രമേശ് ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ല; ഹൈക്കമാൻഡ് തീരുമാനം അന്തിമമെന്ന് അടൂർ പ്രകാശ്
ചെന്നിത്തലയുടേത് സ്വാഭാവിക പ്രതിഷേധം മാത്രമാണെന്നും നേതൃത്വം അദ്ദേഹവുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും അടൂർ പ്രകാശ്

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ അസ്വസ്ഥത വിലപ്പോകില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയുടേത് സ്വാഭാവിക പ്രതിഷേധം മാത്രമാണെന്നും നേതൃത്വം അദ്ദേഹവുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എല്ലാ കീഴ്വഴക്കങ്ങളും പാലിച്ചിട്ടുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
എഐസിസി എടുത്ത തീരുമാനത്തെ യുഡിഎഫ് പൂർണമായും സ്വാഗതം ചെയ്യുന്നു. വി.ഡി സതീശന്റെ നേതൃത്വത്തിൽ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്നു വന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. അത്തരം അസ്വസ്ഥതകൾക്കൊന്നും ഇനി വലിയ പ്രസക്തിയില്ല. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും വരും ദിവസങ്ങളിൽ ഈ പ്രതിഷേധങ്ങൾ കെട്ടടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന വിമർശനം അടൂർ പ്രകാശ് തള്ളി. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കീഴ്വഴക്കങ്ങൾ പാലിച്ചുകൊണ്ട് തന്നെയാണ് അന്തിമ പ്രഖ്യാപനം നടത്തിയത്. എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ ഹൈക്കമാൻഡ് ഗൗരവമായി പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
102 സീറ്റുകൾ നേടിയ യുഡിഎഫിന്റെ ഉജ്ജ്വല വിജയം പ്രവർത്തകരുടെ കൂട്ടായ അധ്വാനത്തിന്റെ ഫലമാണ്. ഈ ഐക്യം ഭരണത്തിലും തുടരുമെന്നും ഘടകകക്ഷികളുടെ സമ്മർദത്തിന് വഴങ്ങിയാണ് തീരുമാനം എടുത്തതെന്ന ആക്ഷേപങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതോടെ പാർട്ടിയിലും മുന്നണിയിലും ഉണ്ടായേക്കാവുന്ന തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Adjust Story Font
16

