മലക്കം മറിഞ്ഞ് അടൂർ പ്രകാശ്; എന്നും അതിജീവിതക്കൊപ്പമെന്ന് വിശദീകരണം
തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന ദോഷം ചെയ്തെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ

പത്തനംതിട്ട: ദിലീപിനെ പിന്തുണച്ചുള്ള പരാമർശത്തിൽ മലക്കം മറിഞ്ഞ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സംപ്രേഷണം ചെയ്തില്ലെന്നും ചില ഭാഗങ്ങൾ മാത്രം കാണിച്ചെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
കെപിസിസി നിർദേശത്തെ തുടർന്നാണ് അടൂർ പ്രകാശ് നിലപാട് മാറ്റിയത്. തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന ദോഷം ചെയ്തെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ . ദിലീപിന് നീതി ലഭിച്ചെന്നും സർക്കാർ അപ്പീൽ നൽകുന്നത് വേറെ പണിയില്ലാത്തത് കൊണ്ടാണെന്നുമായിരുന്നു രാവിലെ അടൂർ പ്രകാശ് പറഞ്ഞത്.
അതിജീവിതക്കൊപ്പം എന്ന് തന്നെയാണ് പറഞ്ഞത്.ജുഡീഷ്യറിയെ തനിക്ക് ചോദ്യം ചെയ്യാനാവില്ല. പ്രോസിക്യൂഷൻ്റെ ഭാഗത്ത് തെറ്റ് വന്നെന്നും ഇനി ഉരുണ്ടു കളിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ബന്ധങ്ങൾ ചിലപ്പോൾ പറഞ്ഞെന്ന് വരും.അപ്പീൽ പോവരുതെന്ന് ആരെയും തടസ്സപ്പെടുത്തിയിട്ടില്ല.ദിലീപിനെ പറ്റി പറഞ്ഞത് വളച്ചൊടിക്കണ്ടേണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
ദിലീപുമായി വളരെക്കാലമായി അടുത്ത ബന്ധമുണ്ടെന്നും നീതി കിട്ടിയതില്‍ വ്യക്തിപരമായി സന്തോഷമുണ്ടെന്നുമായിരുന്നു ഇന്ന് രാവിലെ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്. 'നടി എന്ന നിലയിൽ ആ കുട്ടിയോടൊപ്പമാണ് ഞങ്ങൾ.എന്നാൽ നീ എല്ലാവർക്കും വേണം.ദിലീപ് നീതി ലഭ്യമായി.കലാകാരൻ എന്നതിനേക്കാൾ അപ്പുറം നേരിട്ട് ബന്ധമുണ്ടായിരുന്ന ആളാണ്. ദിലീപിന് കോടതി തന്നെയാണ് നീതി നൽകിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്.വേറെ ഒരു പണിയും ഇല്ലാത്തതിനാൽ സർക്കാർ അപ്പീലിന് പോകും.ആരെയൊക്കെ ഉപദ്രവിക്കാം എന്നാണ് ചിന്തിക്കുന്ന സർക്കാറാണ്.എന്ത് കേസും കെട്ടിച്ചമച്ചുണ്ടാക്കാൻ തയറായി നിൽക്കുന്ന സർക്കാറാണ് ഇവിടെ ഉള്ളത്?'. എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്.
അടൂര്‍ പ്രകാശിന്‍റെ പ്രസ്താവനയെ തള്ളി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. കേസില്‍ സർക്കാർ അപ്പീൽ പോകണമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാടെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു.കേസിൽ പ്രോസിക്യൂഷ്യൻ പരാജയപ്പെട്ടു.അടൂർ പ്രകാശുമായി സംസാരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, നടിയെ അക്രമിച്ച കേസിൽ താൻ അതിജീവിതക്ക് ഒപ്പമെന്ന് ശശി തരൂർ എംപി പറഞ്ഞു.ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്.കോടതിയിലെ ജഡ്ജിയാണ് അവസാന വാക്ക്.യുഡിഎഫ് കൺവീനർ പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കൂവെന്നും ശശി തരൂർ പറഞ്ഞു.
അടൂർ പ്രകാശിന്റെ പരാമർശം വ്യക്തിപരമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സൻ പറഞ്ഞു.യുഡിഎഫിന്റെ ചെയർമാൻ പ്രതിപക്ഷ നേതാവാണ്.നടിയെ ആക്രമിച്ച കേസിൽ അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ടെന്നും എം.എം.ഹസൻ പറഞ്ഞു.
നടിയെ ആക്രമിച്ച് കേസിൽ വിധിക്കെതിരെ സർക്കാർ അപ്പീലിന് പോകണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത്. വന്നത് അവസാനവിധി അല്ലെന്നും സതീശൻ പറഞ്ഞു. അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തെയും വി.ഡി സതീശൻ വിമർശിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വിൽപന ചരക്കാക്കി മാറ്റിയിരിക്കുകയാണെന്നും സോഷ്യൽ മീഡിയ അല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു.
Adjust Story Font
16

