ങിയ ഹരിത എംഡിഎംഎ കച്ചവടത്തിൻ്റെ മുഖ്യ ഏജൻ്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു

MediaOne Logo

Web Desk

  • Published:

    24 Sept 2025 12:44 PM IST

കൊല്ലത്ത് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്; മുഖ്യ ഏജന്‍റ് ഹരിത അറസ്റ്റിൽ
X

കൊല്ലം: കൊല്ലം നഗരത്തിൽ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഇതോടെ ഈ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം മൂന്നായി. കൊല്ലം ജില്ലയിൽ മാങ്ങാട് വില്ലേജിൽ ശശി മന്ദിരം വീട്ടിൽ ഷാജി മകൾ ഹരിതയാണ്(27) ഇന്നലെ കൊല്ലം വെസ്റ്റ് പൊലീസിൻ്റെ പിടിയിലായത്.

ഒമാനിൽ ഇരുന്ന് എംഡിഎംഎ കച്ചവടത്തിൻ്റെ മുഖ്യ ഏജൻ്റ് ആയി പ്രവർത്തിക്കുകയായിരുന്നു ഹരിത. കഴിഞ്ഞ മാസം 24നാണ് വിപണിയിൽ അഞ്ച് ലഷം രൂപ വില വരുന്ന 75 ഗ്രാം എംഡിഎംഎ യുമായി പുന്തലത്താഴം സ്വദേശി അഖിൽ ശശിധരനെ കൊല്ലം സിറ്റി ഡാൻസാഫും കൊല്ലം വെസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. അഖിലിനെ ചോദ്യം ചെയ്തതിൽ കൊല്ലം നഗരത്തിലെ എംഡിഎംഎ വിതരണത്തിൻ്റെ മുഖ്യ ശൃംഖല ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കിയ സിറ്റി പോലിസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് കൊല്ലം എസിപി എസ്. ഷെരീഫിൻ്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകുകയായിരുന്നു.

നഗരത്തിലെ രണ്ട് വിതരണക്കാർക്ക് നൽകുന്നതിന് വേണ്ടിയാണ് അഖിൽ എംഡിഎംഎ എത്തിച്ചത് എന്ന് മനസ്സിലായ പൊലീസ് എംഡിഎംഎ വാങ്ങുന്നതിനായി അഖിലിനെ കാത്തു നിന്ന കല്ലുന്താഴം സ്വദേശി അവിനാശിനെ അന്ന് വൈകിട്ട് തന്നെ പിടികൂടി. അഖിലിനെ പിടികൂടിയത് അറിഞ്ഞു ഒളിവിൽ പോയ രണ്ടാമത്തെ വിതരണക്കാരായ കൊല്ലം അമ്മച്ചി വീട് സ്വദേശി ശരത്തിനെ എംഡിഎംഎ കച്ചവടം നടത്തുന്നതിനിടയിൽ 12 ഗ്രാം എംഡിഎംഎ യുമായി കൊല്ലം സിറ്റി ഡാൻസാഫ് ടീമും കൊട്ടിയം പോലിസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നും ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹരിതയിലേക്ക് പൊലീസ് എത്തുന്നത്. എഞ്ചിനീയറിങ് ബിരുദധാരിയായ ഹരിതയുടെ മാതാപിതാക്കൾ ഒമാനിലാണ്. മങ്ങാട് അമ്മൂമ്മ കനകമ്മയോടൊപ്പമാണ് താമസം. രണ്ടാം പ്രതി അവിനാഷും ഹരിതയും കോളജിൽ ഒരുമിച്ച് പഠിച്ചവരാണ്.

പഠനം കഴിഞ്ഞ ശേഷം ലഹരി കച്ചവടത്തിൽ ഇറങ്ങിയ ഹരിത എംഡിഎംഎ കച്ചവടത്തിൻ്റെ മുഖ്യ ഏജൻ്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു. ഇതിനിടയിൽ 2024 ഡിസംബറിൽ 2ഗ്രാം എംഡിഎംഎ യുമായി ഹരിതയെയും മൂന്ന് യുവാക്കളെയും എറണാകുളത്ത് ലോഡ്ജിൽ വച്ച് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ് ചെയ്തിരുന്നു. ഇതിൽ 2025 ജനുവരിയിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒമാനിൽ മാതാപിതാക്കളുടെ അടുത്തേക്ക് പോകുകയായിരുന്നു. അവിടെയിരുന്ന് എംഡിഎംഎ കച്ചവടത്തിന്‍റെ ഏജൻ്റായി പ്രവർത്തിക്കുകയായിരുന്നു.

ഹരിതയുടെ അമ്മൂമ്മ കനകമ്മയുടെ അക്കൗണ്ട് ആയിരുന്നു ഹരിത ഉപയോഗിച്ചിരുന്നത്. എംഡിഎംഎ ക്ക് വേണ്ടി അവിനാശും ശരത്തും പൈസ കനകമ്മയുടെ അക്കൗണ്ടിൽ അയച്ച് കൊടുക്കുകയും ഈ പൈസ ഹരിത് എംഡിഎംഎ യുടെ ബാംഗ്ലൂരിലെ മൊത്ത വിതരണക്കാരന് അയച്ചു നൽകുകയും അവിടെ നിന്നും എറണാകുളത്ത് എത്തിക്കുന്ന എംഡിഎംഎ അഖിൽ ശശിധരനെ ഉപയോഗിച്ച് കൊല്ലത്ത് എത്തിക്കുകയും ചെയ്യുന്നതാണ് രീതി. കൊല്ലത്തെ വിതരണക്കാരും മൊത്ത കച്ചവടക്കാരനും തമ്മിൽ ഒരിക്കലും പരസ്പരം അറിയാതിരിക്കാൻ ഹരിത ശ്രദ്ധിച്ചിരുന്നു. പൈസ ഗൂഗിൾ പേ വഴി അയക്കുന്നതും സാധനം എടുക്കേണ്ട ലൊക്കേഷൻ അയച്ചു കൊടുക്കുന്നതും ഹരിതയാണ്.

ഹരിതയുടെ മൊബൈൽ പരിശോധിച്ചതിൽ ലഹരി കച്ചവടം നടത്തിയ നിരവധി വിവരങ്ങൾ പോലിസ് കണ്ടെടുത്തു.ഇടപാടിൻ്റെ മുഖ്യ കണ്ണി ഹരിതയാണെന്നും ആൾ ഗൾഫിൽ ഇരുന്നാണ് ഓപ്പറേറ്റ് ചെയ്യുന്നത് എന്നും മനസ്സിലാക്കിയ പൊലീസ് ഈ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ജയിലിൽ ആയ അവിനാശിനെയും ശരത്തിനെയും ജാമ്യത്തിൽ ഇറക്കാൻ നാട്ടിലെതുമെന്നു മനസ്സിലാക്കിയ പോലിസ് ഹരിതയെ അന്വേഷിച്ചതേയില്ല.

പൊലീസിൻ്റെ കണക്ക് കൂട്ടൽ പോലെ നാട്ടിലെത്തിയ ഹരിതയെ ഇന്നലെ കൊല്ലം ജില്ലാ ജയിലിനു സമീപം വച്ച് കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ആർ. ഫയാസിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ് ചെയ്യുകയായിരുന്നു. പിടിയിലായ അഖിൽ നേരത്തെ നാല് എംഡിഎംഎ കേസുകളിലും അവിനാശ് രണ്ട് കേസുകളിലും പ്രതിയാണ്. എസ്. ഐ അൻസറുദീൻ, സിപിഒമാരായ ശ്രീലാൽ, ദീപു ദാസ്, സലിം, അശാ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിൽ ഈ കേസിൽ കൂടുതൽ അറസ്റ്റ് നടക്കുമെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story