'ചെങ്കൊടി പുതച്ച് കിടക്കാനുള്ള ആഗ്രഹത്തിലാണ് കാത്തിരുന്നത്, തിരിച്ചെടുക്കാന്‍ അയോഗ്യത എന്തായിരുന്നു'; തുറന്ന കത്തുമായി എ. സുരേഷ്
പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് ജീവിതാഭിലാഷമായിരുന്നുവെന്ന് എം.എ ബേബിക്കുള്ള തുറന്ന കത്തില്‍ വിഎസിൻ്റെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് സുരേഷ്

പാലക്കാട്: സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബിക്ക് തുറന്ന കത്തുമായി വിഎസിന്റെ മുന്‍ പേഴ്‌സനല്‍ സ്റ്റാഫ് എ. സുരേഷ്. പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് ജീവിതാഭിലാഷമായിരുന്നുവെന്ന് കത്തില്‍ പറയുന്നു. പുറത്താക്കപ്പെട്ട കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായി. പുറത്താക്കപ്പെട്ട കാലയളവിലും പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചു. ചെങ്കൊടി പുതച്ച് കിടക്കാനുള്ള ആഗ്രഹത്തിലാണ് കാത്തിരുന്നത്. തന്നെ മെമ്പര്‍ഷിപ്പിലേക്ക് തിരിച്ചെടുക്കാനുള്ള അയോഗ്യത എന്തായിരുന്നുവെന്നും കത്തില്‍ ചോദിക്കുന്നു. മാധ്യമങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചോര്‍ത്തിനല്‍കി എന്ന കുറ്റം ചുമത്തിയാണ് 2013ല്‍ സുരേഷിനെ സിപിഎം പുറത്താക്കിയത്. സുരേഷിനെ മലമ്പുഴയില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതിനിടെയാണ് കത്ത്. സുരേഷിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാനാണ് ശ്രമം. ഇതിനായി സുരേഷുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് സുരേഷ് പ്രതികരിച്ചത്.
തന്റേത് ഒരു പാര്‍ട്ടി കുടുംബമാണെന്നും ഓര്‍മ്മവെച്ച നാള്‍ മുതല്‍ വീട്ടില്‍ നടക്കുന്ന യോഗങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നതെന്നും സുരേഷ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നെ സംബന്ധിച്ച് പാര്‍ട്ടി എനിക്ക് ജീവവായുവാണ്. പുറത്താക്കിയതിന് ശേഷം ഞാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ സമീപിച്ച് അപ്പീല്‍ കൊടുത്തു. അദ്ദേഹം അനുഭാവപൂര്‍വ്വം പരിഗണിച്ചിരുന്നു. അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന അനേകം സഖാക്കളില്‍ ഒരാളാണ് ഈയുള്ളവനും. ജില്ലാ സെക്രട്ടറിയെ കാണാന്‍ ആവശ്യപ്പെട്ടു. അന്നത്തെ ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനെ കണ്ടു. പിന്നീട് ഒരു വിവരവും കിട്ടാതായപ്പോള്‍ വീണ്ടും ജില്ലാ സെക്രട്ടറിയെ കണ്ടു. ഒന്നും നടക്കാതെയായപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ സമീപിച്ചു.
കോടിയേരി അസുഖ ബാധിതനായപ്പോള്‍ ആക്ടിങ് സെക്രട്ടറിയായ എ. വിജയരാഘവനെ കണ്ട് അപ്പീല്‍ കൊടുത്തു. അതിന് ശേഷം ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു സഹോദര തുല്യനായത് കൊണ്ട് അദ്ദേഹത്തോട് വിഷയം അവതരിപ്പിച്ചു. അദ്ദേഹം വീണ്ടും ഒരു അപ്പീല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. അതും നല്‍കി. പിന്നീട് പാലക്കാട് ഏരിയ സെക്രട്ടറിയെ കണ്ടു. ഗ്രൂപ്പില്‍ എടുത്തു എന്ന വിവരം കിട്ടി. കാന്‍ഡിഡേറ്റ് അംഗമാക്കുന്ന ഘട്ടത്തില്‍ ഒഴിവാക്കപ്പെട്ടു. പാര്‍ട്ടിയിലേക്ക് തിരിച്ചു വരികയെന്നത് എന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമായിരുന്നു. അതിലൂടെ പാര്‍ട്ടി ചട്ടക്കൂടില്‍ വരികയും മരിക്കുമ്പോള്‍ ചെങ്കൊടി പുതപ്പിനടിയില്‍ കിടക്കണം എന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് ഇത്രയും കാലം ഞാന്‍ കാത്തിരുന്നത്. പുറത്താക്കപ്പെട്ട ഈ കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളും പരിഹാസവും അനുഭവിക്കേണ്ടി വന്നു. പാര്‍ട്ടി പരിപാടികളിലും മറ്റിടങ്ങളിലും ഇതൊക്കെ അനുഭവിച്ചു. ഞാന്‍ ഈ പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കാന്‍ അര്‍ഹനല്ലേ. അതിന് മാത്രം ഞാന്‍ ചെയ്ത തെറ്റെന്താണ്.
നേതൃത്വത്തിലെ ചിലര്‍ അവര്‍ മാത്രം മതി ഈ പാര്‍ട്ടിയില്‍ എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. അത് ഈ പാര്‍ട്ടിക്ക് നല്ലതല്ല. അത് തിരുത്തണം. എന്നോട് ചെയ്തത് പോലെ എത്രയോ പേര്‍ ഇപ്പോഴും പറയാന്‍ മടിച്ച് പുറത്തുണ്ട്. ഒരു ചോദ്യം ഇപ്പോഴുമുണ്ട്. എന്തായിരുന്നു സഖാവേ എന്നെ മെമ്പര്‍ഷിപ്പിലേക് തിരിച്ചെടുക്കാനുള്ള അയോഗ്യത? -ബേബിക്കുള്ള തുറന്ന കത്തില്‍ എ. സുരേഷ് ചോദിക്കുന്നു.
Adjust Story Font
16

