കപ്പലപകടത്തിൽ കേസെടുക്കാൻ വൈകിയതിന് പിന്നിൽ അദാനി പ്രീണനം: രമേശ് ചെന്നിത്തല
കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി മത്സ്യതൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കേരള തീരത്ത് അപകടത്തിൽപ്പെട്ട എംഎൽസി എൽസ എന്ന എന്ന ചരക്കുകപ്പലിന്റെ ഉടമകൾക്കെതിരെ കേസെടുക്കാൻ സർക്കാർ 17 ദിവസം വൈകിയത് അദാനിയെ പ്രീണിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇത്രയും ദിവസം കേസെടുക്കാതെ കള്ളക്കളി നടത്തിയത് എന്തിനാണ് എന്ന് സർക്കാർ വ്യക്തമാക്കണം. കേരളത്തിന് കേസെടുക്കാൻ കഴിയില്ല എന്നുവരെ തുറമുഖമന്ത്രി കളവ് പറഞ്ഞാണ് കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. നിയമത്തിന് അതീതരാണ് അദാനിയും അദാനിക്കു ബന്ധമുള്ളവരും എന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ.
കേരളത്തിന്റെ മത്സ്യസമ്പത്തിനെയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനെയും ബാധിക്കുന്ന പ്രതിസന്ധികളാണ് കേരള തീരത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വല അടക്കമുള്ള സാധനങ്ങൾ കേടുവരുന്ന അവസ്ഥ ഈ അപകടങ്ങൾ മൂലം ഉണ്ടാകുന്നു. സർക്കാർ കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി മത്സ്യതൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Adjust Story Font
16

